മലയാളം സീരീസിന്റെ ഒടിടി അരങ്ങേറ്റം ഗംഭീരമാക്കി 'കേരള ക്രൈം ഫയല്സ്'; ഇതൊരു മാതൃകയാകട്ടെ

കോവിഡ് കാലത്ത് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ അപ്രമാദിത്തം വര്ധിച്ചതോടെയാണ് വെബ് സീരീസുകളുടെ ജനപ്രീതി മുന്പത്തേക്കാളേറെ വര്ധിച്ചത്, പ്രത്യേകിച്ച് ഇന്ത്യയില്. വിദേശ വെബ് സീരീസുകള്ക്ക് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത കണ്ടുകൊണ്ടു തന്നെയായിരിക്കണം ഹിന്ദിയിലും മറ്റു പ്രദേശിക ഭാഷകളിയിലും ഒരുപാട് പേര് ഈ മേഖലയിലേക്ക് ധൈര്യമായി മുന്നോട്ടു വന്നത്. മലയാളത്തിലേക്ക് വരുമ്പോള് യൂട്യൂബ് എന്ന പ്ലാറ്റ്ഫോമിനെ ആശ്രയിച്ചാണ് ഭൂരിഭാഗവും നിര്മിക്കപ്പെട്ടത്. അതില് ഒട്ടുമുക്കാലും നര്മത്തിന് പ്രധാന്യം നല്കി കൊണ്ടുള്ളവയായിരുന്നു. അതില്നിന്ന് വ്യത്യസ്തമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കേരള ക്രൈം ഫയല്സ് എന്ന ഇന്വെസ്റ്റിഗേഷന് ത്രില്ലര് കഴിഞ്ഞ ദിവസം റിലീസിനെത്തിയത്. ഒടിടി വെബ് സീരീസുകളുടെ ലോകത്തേക്ക് മലയാള ഭാഷയെ അടയാളപ്പെടുത്തുന്നതിന്റെ ആദ്യ ചുവടെന്ന് കേരള ക്രൈം ഫയല്സിനെ വിശേഷിപ്പിക്കാം. ദേശീയ പുരസ്കാര ജേതാവായ രാഹുല് റിജി നായര് നിര്മിച്ച ഈ സീരീസ് വളരെ മികച്ച ഒരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്ക്ക് നല്കുന്നത് എന്നതില് യാതൊരു തര്ക്കവുമില്ല.
ജൂണ്, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അഹമ്മദ് കബീര് ആണ് സീരീസിന്റെ സംവിധായകന്. അദ്ദേഹം ഇതുവരെ ചെയ്തതില് നിന്ന് ഏറെ വ്യത്യസ്തമാണിത്. അജു വര്ഗീസ്, ലാല്, നവാസ് വള്ളിക്കുന്ന്, ഷിന്സ് ഷാന്, സഞ്ജു സനിച്ചന്, റൂത്ത് പി ജോണ്, ദേവകി രാജേന്ദ്രന് തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിലെ ഒരു ലോഡ്ജിലെ ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തോടു കൂടിയാണ് കഥ ആരംഭിക്കുന്നത്. സിഐ കുര്യന്റെ (ലാല്) മേല്നോട്ടത്തില് എസ്ഐ മനോജാണ് (അജു വര്ഗീസ്) കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുന്നത്. ലോഡ്ജിലെ രജിസ്റ്റര് ബുക്കില് നിന്ന് ഷിജു, പാറയില് വീട്, നീണ്ടകര എന്ന സൂചന മാത്രമാണ് പ്രതിയെക്കുറിച്ച് പോലീസിന് ലഭിക്കുന്നത്. എന്നാല് ആ അന്വേഷണം അവസാനിക്കുന്നത് ഒരു വ്യാജ മേല്വിലാസത്തിലാണ്. പ്രതിയെ വളരെ എളുപ്പം പിടിക്കാമെന്ന ആത്മവിശ്വാത്തിലാണ് പോലീസ്. എന്നാല് പോകെ പോകെ കേസ് കൂടുതല് സങ്കീര്ണമാകുന്നു. കയ്യെത്തും ദൂരത്ത് ഉണ്ടായിട്ടും പോലീസിനെ വട്ടം കറക്കുന്ന പ്രതി ആരാണെന്നതാണ് സീരീസിന്റെ ഏറ്റവും വലിയ സസ്പെന്സ് എന്ന് പറയുന്നത്. കുറ്റവാളിയുടെ സുഹൃത്തുകള്, മുന് സഹപ്രവര്ത്തകര്, ബന്ധുക്കള് എന്നിവരിലൂടെ അയാളുടെ ഭൂതകാലത്തിലേക്കും അയാളുടെ സ്വഭാവ സവിശേഷതകളിലേക്കും ശരീരഭാഷയിലേക്കും കടന്നു ചെല്ലുന്നതിലൂടെയാണ് പോലീസ് കേസിന്റെ ചുരുളഴിക്കുന്നത്.
