‘ചോദ്യങ്ങൾക്ക് ഉത്തരമില്ല, തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ പ്രതിയാക്കുന്നു’;അമ്മ ട്രഷറർക്കെതിരേ ടിനി ടോം

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ പുതിയ വിവാദങ്ങളിൽ ട്രഷറർ ഉണ്ണി ശിവപാലിനെതിരേ ഗുരുതര ആരോപണവുമായി നടൻ ടിനി ടോം. ഒരു ട്രഷറർ ചെയ്യേണ്ട ജോലികൾ ചെയ്യാതിരിക്കുകയും വേണ്ടാത്ത കാര്യങ്ങൾ ചെയ്യുകയുമാണ് ഉണ്ണി ശിവപാലെന്ന് ടിനി ടോം ആരോപിച്ചു. ഇക്കാര്യങ്ങൾ പലതവണ ചൂണ്ടിക്കാണിക്കുമ്പോൾ അവരെ പ്രതിയാക്കുന്ന സമീപനമാണ് ഉണ്ണിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ജനറൽ സെക്രട്ടറിയായ കുക്കു പരമേശ്വരൻ അറിയാതെ ബലിയാടായി പോയാതാകാമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ടിനി ടോം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
താൻ കഴിഞ്ഞ പത്ത് വർഷമായി അമ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നു. 'അമ്മ' ട്രഷറർ ഉണ്ണി അടുത്ത സുഹൃത്താണ്. എന്നാൽ സംഘടനയിലെ പല ഔദ്യോഗിക രേഖകളിൽ ഒപ്പിടുന്ന കാര്യത്തിൽ പോലും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് തിരുത്തുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപമായി കാണുന്നതാണ് സാഹചര്യം. അക്കൗണ്ട്‌സ് കമ്മിറ്റിയിലെ ജോയ് മാത്യുവും കൈലാഷും പലതവണ കണക്കുകൾ ആവശ്യപ്പെട്ടിട്ടും അവ കൃത്യമായി അവതരിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി. മുൻപ് ഇടവേള ബാബുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഒരു ബൾബ് മാറ്റുന്ന കാര്യത്തിന് പോലും കൃത്യമായ കണക്കുകൾ ഉണ്ടായിരുന്നിടത്ത്, ഇപ്പോൾ പല ചോദ്യങ്ങൾക്കും ഉത്തരമില്ലാത്ത അവസ്ഥയാണ്. ജനറൽ സെക്രട്ടറി ആ പദവിയിൽ പുതിയ ആളാണ്. പ്രവർത്തനങ്ങളിൽ തുടക്കക്കാരുടേതായ പരിമിതികൾ ഉണ്ട്. ഈ സാഹചര്യത്തിൽ അവർ ഒരുപക്ഷേ ഭരണപരമായ തീരുമാനങ്ങളിൽ ഒരു ബലിയാട് ആയി പോയിട്ടുണ്ടാകാം എന്നും ടിനി ടോം അഭിപ്രായപ്പെട്ടു.
കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ അറിയാതെ സ്വയം തീരുമാനങ്ങൾ എടുക്കുന്ന രീതിയാണ് ഇപ്പോൾ ഉണ്ടായത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടിയാണ് ഒരു സ്റ്റാഫിനെ നിയമിക്കുന്നത്. എന്നാൽ പ്രസിഡന്റ് പോലും അറിയാതെ ഒരു സ്റ്റാഫിനെ പിരിച്ചുവിട്ടത് വലിയ തെറ്റാണ്. പിരിച്ചുവിടപ്പെട്ട വ്യക്തി ചെയ്തത് ശരിയാണോ തെറ്റാണോ എന്നതിനേക്കാൾ ആ വ്യക്തിയെ പുറത്താക്കാൻ സ്വീകരിച്ച രീതിയാണ് മോശമായിപ്പോയത്. നിയമവിരുദ്ധമായ ഇത്തരം തീരുമാനങ്ങൾ സംഘടനയ്ക്ക് അകത്തുനിന്ന് നോക്കിയാലും പുറത്തുനിന്ന് നോക്കിയാലും തെറ്റാണ്. അതേസമയം ജോയിന്റ് സെക്രട്ടറി അൻസിബയുടെ രാജിയുടെ കാരണം എന്താണെന്ന് കൃത്യമായി അറിയില്ലെന്നും ടിനി ടോം പറഞ്ഞു.
താര സംഘടനയായ 'അമ്മ'യുടെ ട്രഷറർ ഉണ്ണി ശിവപാൽ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർക്കെതിരേ ഓഫീസ് മാനേജറായിരുന്ന അതുല്യ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഉണ്ണി ശിവപാൽ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അതുല്യയുടെ പരാതി. ട്രഷററിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് ജനറൽ സെക്രട്ടറിയോട് പരാതിപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയും പിന്നാലെ പിരിച്ചു വിടുകയുമായിരുന്നുവെന്നാണ് അതുല്യയുടെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അതുല്യ കൊച്ചി കമ്മിഷണർക്കും ലേബർ ഓഫീസർക്കും പരാതി നൽകി. പിന്നാലെ ജോയിന്റ് സെക്രട്ടറിയായ അൻസിബയുടെ രാജി വാർത്തയും പുറത്തുവന്നു. തുടർന്നാണ് 'അമ്മ'യിലെ ഭാരവാഹികൾക്കിടയിലെ അസ്വാരസ്യങ്ങൾ പരസ്യമാവുന്നത്. ഇതിനെ തുടർന്നാണ് 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോം പ്രതികരിച്ചത്.
Content Highlights: Tini Tom alleges lack of transparency in AMMA's financial reporting. Unni Sivapal accused of ignoring administrative errors and personalizing criticism. Concerns raised over unauthorized termination of staff members. Internal friction grows following accusations by former manager Athulya. Uncertainty remains surrounding Ansiba's recent resignation