‘അവരുടെ സന്തോഷം നീയായിരുന്നു‘, അന്തരിച്ച സഹോദരന്റെ ഓർമയിൽ സുജിത്ത് വാസുദേവ്

ദുബായ്: ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവിന്റെ സഹോദരൻ രഞ്ജിത്ത് വാസുദേവ് അന്തരിച്ചു. ദുബായിൽ വെച്ചായിരുന്നു അന്ത്യം. സുജിത്ത് വാസുദേവ് സോഷ്യൽ മീഡിയയിലൂടെയാണ് സഹോദരന്റെ മരണവിവരം അറിയിച്ചത്. സഹോദരനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു.
‘സഹോദര ബന്ധത്തിന്റെ അവസാനം. നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു നീ. അമ്മയും അച്ഛനും സന്തോഷത്തോടെ ഇരിക്കാൻ കാരണം തന്നെ നീ ആയിരുന്നു. ഇന്നലെ വരെ അവരെ ഓർത്ത് ഞാൻ വിഷമിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ഞാൻ ആശങ്കയിലാണ്. ഇനി എങ്ങനെ അവരെ സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും നോക്കുമെന്ന് എനിക്കറിയില്ല, സത്യത്തിൽ എനിക്ക് അവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. കാരണം അവരുടെ സന്തോഷം നീ ആയിരുന്നു. ഇനി ഇതൊക്കെ എനിക്ക് പഠിച്ചു തുടങ്ങണം. അവരെ എത്രത്തോളം തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ നിനക്കു വാക്കു തരുന്നു. അവരെ സന്തോഷിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. സഹോദരന് വിട.’, സുജിത്ത് വാസുദേവ് കുറിച്ചു.
താരങ്ങളും സുഹൃത്തുക്കളുമടക്കം നിരവധിപ്പേർ രഞ്ജിത്തിൻ്റെ വിയോഗത്തിൽ അന്ത്യോപചാരം അർപ്പിച്ച് എത്തുകയാണ്. ദുബായിൽ ബിസിനസ് നടത്തുകയായിരുന്നു രഞ്ജിത്ത്.
Content Highlights: sujith vaasudevs brother sajith passed away