സുരാജ് പ്രധാന വേഷത്തിൽ, 'കപ്പേള'യ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു

സുരാജ്, ചിത്രത്തിൻ്റെ പോസ്റ്റർ
സുരാജ്, ചിത്രത്തിൻ്റെ പോസ്റ്റർ

'കപ്പേള'യ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം 2024  ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ആരംഭിക്കും. വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, മാലാ പാർവതി, കനി കുസൃതി, ഹൃദു ഹാറൂൺ, കണ്ണൻ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങൾ ആണ് അവതരിപ്പിക്കുന്നത്.  

കോളേജുകളിൽ നിന്നും വഴിയോരങ്ങളിൽ നിന്നും ചിത്രത്തിലെ കഥാപാത്രങ്ങളുടെ സാദൃശ്യം തോന്നുന്നവരെ നേരിട്ട് ഓഡിഷൻ സെന്ററിൽ ട്രെയിനിങ്ങിന് എത്തിച്ചായിരുന്നു ഓരോ റോളിലേക്കും താരനിർണയം പൂർത്തിയാക്കിയത്. മലയാള സിനിമയിലേക്ക് ഒരു കൂട്ടം യുവാക്കൾക്ക് അവസരം നൽകുക കൂടിയാണ് സംവിധായകൻ മുസ്തഫ ഈ ചിത്രത്തിൽ. 

നിർമ്മാണകമ്പനിയും വിതരണ കമ്പനിയുമായ എച്ച്. ആർ. പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. ഛായാഗ്രഹണം -ഫാസിൽ നാസർ, എഡിറ്റിങ് -ചമൻ ചാക്കോ, സംഗീത സംവിധാനം -മിഥുൻ മുകുന്ദൻ, കലാസംവിധാനം -ശ്രീനു കല്ലേലിൽ, മേക്കപ്പ് -റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം -നിസാർ റഹ്മത്ത്, ആക്ഷൻ -പി.സി. സ്റ്റൻഡ്‌സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -റോണി സക്കറിയ, പ്രൊഡക്ഷൻ കൺട്രോളർ -ജിത്ത് പിരപ്പൻകോട്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബെം​ഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പി.ആർ.ഒ -പ്രതീഷ് ശേഖർ.


 

Content Highlights: Suraj in director muhammad musthafa s movie after kappela