ടോക്സിക്കിലെ ഇന്റിമേറ്റ് രംഗങ്ങൾ രാധികയെ അസ്വസ്ഥയാക്കി, പക്ഷേ പിണങ്ങിയില്ല-യഷ്

യഷിന്റെ ഏറ്റവും പുതിയതും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ ചിത്രമാണ് 'ടോക്സിക്'. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ ചില വിവാദങ്ങളും പ്രേക്ഷകർക്കിടയിൽ ഉടലെടുത്തിരിക്കുകയാണ്. ട്രെയിലറിലെ ചില ഇന്റിമേറ്റ് രംഗങ്ങളാണ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്. ഈ പശ്ചാത്തലത്തിൽ ചിത്രത്തിലെ ഇത്തരം രംഗങ്ങളോട് തന്റെ ഭാര്യയും മുൻ നടിയുമായ രാധിക പണ്ഡിറ്റ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് യഷ്.
മറ്റേതൊരു പങ്കാളിയെയുംപോലെ തന്റെ ഭാര്യയും ഇത്തരം രംഗങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് യഷ് തുറന്നു സമ്മതിച്ചു. 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ രജത് ശർമ്മയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം രംഗങ്ങൾ കാണുമ്പോൾ ഏതൊരു പങ്കാളിക്കും അസ്വസ്ഥത തോന്നുക സ്വാഭാവികമാണെന്നും ഇതിൽ ഒളിച്ചുവെക്കേണ്ട കാര്യമില്ലെന്നും യഷ് വ്യക്തമാക്കി. എങ്കിലും തന്റെ കംഫർട്ട് സോണിന് പുറത്തുകടന്ന് അഭിനയിച്ചത് കഥയോടും സിനിമയെന്ന കലയോടും പൂർണ്ണമായി നീതി പുലർത്താനും, അത് എത്രത്തോളം യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം മികച്ചതാക്കാനും വേണ്ടിയാണെന്ന് യഷ് കൂട്ടിച്ചേർത്തു.
സിനിമയെന്നത് ഒരു കലയാണെന്നും അതിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് വളരെ വ്യത്യസ്തമായ ഒന്നാണെന്നും യഷ് വ്യക്തമാക്കി. കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് താൻ കംഫർട്ട് സോൺ വിട്ട് ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ തയ്യാറായത്. ഇത് സിനിമയുടെ ഒരു പ്രധാന ഭാഗമാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ തന്റെ ഭാര്യ ഒട്ടും സന്തോഷവതിയായിരിക്കില്ലെങ്കിലും, അതിനർത്ഥം അവൾക്ക് തന്നോട് പിണക്കമാണെന്നല്ല. തന്റെ ഭാര്യയും ഒരു നടിയായതിനാൽ അവർക്ക് ഇതെല്ലാം മനസ്സിലാകും. താൻ ചെയ്യുന്നത് ജോലിയാണെന്നും രാധിക തന്നെ പൂർണമായി വിശ്വസിക്കുന്നുണ്ടെന്നും യഷ് വ്യക്തമാക്കി.
കെ.ജി.എഫ് 2-ന് (2022) ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞാണ് യഷ് ഈ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നത്. പുതിയ തലമുറയെ ലക്ഷ്യമിട്ട് നിർമിച്ച ഈ ചിത്രം, അവർ മുൻതലമുറകളുമായി ഇടപഴകുമ്പോൾ നേരിടുന്ന ചില പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നുണ്ട്.
ടോക്സിക് ഈ മാസം തിയേറ്ററുകളിലേക്ക്
ഏതാനും ദിവസങ്ങൾക്കുമുൻപാണ് 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ യഷിനെ അവതരിപ്പിച്ചിരിക്കുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യഷ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: KGF star Yash opened up on Aap Ki Adalat about his wife Radhika Pandit's reaction to the intimate scenes in his upcoming film Toxic, stating that while any partner would feel uncomfortable, she trusts him completely as a fellow actor who understands the demands of the craft.