ഈ സിംഹത്തെ എനിക്കുവേണം, ഇത് ഞാനിങ്ങെടുക്കുവാ..! 'അമ്മ' മീറ്റിങ്ങിനിടെ സുരേഷ് ഗോപിയുടെ വൈറല്‍ ഡയലോഗ്

'തൃശ്ശൂര്‍ എനിക്കുവേണം, തൃശ്ശൂര്‍ നിങ്ങളെനിക്ക് തരണം, തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുവാ...' എന്ന ഡയലോഗ് കേട്ടവര്‍ ആരും മറന്നിട്ടുണ്ടാകില്ല. തിരഞ്ഞെടുപ്പ് കാലത്ത് നടനും മന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രധാന ഡയലോഗുകളില്‍ ഒന്നായിരുന്നു ഇത്. ഈ ഡയലോഗുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോഴിതാ വീണ്ടും അതേ ഡയലോഗ് ആവര്‍ത്തിച്ചിരിക്കുകയാണ് സുരേഷ് ഗോപി. താരസംഘടനയായ 'അമ്മ' കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നടത്തിയ കുടുംബ സംഗമത്തിലാണ് സുരേഷ് ഗോപി ഈ ഡയലോഗ് വീണ്ടും പ്രയോഗിച്ചത്. പരിപാടിക്കിടെ നടനും ചിത്രകാരനുമായ കോട്ടയം നസീറിന്റെ പുതിയ സംരഭമായ പെയിന്റമിക്കിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിച്ചിരുന്നു.
കോട്ടയം നസീര്‍ വരച്ച ഒരു സിംഹത്തിന്റെ ചിത്രം അനാച്ഛാദനം ചെയ്തായിരുന്നു ഉദ്ഘാടനം. ഈ ചിത്രം കണ്ടതോടെയാണ് സുരേഷ് ഗോപി 'ഇത് എനിക്കുവേണം, ഇത് നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ...' എന്ന ഡയലോഗ് പറഞ്ഞത്. കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യമൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ് പെയ്ന്റമിക്ക്.കോം.
നേരത്തെ താരസംഘടനയായ 'അമ്മ' തിരിച്ചുവരുമെന്ന് സുരേഷ് ഗോപി കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'അമ്മ'യില്‍ പുതിയ കമ്മിറ്റിയുണ്ടാകുമെന്നും അതിനുള്ള തുടക്കമാണ് ഇതെന്നും കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
Content Highlights: suresh gopi thrissur viral dialogue in amma association meeting