'ഇഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത്ര കഴിക്കരുത്'; മമ്മൂട്ടി നൽകിയ ഉപദേശത്തെക്കുറിച്ച് സൂര്യ

#Movies Desk
സൂര്യ, മമ്മൂട്ടി | ഫോട്ടോ: എ.എഫ്.പി, മാതൃഭൂമി
സൂര്യ, മമ്മൂട്ടി | ഫോട്ടോ: എ.എഫ്.പി, മാതൃഭൂമി

ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയതാരം മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ കാര്യം താൻ പിന്തുടരാറുണ്ടെന്ന് നടൻ സൂര്യ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ ഇക്കാര്യം വെളിപ്പെടുത്തി. വർക്കൗട്ട് രീതിയെയും ഭക്ഷണക്രമത്തേയും കുറിച്ച് ഭാര്യ ജ്യോതികയ്ക്കൊപ്പമുള്ള അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം തുറന്നുപറഞ്ഞത്.

'ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ ഇഷ്ടമുള്ളത്ര അളവിൽ കഴിക്കരുത്' എന്നതായിരുന്നു ഭക്ഷണകാര്യത്തിൽ മമ്മൂട്ടി നൽകിയ ഉപദേശം എന്ന് സൂര്യ വെളിപ്പെടുത്തി. എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ഒരിക്കലും ഒഴിവാക്കരുതെന്നും മമ്മൂട്ടി നിർദേശിച്ചിരുന്നതായി സൂര്യ പറഞ്ഞു.

സിക്‌സ് പാക്ക് ഉണ്ടാക്കുന്നതിൽ മാത്രമല്ല, സമീകൃതമായ ജീവിതരീതിയിലാണ് ആരോഗ്യം അടങ്ങിയിരിക്കുന്നതെന്ന് സൂര്യ പറഞ്ഞു. ഉറക്കം, ഭക്ഷണം, മാനസിക സമ്മർദ്ദം, ജോലി എന്നിവയ്ക്കിടയിൽ കൃത്യമായ സന്തുലനം ആവശ്യമാണ്. അത് എപ്പോഴും ഒരുപോലെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് താനെന്നും താരം കൂട്ടിച്ചേർത്തു. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 തുടങ്ങിയ അടിസ്ഥാന പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സൂര്യ സംസാരിച്ചു.

വർക്കൗട്ടിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും സൂര്യ തുറന്നുപറഞ്ഞു. ഇരുപതുകളിൽ സിക്‌സ് പാക്കും മസിലുകളുമായിരുന്നു ഫിറ്റ്‌നസ് എങ്കിൽ, ഇപ്പോൾ ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റിക്കും മൊബിലിറ്റിക്കുമാണ് പ്രാധാന്യം നൽകുന്നത്. മുമ്പ് നടുവിന് പരിക്കേറ്റതിനാൽ ഭാരമുയർത്തിയുള്ള വ്യായാമങ്ങളും പവർലിഫ്റ്റിങ്ങും ഒഴിവാക്കി ഫങ്ഷണൽ സ്‌ട്രെങ്ത് ട്രെയിനിങ്ങിലും പുൾ-അപ്പുകളിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

Content Highlights: Popular South Indian actor Suriya revealed that he strictly follows a key dietary advice given to him by Malayalam megastar Mammootty. In an interview with The Hollywood Reporter India alongside his wife Jyothika, Suriya shared Mammootty's principle: "Eat whatever you like, but never eat as much as you like." Suriya also highlighted Mammootty's emphasis on getting 8 to 9 hours of essential sleep every day to maintain optimal health. Moving away from his 20s mindset focused purely on six-packs, the actor now prioritizes overall body flexibility, mobility, and essential nutrients like Vitamin D and B12. Following a past back injury, Suriya has shifted his workout routine from heavy powerlifting to functional strength training and pull-ups to maintain long-term wellness.