ആര് നായികയാകണമെന്ന് തീരുമാനിക്കുന്നത് നായകൻ, മുൻഗണന ഹീറോയുടെ താത്പര്യത്തിന് - താപ്സി പന്നു

ഏതുവിഷയത്തിലും തന്റെ നിലപാടുകൾ വെട്ടിത്തുറന്നുപറയുന്ന നടിയാണ് താപ്സി പന്നു. ഈ സ്വഭാവം കാരണം സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. തന്നോടൊപ്പം പ്രവർത്തിക്കാൻ താത്പര്യമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ ആ വിവരം പലപ്പോഴും താൻ അറിയാറില്ലെന്ന് താപ്സി വ്യക്തമാക്കി. കരിയറിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവർ മനസ് തുറന്നു.
മനസ്സിലുള്ളത് തുറന്നുപറഞ്ഞതിന്റെ പേരിൽ ജോലികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് തനിക്ക് നേരിട്ട് അറിയില്ലെന്ന് താപ്സി പന്നു ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ചിലപ്പോൾ അങ്ങനെ സംഭവിച്ചിട്ടുണ്ടാകും. ആര് നായികയാകണമെന്ന് തീരുമാനിക്കുന്നത് നായകനാണ്. സംവിധായകൻ ഉണ്ടെങ്കിലും ഭൂരിഭാഗം സമയത്തും നായകനാണ് തീരുമാനങ്ങൾ എടുക്കുന്നത്. പക്ഷേ താരപദവിയുള്ള സംവിധായകരുടെ സിനിമയിൽ അവർ തന്നെയാണ് തീരുമാനമെടുക്കുന്നതെന്നും താപ്സി പറഞ്ഞു. ഡങ്കി എന്ന ചിത്രമാണ് അവർ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
"രാജു സർ (രാജ്കുമാർ ഹിറാനി) ഡങ്കി എന്ന സിനിമ ചെയ്യുമ്പോൾ നായികയായി എന്നെ വേണമെന്ന് പറഞ്ഞു. ഞാൻ അത്തരം സിനിമകളിലോ ഷാരൂഖ് സാറിൻ്റെ പതിവ് ജോഡി ആയിട്ടോ വരുന്ന ഒരാളല്ലാത്തതിനാൽ ഇത് പലർക്കും വലിയ ഞെട്ടൽ ഉണ്ടാക്കിയേക്കാം. പക്ഷേ സംവിധായകൻ്റെ തീരുമാനം ഉറച്ചതായിരുന്നതുകൊണ്ട് എനിക്ക് അവസരം ലഭിച്ചു. ഒപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു നടിയാണ് ഞാനെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ എന്നോടൊപ്പം ജോലി ചെയ്ത സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിച്ചിട്ടുണ്ട്. എനിക്കൊപ്പം ജോലി ചെയ്യാത്തവരാണ് അത്തരം പ്രചാരണങ്ങൾക്കുപിന്നിൽ." താപ്സി പറഞ്ഞു.
താൻ അധികം സാമൂഹികമായി ഇടപെടുന്ന വ്യക്തിയല്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾക്ക് പ്രവൃത്തിയിലൂടെ മറുപടി നൽകാനാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ ശരിയായി അറിയാത്തവരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. സിനിമയിലെ ഗ്രൂപ്പിസങ്ങളെക്കുറിച്ചോ മറ്റ് രാഷ്ട്രീയങ്ങളെക്കുറിച്ചോ ചിന്തിക്കാതെ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താപ്‌സി വ്യക്തമാക്കി.
അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസി' (Assi) എന്ന ചിത്രമാണ് താപ്‌സിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. കനി കുസൃതിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ.
Content Highlights: Taapsee Pannu discusses if her outspoken nature has cost her work opportunities in Hindi cinema. She reveals that heroes, not just directors, often influence casting decisions for heroines. Cites her role in 'Dunki' as an example of a director (Rajkumar Hirani) being sure about his casting choice. Addresses the perception of being 'difficult to work with', noting that many directors have chosen to work with her multiple times.