സൂര്യക്ക് നൽകിയത് എ.ആർ. റഹ്മാന്റെ പേരുള്ള ഫലകം; തമിഴ്നാട് ചലച്ചിത്ര പുരസ്കാര വിതരണത്തിൽ അബദ്ധം

ഏതാനും ദിവസങ്ങൾക്കുമുൻപാണ് 2016 മുതൽ 2022 വരെയുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം വിതരണം ചെയ്ത അവാർഡുകൾ മലയാളി താരങ്ങൾ ഉൾപ്പെടെയുള്ളവർ ഏറ്റുവാങ്ങി. താരസമ്പന്നമായ ചടങ്ങിനിടെ നടന്ന ഒരു അബദ്ധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മികച്ച നടനുള്ള പുരസ്കാരം സൂര്യക്ക് നൽകുന്നതിനിടെയായിരുന്നു ഈ തെറ്റ് സംഭവിച്ചത്.
2020-ൽ പുറത്തിറങ്ങിയ സൂററൈ പോട്ര് എന്നി ചിത്രത്തിലെ പ്രകടനത്തിനാണ് സൂര്യയെ തേടി മികച്ച നടനുള്ള പുരസ്കാരമെത്തിയത്. എന്നാൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സൂര്യക്ക് നൽകിയ ഫലകത്തിലെ പേര് മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട എ.ആർ. റഹ്മാന്റേതായിരുന്നു. വേദിയിൽവെച്ചുതന്നെ സൂര്യ ഇക്കാര്യം ശ്രദ്ധിക്കുകയും സദസിലുണ്ടായിരുന്ന റഹ്മാനോട് ഇത് നിങ്ങൾക്കുള്ളതാണെന്ന് പറയുകയും ചെയ്തു. അവാർഡ് സ്വീകരിച്ച് വേദിയിൽനിന്നിറങ്ങിയ സൂര്യ ഫലകം എ.ആർ. റഹ്മാനെ കാണിച്ച് ചിരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ചടങ്ങിനെ പരിഹസിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. വായിക്കാൻ അറിയുന്ന ആരും അവിടെയില്ലേ എന്ന് ചോദിച്ചവരുമുണ്ട്. തമിഴ്നാട് ഗവൺമെന്റിനെ കളിയാക്കി കൊണ്ടുള്ള ട്രോളുകളും എത്തുന്നുണ്ട്. അതേസമയം ഇത്രയും അവാർഡുകൾ ഒരുമിച്ച് കൊടുക്കുമ്പോൾ അബദ്ധംപറ്റുമെന്ന് പ്രതികരിച്ചവരുമുണ്ട്. സൂര്യക്ക് അഭിനന്ദനങ്ങളുമായും മറ്റുചിലരെത്തി.
മാനഗരം (2016), അരം (2017), പരിയേറും പെരുമാൾ (2018), അസുരൻ (2019) കൂഴങ്കൽ (2020), ജയ്ഭീം (2021), കാർക്കി(2022) എന്നിവയാണ് മികച്ച ചിത്രങ്ങൾ. വിജയ് സേതുപതി, കാർത്തി, ധനുഷ്, പാർഥിപൻ, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് മികച്ച നടന്മാർ.
പുരസ്കാരം നേടിയ നടിമാരിൽ കൂടുതലും മലയാളികളാണ്. കീർത്തി സുരേഷ്, നയൻതാര, ജ്യോതിക, മഞ്ജുവാര്യർ, അപർണ ബാലമുരളി, ലിജോ മോൾ ജോസ്, സായി പല്ലവി എന്നിവർക്കാണ് മികച്ച നടിമാർക്കുള്ള പുരസ്കാരം. മികച്ച സിനിമയ്ക്ക് രണ്ടു ലക്ഷം രൂപയും രണ്ടാമത്തെ സിനിമയ്ക്ക് ഒരു ലക്ഷവുമാണ് പുരസ്കാര തുക.
Content Highlights: Tamil Nadu Film Awards ceremony sees an error as Suriya receives an award plate bearing AR Rahman`s name. See the viral moment and reactions.