‘ഞാൻ ആരെയും ചുംബിച്ചിട്ടില്ല, എനിക്കാരും തന്നിട്ടുമില്ല'; ഉദിത് നാരായണിനെ ട്രോളി കുമാർ സാനു

സെൽഫിയെടുക്കാൻ വന്ന ആരാധികമാരുടെ കവിളിലും ചുണ്ടിലും ഗായകൻ ഉദിത് നാരായൺ ചുംബിച്ചത് വലിയ വിവാദമായിരുന്നു. വീഡിയോ ഉൾപ്പെടെ വൈറലായതോടെ ഗായകൻ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. വിശദീകരണവുമായി ഉദിത് നാരായണൻ രംഗത്തെത്തിയിട്ടും വിമർശനങ്ങൾ ഒടുങ്ങിയില്ല. ഇപ്പോഴിതാ ഉദിത് നാരായണിന്റെ ചുംബന വിവാദം പരാമർശിച്ച് 'ട്രോളു'മായി എത്തിയിരിക്കുകയാണ് ഗായകൻ കുമാർ സാനു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തമാശരൂപേണയുള്ള പരാമർശം.
താങ്കളുടെ പാട്ടുകൾക്ക് വലിയ വനിതാ ആരാധകവൃന്ദമുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുമാർ സാനു. ചോദ്യത്തിന് മറുപടി നൽകവെയാണ് ഉദിത് നാരായണിന്റെ പഴയ വിവാദത്തെ പരാമർശിച്ച് കുമാർ സാനു പ്രതികരിച്ചത്. 'എന്നെ ആരും വന്ന് ചുംബിച്ചിട്ടില്ല, ഞാൻ ആരെയും ചുംബിച്ചിട്ടുമില്ല. ഞാൻ ചുംബനം നൽകുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. അത്തരം കാര്യങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല,' എന്നായിരുന്നു തമാശരൂപേണയുള്ള കുമാർ സാനുവിന്റെ വാക്കുകൾ.
തൊണ്ണൂറുകളിൽ ബോളിവുഡ് സംഗീത ലോകത്ത് പരസ്പരം കടുത്ത മത്സരത്തിലായിരുന്നെങ്കിലും നിലവിൽ താനും ഉദിത് നാരായണനും നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അന്ന് പാട്ടുകൾക്കായി മത്സരിച്ചിരുന്നു. ഇന്ന് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ തങ്ങൾക്കിടയിൽ മികച്ച ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഗീത പരിപാടിക്കിടെ സെൽഫിയെടുക്കാൻ എത്തിയ വനിതാ ആരാധകരെ ഉദിത് നാരായണൻ ചുംബിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ വിവാദമുണ്ടായത്. വേദിയിൽ അടുത്തെത്തി സെൽഫിയെടുത്ത ആരാധിക ഉദിത് നാരായണിന്റെ കവിളിൽ ചുംബിക്കാൻ ശ്രമിച്ചു. ഇവരുടെ ചുണ്ടുകളിലായിരുന്നു ഗായകൻ ചുംബനം നൽകിയത്. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി.
തുടർന്ന് ഈ സംഭവത്തിൽ വിശദീകരണവുമായി ഉദിത് നാരായണൻ രംഗത്തെത്തി. ആരാധകരുടെ ആവേശവും സ്‌നേഹപ്രകടനവും മാത്രമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങൾ മാന്യരായ വ്യക്തികളാണ്. സംഭവത്തെ വലിയ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Singer Kumar Sanu lightheartedly poked fun at Udit Narayan regarding his recent viral kissing controversy during a musical concert. The controversy originally erupted after videos surfaced showing Udit Narayan kissing female fans on their lips while taking selfies on stage. Addressing his massive female fanbase in a YouTube interview, Sanu humorously remarked that he has neither kissed anyone nor has anyone kissed him. Kumar Sanu further clarified that despite their fierce rivalry for hit songs back in the 1990s, the two iconic singers share a great friendship today. While Udit Narayan had earlier defended the act as mere fan affection and excitement, Sanu's playful comment has brought the incident back into the spotlight