Dies irae Review | ഇരച്ചുയരുന്ന ഭയം, ഒടുങ്ങാത്ത ക്രോധം; വിസ്മയിപ്പിച്ച് പ്രണവും ഞെട്ടിച്ച് രാഹുലും

റോമൻ കത്തോലിക്കർ മരിച്ചവർക്ക് വേണ്ടി നടത്തുന്ന കുർബാനയിൽ പാടിയിരുന്ന ഒരു ലത്തീന്‍ ഗീതം- 'ഡീയസ് ഈറേ'. ക്രോധത്തിന്റെ ദിനം എന്നര്‍ഥം. ന്യായവിധി ദിനത്തില്‍ ദൈവസിംഹാസനത്തിന് മുന്നിലേക്ക് ആത്മാക്കളെ വിളിച്ചുവരുത്തുകയും അവിടെ നന്മചെയ്തവര്‍ മോചിപ്പിക്കപ്പെടുകയും അല്ലാത്തവര്‍ നിത്യമായ അഗ്നിജ്വാലകളിലേക്ക് എറിയപ്പെടുകയും ചെയ്യുന്നുവെന്ന് സങ്കല്‍പം. 'ഡീയസ് ഈറേ'യ്ക്ക് പല സംഗീതജ്ഞരും അവരുടേതായ ഭാഷ്യങ്ങള്‍ ചമച്ചു. അവരില്‍ മൊസാര്‍ട്ടും വെര്‍ദിയും സ്ട്രാവിന്‍സ്‌കിയുമുണ്ട്. ഇവരില്‍നിന്നെല്ലാം വ്യത്യസ്തമായി 'ഡീയസ് ഈറേ'യെ അവതരിപ്പിച്ചത് ഹെക്ടര്‍ ബെര്‍ലിയോസ് ആയിരുന്നു. സഫലീകരിക്കപ്പെടാതെ പോയ തന്റെ പ്രണയവുമായി ചേര്‍ത്തുവെച്ചായിരുന്നു ഹെക്ടര്‍ ബെര്‍ലിയോസ് തന്റെ 'ഡീയസ് ഈറേ' അവതരിപ്പിച്ചത്. ബെര്‍ലിയോസിന്റെ 'ഡീയസ് ഈറേ'യെ അടിസ്ഥാനപ്പെടുത്തി ഒരു ഹൊറര്‍ സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് രാഹുല്‍ സദാശിവന്‍ ശ്രമിക്കുന്നത്. അതില്‍ സംവിധായകന്‍ പൂര്‍ണ്ണമായും വിജയിക്കുന്നു.
പേരില്‍ തന്നെ കൗതുകങ്ങളുള്ള ചിത്രം. പ്രേക്ഷക- നിരൂപക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തിന് ശേഷം രാഹുല്‍ സദാശിവന്റെ സംവിധാനസംരംഭം. നായകന്‍ പ്രണവ് മോഹന്‍ലാല്‍. എല്ലാത്തിനുമപ്പുറം രാഹുല്‍ തന്റെ പേരുറപ്പിച്ച ഹൊറര്‍ ഴോണറില്‍ വീണ്ടുമൊരുക്കുന്ന ചിത്രം. 'ഡീയസ് ഈറേ'യ്ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. പ്രേക്ഷകന്റെ പ്രതീക്ഷകളോട് നൂറുശതമാനം നീതി പുലര്‍ത്തുന്ന അനുഭവമാണ് ചിത്രം തീയേറ്ററില്‍ സമ്മാനിക്കുന്നത്. റിലീസ് തീയതിക്കുതലേദിവസം തീയേറ്ററുകളില്‍ പെയ്ഡ് പ്രീമിയര്‍ ഷോ നടത്താനും അണിയറപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കിയത് തങ്ങളുടെ ചിത്രത്തിലുള്ള വിശ്വാസം തന്നെയാവണം.
റോഹന്‍ എന്ന ആര്‍ക്കിടെക്ടായാണ് പ്രണവ് മോഹന്‍ലാല്‍ 'ഡീയസ് ഈറേ'യില്‍ എത്തുന്നത്. മധുസൂദനന്‍ പോറ്റിയായി ജിബിന്‍ ഗോപിനാഥുമെത്തുന്നു. ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍, മനോഹരി ജോയ്, സ്വാതി ദാസ് പ്രഭു എന്നിവരടക്കം പ്രധാനവേഷങ്ങളില്‍. ജീവിതമാഘോഷമാക്കിയ റോഹനെ തേടി ഒരു മരണവാര്‍ത്തയെത്തുന്നു. കേവലം സഹപാഠി എന്നതിനപ്പുറം ബന്ധമുണ്ടായിരുന്ന കനിയുടെ ആത്മഹത്യാവാര്‍ത്ത. അവിടെനിന്ന് റോഹന്റെ ജീവിത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജിബിന്‍ ഗോപിനാഥിന്റെ മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രത്തിനൊപ്പം, തന്റെ ജീവിത്തെ കീഴ്‌മേല്‍ മറിച്ച സംഭവങ്ങളെ നേരിടുന്ന റോഹനാണ് ചിത്രത്തിലുള്ളത്. സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ റോഹനെ എത്തിക്കുന്ന ദുരൂഹമായ ഇടങ്ങളിലൂടെ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു.
സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ സേവ്യര്‍. ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈനിങ്ങും എം.ആര്‍. രാജാകൃഷ്ണന്‍ സൗണ്ട് മിക്സിങ്ങും നിര്‍വഹിച്ചു.
