'പ്രിയസുഹൃത്തെന്ന് വെങ്കട്ട് പ്രഭു, ഒരു കുടുംബമെന്ന് ശിവ കാർത്തികേയൻ', ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങൾക്ക് അവസാനം

#മൂവി ഡെസ്ക്
ശിവ കാർത്തികേയൻ, വെങ്കട്ട് പ്രഭു | ഫോട്ടോ: Facebook
ശിവ കാർത്തികേയൻ, വെങ്കട്ട് പ്രഭു | ഫോട്ടോ: Facebook

തങ്ങൾ തമ്മിൽ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങൾക്ക് അറുതിവരുത്തി നടൻ ശിവ കാർത്തികേയനും സംവിധായകൻ വെങ്കട്ട് പ്രഭുവും. വെങ്കട്ട് പ്രഭുവിന്റെ അടുത്ത ചിത്രം വൈകുന്നതിന് കാരണം ആ ചിത്രത്തിലെ നായകനാണെന്ന് വെങ്കട്ട് പ്രഭുവിന്റെ പിതാവും ഗാനരചയിതാവുമായ ഗംഗൈ അമരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ആ നടൻ ശിവ കാർത്തികേയനാണെന്നതരത്തിൽ ചർച്ചകളുയർന്നത്. ഇതിനോടാണ് മറുപടികളുമായി ശിവ കാർത്തികേയനും വെങ്കട്ട് പ്രഭുവും രംഗത്തെത്തിയത്.

"എസ്‌.കെ എനിക്ക് എപ്പോഴും ഒരു പ്രിയപ്പെട്ട കൂട്ടുകാരനാണ്... എൻ്റെ സഹോദരനാണ്. ഒരുപാട് അഭ്യൂഹങ്ങളും വിവാദങ്ങളും ചുറ്റും നടക്കുന്നുണ്ട്. ഒരു അച്ഛൻ എന്ന നിലയിൽ, സ്വന്തം മകൻ ചെയ്യുന്ന ഒരു ചിത്രം വൈകുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന നിരാശ സ്വാഭാവികമാണ്. ഈ വിഷയത്തിന്റെ പൂർണമായ ചിത്രം അദ്ദേഹത്തിന് അറിയില്ലായിരിക്കാം. അതിന് അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല. എൻ്റെ ജോലിയുടെ കാര്യത്തിൽ ഞാൻ വളരെ ശാന്തനായ ഒരു വ്യക്തിയാണ്. അതിലെ പ്രഫഷണൽ കാര്യങ്ങൾ അച്ഛനുൾപ്പെടെ ആരുമായും ഞാൻ വിശദമായി സംസാരിക്കാറില്ല. വിവിധ കാരണങ്ങളാൽ ആ പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. അത്രമാത്രം. ആരോടും ഒരു പരിഭവവുമില്ല.

സമയമാകുമ്പോൾ നല്ലൊരു തിരക്കഥ ഒത്തുവരികയാണെങ്കിൽ, എസ്‌.കെയുമൊത്ത് വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. അതുകൊണ്ട് ദയവായി ഇതിനെല്ലാം ഇവിടെയൊരു പൂർണവിരാമമിടാം. ഞാൻ എൻ്റെ അടുത്ത സിനിമയുടെ തിരക്കുകളിലാണ്. എൻ്റെ സഹോദരന്റെ സെയോൻ എന്ന ചിത്രത്തിന് എൻ്റെ എല്ലാവിധ ആശംസകളും" എന്നാണ് വെങ്കട് പ്രഭു കുറിച്ചത്.

ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശിവ കാർത്തികേയൻ ഇതിനോട് പ്രതികരിച്ചത്. "നമ്മളൊരു കുടുംബമല്ലേ സാർ, ഇതിനൊക്കെ ഇത്ര ഗൗരവമുള്ള മറുപടി തരേണ്ടതുണ്ടോ? നിങ്ങളുടെ ആശംസകൾക്ക് നന്ദി. നിങ്ങളുടെ പുതിയ ചിത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സാർ, ഞാൻ ഇത് മുൻപ് നിങ്ങളോട് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ വീണ്ടും പറയുന്നു - ഞാൻ എന്നും ഒരു വി.പി (VP) ആരാധകനായിരിക്കും. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ്, സാർ." ശിവ കാർത്തികേയൻ കുറിച്ചതിങ്ങനെ.

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വെങ്കട്ട് പ്രഭുവിന്റെ പുതിയ ചിത്രം വൈകുന്നതിനേക്കുറിച്ച് ഗംഗൈ അമരൻ തുറന്നടിച്ചത്. വെങ്കട്ട് പ്രഭുവിന്റെ അടുത്ത ചിത്രം വൈകുന്നതിന് കാരണം അദ്ദേഹം ഒരു പ്രോജക്റ്റിൽ വിശ്വാസമർപ്പിച്ചു എന്നാണെന്ന് ഗംഗൈ അമരൻ പറഞ്ഞു. "ആ സിനിമയിലെ നായകന്റെ പേര് പറയാനോ അദ്ദേഹത്തെ കുറ്റപ്പെടുത്താനോ ഞാൻ തയ്യാറല്ല. ഇതെല്ലാം നിങ്ങൾക്കാവശ്യമുണ്ടോയെന്ന് വെങ്കട്ട് പ്രഭുവിനോട് ഞാൻ ചോദിച്ചതാണ്. ആ നടൻ എത്ര വലിയ ആളാണെങ്കിലും നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ ഇത്രയേറെ ആവശ്യപ്പെടണോയെന്ന് ഞാൻ ചോദിച്ചു. ഇത് നമ്മുടെ കുടുംബത്തിനുതന്നെ നാണക്കേടല്ലേ? അയാൾ നിന്നെ അവഗണിക്കുകയാണെന്നും ഈ ചിത്രം ചെയ്യേണ്ടെന്നും ഞാൻ വെങ്കട്ട് പ്രഭുവിനോട് പറഞ്ഞു." ഗംഗൈ അമരൻ പറഞ്ഞതിങ്ങനെ.

വെങ്കട്ട് പ്രഭു സംവിധാനംചെയ്ത് വിജയ് നായകനായി 2024-ൽ പുറത്തിറങ്ങിയ GOAT എന്ന ചിത്രത്തിൽ ശിവ കാർത്തികേയൻ അതിഥിവേഷത്തിലെത്തിയിരുന്നു.

Content Highlights: Actor Sivakarthikeyan and director Venkat Prabhu dismissed rumors of an alleged rift between them following comments by Gangai Amaran, reaffirming their mutual respect and brotherly bond.