ഒരു കേസിന്റെ അന്വേഷണത്തിന്റെ വേഗത്തില് ഇരയാകുന്ന വ്യക്തിയുടെ സാമൂഹിക പദവി എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കേരള ക്രൈം ഫയല്സ് നമുക്ക് കാണിച്ചുതരുന്നു. ഒരു ലൈംഗികത്തൊഴിലാളി കൊല്ലപ്പെടുമ്പോള് പരാതിപ്പെടാനോ അതിന്റെ സത്യാവസ്ഥ അറിയാനോ ആരും മുന്നോട്ട് വരുന്നില്ലെന്ന വിമര്ശനം കൂടി സീരീസ് മുന്നോട്ട് വയ്ക്കുന്നു. ലൈംഗികത്തൊഴിലാളികളോട് സമൂഹം വച്ചു പുലര്ത്തുന്ന മോശം കാഴ്ചപ്പാടിനെ ചോദ്യം ചെയ്യാന് തിരക്കഥാകൃത്തായ ആഷിക് ഐമറിന് സാധിക്കുന്നു. കേസ് അന്വേഷണത്തിന്റെ തിരക്കില് പോലീസുകാര്ക്ക് വ്യക്തിജീവിതത്തില് ചെയ്യേണ്ടി വരുന്ന വിട്ടുവീഴ്ചകളെയും കേരള ക്രൈം സ്റ്റോറി വ്യക്തമായി അഭിസംബോധന ചെയ്യുന്നു.
ആക്ടർ എന്ന് പറയാന് യോഗ്യതയില്ലാത്ത വ്യക്തിയായിട്ടേ ഞാന് എന്നെ കാണാറുള്ളൂ- അജു വര്ഗീസ്
2010ല് കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അതുകൊണ്ടു അന്നത്തെ കാലത്തെ രാഷ്ട്രീയസാഹചര്യം, സാങ്കേതിക വിദ്യ, ഉപയോഗിച്ചിരുന്ന വസ്തുക്കള് (മൊബൈല് ഫോണ്, ബൈക്ക്) എന്നിവ വീഴ്ചകൂടാതെ അവതരിപ്പിക്കാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് മുപ്പത് മിനിറ്റോളം നീളുന്ന ആറ് എപ്പിഡോസിനെ ഉദ്വേഗഭരിതമാക്കുന്നതില് ജിതിന് സ്റ്റാന്സിലസിന്റെ ഛായാഗ്രഹണവും ഹിഷാം അബ്ദുള് വാഹാബിന്റെ സംഗീതവും വലിയ പങ്കുവഹിച്ചിരിക്കുന്നു. അജു വര്ഗീസിന്റെ അഭിനയ ജീവിതത്തിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് എസ്ഐ മനോജ്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ അഭിനേതാക്കള്ക്കും അവരുടെ വേഷത്തോട് നീതിപുലര്ത്താനായി എന്നതില് സംശയമില്ല.
Content Highlights: Kerala Crime Files, aju varghese, Lal, actors, web series, malayalam, thriller, police story