പ്രധാനകഥാപാത്രത്തിന്റേതെന്ന പോലെ, പ്രേക്ഷകന്റെ മനസിലും ഒരു ചോദ്യം അവസാനിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. പതിഞ്ഞതാളത്തില്‍ തുടങ്ങുന്ന ചിത്രം, പ്രതീക്ഷിക്കുന്നിടത്തൊന്നും പ്രേക്ഷകനെ ഭയപ്പെടുത്തുന്നില്ല. എന്നാല്‍, പേടിപ്പിക്കുന്നിടത്തെല്ലാം പൂര്‍ണ്ണതയുണ്ടെന്നത് എടുത്തുപറയേണണ്ടതുണ്ട്. സംവിധായകന്‍ ഉദ്ദേശിക്കുന്നിടത്ത്, അയാള്‍ക്കൊപ്പം ഛായാഗ്രാഹകനും സംഗീതസംവിധായകനും ശബ്ദലേഖകരും കലാസംവിധായകനും ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകരെല്ലാം പ്രേക്ഷകനെ ഭീതിപ്പെടുത്താനായി ഒന്നിക്കുന്നു. പതിയേ ആരംഭിച്ച് ഭയം അതിന്റെ മുറുക്കത്തിലേക്ക് എത്തുമ്പോഴേക്ക് ചിത്രം അവസാനിക്കുന്നു. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ചിത്രം പ്രേക്ഷകനെ പൂര്‍ണ്ണമായും സ്‌ക്രീനില്‍ പിടിച്ചിരുത്തുന്നു. ചിത്രം തുടങ്ങി ആദ്യപകുതി അവസാനിക്കുന്നതും, രണ്ടാംപകുതിയില്‍നിന്ന് ചിത്രത്തിന്റെ അവസാനത്തിലേക്കെത്തുന്നതും വളരേ സ്വാഭാവികമായാണ്. പ്രേക്ഷകനെ വാച്ചില്‍ നോക്കാന്‍ അനുവദിക്കാതെ എന്‍ഗേജിങ്ങായി പിടിച്ചിരുത്തുന്നുണ്ട് ചിത്രം.
നായകനായെത്തിയ പ്രണവിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാണ് ജിബിന്‍ ഗോപിനാഥും അവതരിപ്പിക്കുന്നത്. മികച്ച പ്രകടനമാണ് ജിബിന്‍ കാഴ്ചവെക്കുന്നത്. എല്‍സമ്മ എന്ന കഥാപാത്രമായെത്തിയ ജയ കുറുപ്പിന്റെ പ്രകടനവും കൈയടി അര്‍ഹിക്കുന്നു. കിരണ്‍ എന്ന കഥാപാത്രമായി അരുണ്‍ അജികുമാറും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പറഞ്ഞുകേട്ട പേരുകള്‍ ഒന്നുമില്ലെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ഒന്നിലേറെ കാമിയോകള്‍ ചിത്രത്തിലുണ്ട്.
അണിയറപ്രവര്‍ത്തകര്‍ എല്ലാവരും പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. നിശബ്ദതയ്ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ സംഗീതസംവിധായകന്‍ ക്രിസ്‌റ്റോ സേവ്യര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. ടൈറ്റില്‍ കാര്‍ഡുമുതല്‍ ക്രിസ്റ്റോയുടെ സംഗീതം ഊര്‍ന്നിറങ്ങുന്നു. സംഗീതം നിശബ്ദതയേ ഭേദിക്കുന്ന ഇടങ്ങളിലെല്ലാം വാക്കുകള്‍ക്കതീതമായ അനുഭമാണ് ക്രിസ്‌റ്റോ സമ്മാനിക്കുന്നത്. ചിത്രത്തിന്റെ മൂഡ് ആകെ ഒപ്പിയെടുക്കുന്നതാണ് ഷെഹ്നാദിന്റെ ഫ്രെയിമുകള്‍. ചിത്രം പ്രേക്ഷനിലുണ്ടാക്കുന്ന ഭയം പൂര്‍ണ്ണതയിലെത്തിക്കുന്നത് ക്രിസ്റ്റോയും ഷെഹ്നാദും കലാസംവിധായകന്‍ ജ്യോതിഷ് ശങ്കറും മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്‌സ് സേവ്യറും സൗണ്ട് ഡിസൈനര്‍ ജയദേവന്‍ ചക്കാടത്തും എഡിറ്റര്‍ ഷഫീഖ്ക് മുഹമ്മദ് അലിയും ഉള്‍പ്പെടുന്ന സംഘമാണ്. കലൈ കിങ്‌സണാണ് സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സംഘട്ടനം കൈകാര്യംചെയ്യുന്നതില്‍ തനിക്കുള്ള മെയ്‌വഴക്കം പ്രണവ് 'ഡീയസ് ഈറേ'യിലും ആവര്‍ത്തിക്കുന്നുണ്ട്.
പതിയെ തുടങ്ങി സ്ഥിരതയോടെ മുന്നോട്ടുനീങ്ങുന്ന തരത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അപ്രവചനീയമായി അവസാനിക്കുന്ന ആദ്യപകുതിയില്‍നിന്ന് പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്ന രണ്ടാംപകുതി. ഹോളിവുഡ് ലെവലിലുള്ള മേക്കിങ്ങും പേടിപ്പെടുത്തുന്ന സംഭവങ്ങള്‍ക്ക് വിശ്വസനീയമായ ആഖ്യാനവും നല്‍കുന്നതോടെ മികച്ച സിനിമാ അനുഭമാണ് ചിത്രം സമ്മാനിക്കുന്നത്.
Content Highlights: Dies irae Malayalam movie review