‘ജനനായകൻ’ നിർമാതാവിന്റെ നിയമനം; വിജയ് സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ, രൂക്ഷവിമർശനം

ചെന്നൈ: ചലച്ചിത്ര നിർമാതാവ് കെ. വെങ്കട നാരായണയെ ഡൽഹിയിൽ തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു. തമിഴ്‌നാട്ടിൽ യോഗ്യരായവർ ഇല്ലാത്തതുകൊണ്ടാണോ കർണാടകയിൽ നിന്നുള്ളയാളെ നിയമിച്ചതെന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു.
ബെംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ മുൻ മേധാവിയും വിജയ് നായകനായ ജനനായകൻ എന്ന സിനിമയുടെ നിർമാതാവുമായ കെ.വി.എന്നിനെ വെള്ളിയാഴ്ചയാണ് കാബിനറ്റ് പദവിയോടെ തമിഴ്‌നാടിന്റെ പ്രതിനിധിയായി നിയമിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കും പദ്ധതികൾക്കുമായി കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണ് പ്രത്യേക പ്രതിനിധിയുടെ ചുമതല.
കർണാടകത്തിലെ കോൺഗ്രസ് മന്ത്രിസഭയുടെ നിഴൽ സർക്കാരാണ് വിജയ് മന്ത്രിസഭയെന്ന് അണ്ണാ ഡി.എം.കെ. കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലുള്ള ആർക്കും യോഗ്യതയില്ലാത്തതുകൊണ്ടാണോ പുറത്തുനിന്നുള്ളയാളെ സംസ്ഥാനത്തിന്റെ പ്രതിനിധിയാക്കിയതെന്ന് ഡി.എം.കെ. നേതാവ് കനിമൊഴി ചോദിച്ചു.
തമിഴ്‌നാടുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾക്ക് എങ്ങനെ തമിഴ്‌നാടിന്റെ പ്രതിനിധിയാവാൻ കഴിയുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ചോദിച്ചു. മേക്കേദാട്ടു അണക്കെട്ടുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുമ്പോൾ കർണാടകത്തിൽനിന്നുള്ളയാളെ തമിഴ്‌നാടിന്റെ പ്രതിനിധിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എൻ.ടി.കെ. നേതാവ് സീമാൻ പറഞ്ഞു. വിജയിന്റെ അവസാന സിനിമയുടെ നിർമാതാവിനുള്ള സമ്മാനമാണ് ഈ നിയമനമെന്ന് എ.എം.എം.കെ. ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ അഭിപ്രായപ്പെട്ടു.
പ്രത്യേക പ്രതിനിധിയുടെ നിയമനം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഏതൊരു ഇന്ത്യൻപൗരനെയും ആ സ്ഥാനത്ത് നിയമിക്കാമെന്നും മന്ത്രി കെ.എ. സെങ്കോട്ടയ്യൻ ന്യായീകരിച്ചു. തിരഞ്ഞെടുപ്പുകഴിഞ്ഞ് സർക്കാർ രൂപവത്കരണത്തിന് അവകാശമുന്നയിക്കാനായി വിജയ് ലോക്ഭവനിൽ എത്തിയപ്പോഴും കെ.വി.എൻ. കൂടെയുണ്ടായിരുന്നു.
Content Highlights: K. Venkata Narayana appointed as Tamil Nadu's special representative in Delhi with cabinet rank. Opposition parties (AIADMK, BJP, NTK, AMMK) criticize the move due to his Karnataka background. Concerns raised regarding the conflict of interest over Mekedatu dam disputes. Critics allege the appointment is a favor for producing actor Vijay's final film. Government defends the appointment as a policy decision involving an Indian citizen