‘ഞാൻ മരിച്ചിട്ടില്ല,സുഖമായിരിക്കുന്നു,ആശങ്കപ്പെടാൻ ഒന്നുമില്ല’; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ നടി വടിവുക്കരസി

താൻ മരിച്ചുപോയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുതിർന്ന തമിഴ് ചലച്ചിത്രനടി വടിവുക്കരസി. പ്രചാരണങ്ങൾക്ക് നേരിട്ട് മറുപടി നൽകിയ താരം, താൻ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്ന് ആരാധകരെയും അഭ്യുദയകാംക്ഷികളേയും അറിയിച്ചു. വടിവുക്കരസിയുടെ ആരോഗ്യനിലയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി അവർ നേരിട്ടെത്തിയത്.
കഴിഞ്ഞദിവസമാണ് വടിവുക്കരസി അന്തരിച്ചതായി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചാരണമുണ്ടായത്. ഈ അഭ്യൂഹങ്ങൾ ആരാധകരിലും സിനിമയിലെ സഹപ്രവർത്തകരിലും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് കാര്യങ്ങളിൽ വ്യക്തതവരുത്തി വടിവുക്കരസിതന്നെ രംഗത്തെത്തുകയായിരുന്നു.
ആശങ്കപ്പെടാൻ യാതൊരു കാരണവുമില്ലെന്ന് വടിവുക്കരസി വ്യക്തമാക്കി. താൻ വളരെ സുഖമായിരിക്കുന്നുവെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും താരം പറഞ്ഞു. വ്യാജവാർത്തകൾമൂലം ഉണ്ടായ അനാവശ്യ ആശങ്കകളിൽ അത്ഭുതം പ്രകടിപ്പിച്ച അവർ, തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു. തന്തി ടിവിയാടായിരുന്നു നടിയുടെ പ്രതികരണം.
തമിഴ് സിനിമകൾക്ക് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുള്ള ചലച്ചിത്ര-ടെലിവിഷൻ നടിയാണ് വടിവുക്കരസി. ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ 350-ലധികം സിനിമകളിലും 40-ലധികം ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
സിനിമയിലെത്തുന്നതിന് മുമ്പ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന അവർ കമൽഹാസൻ നായകനായ സിഗപ്പ് റോജാക്കൾ (Sigappu Rojakkal) എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 'കന്നി പരുവത്തിലെ' (Kanni Paruvathile) എന്ന ചിത്രത്തിലൂടെ നായികയായി. 'മുതൽ മര്യാദൈ', 'പഠിക്കാത്തവൻ', 'അരുണാചലം', 'പടയപ്പ', 'ശിവാജി', 'ജഗമേ തന്തിരം' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.
2000-ത്തിന്റെ തുടക്കത്തിൽ ടെലിവിഷൻ രംഗത്തേക്ക് ചുവടുമാറ്റം നടത്തിയ താരം, 'അലൈകൾ', 'വംശം', 'കുലദൈവം', 'കാർത്തിക ദീപം' തുടങ്ങിയ പരമ്പരകളിലൂടെ തമിഴ് കുടുംബങ്ങളുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറി. അർജുൻ ദാസ്, അന്ന ബെൻ എന്നിവർ പ്രധാനവേഷത്തിലെത്തി ഈ വർഷം പുറത്തിറങ്ങിയ 'കോൺ സിറ്റി' (Con City) എന്ന ചിത്രത്തിലാണ് വടിവുകരസി അവസാനമായി അഭിനയിച്ചത്.
Content Highlights: Veteran Tamil actor Vadivukkarasi personally debunked false death rumors circulating on social media, clarifying in a recent interview that she is completely healthy and doing well.