അവർക്കെതിരായ ആരോപണം ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളതല്ല, അപ്പോൾ ശ്വേത പറയുന്നവർ ആരാണ്?-മാലാ പാർവതി

മാലാ പാർവതി, ശ്വേതാ മേനോൻ | Photo: Facebook/ Maala Parvathy, Shwetha Menon
മാലാ പാർവതി, ശ്വേതാ മേനോൻ | Photo: Facebook/ Maala Parvathy, Shwetha Menon

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട, 'അമ്മ' സംഘടനയുടെ തലപ്പത്തേക്ക് വരാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച കുറ്റാരോപിതരുടെ പേരുകൾ ശ്വേതാ മേനോൻ പുറത്തുവിടണമെന്ന് മാലാ പാർവതി. പൊതുസമൂഹത്തോടും സംഘടനാംഗങ്ങളോടും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം ശ്വേതാ മേനോനുണ്ടെന്ന് മാലാ പാർവതി അഭിപ്രായപ്പെട്ടു. പൊതുവായി ചർച്ച ചെയ്യപ്പെടുന്ന സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവയല്ലെന്നും അവർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർ തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ശ്വേത സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചിരുന്നു. തന്റെ യുദ്ധം 'പവർഗ്രൂപ്പി'നോടാണെന്നും ശ്വേത അവകാശപ്പെട്ടു.

മാലാ പാർവതിയുടെ കുറിപ്പിന്റെ പൂർണരൂപം:

ശ്രീമതി ശ്വേത മേനോൻ അമ്മ സംഘടനയെ രക്ഷിക്കുകയാണ്, രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, രക്ഷിച്ചിരിക്കും - എന്ന അവകാശവാദമുള്ള കുറിപ്പ് വായിച്ചു.

അതിൽ പറയുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ അവർ ശക്തമായി പോരാടുകയാണെന്നാണ്. നല്ല കാര്യം തന്നെ.

എന്നാൽ എന്റെ സംശയം മറ്റൊന്നാണ്. അമ്മയുടെ 'പ്രസിഡന്റായ' ശ്വേത മേനോൻ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും, അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ ആ 'കുറ്റാരോപിതർ' ആരൊക്കെയാണ്?

എന്റെ അറിവിൽ പൊതുവായി ചർച്ച ചെയ്യപ്പെടുന്ന സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവയല്ല. മാത്രമല്ല, അവർ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ബോഡി നിയോഗിച്ച സമിതിയിലും അവർ അംഗങ്ങളല്ല.

അപ്പോൾ ശ്വേത മേനോൻ പരാമർശിക്കുന്നവർ ആരാണ്?

അങ്ങനെയൊരു പ്രസ്താവന നടത്തിയ സാഹചര്യത്തിൽ, അത് പൊതുസമൂഹത്തോടും സംഘടനാംഗങ്ങളോടും വ്യക്തമായി വിശദീകരിക്കാനുള്ള ഉത്തരവാദിത്വം അമ്മയുടെ പ്രസിഡന്റിനുണ്ട്. പേരുകൾ വ്യക്തമാക്കണം. അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ അനാവശ്യ സംശയങ്ങളും തെറ്റിദ്ധാരണകളും മാത്രമേ സൃഷ്ടിക്കൂ.

പിന്നാലെ പങ്കുവെച്ച മറ്റൊരു കുറിപ്പ്:

ഇതാണ് താങ്കളുടെ കമന്റിന് മറുപടി.

ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് വസ്തുതകളല്ല, അസത്യങ്ങളാണ്.

ഞാൻ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ല. വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു.

ഞാൻ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു FIR രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല. അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ FIR റദ്ദാക്കാൻ ഞാൻ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്.

പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു.

അതുകൊണ്ട് 'ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത്' എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്.

പിന്നെ, 'Hope you will not delete it' എന്ന് എഴുതിയല്ലോ.

ഞാൻ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്യുന്നത് അവ എനിക്ക് അസൗകര്യമുണ്ടാക്കുന്നതുകൊണ്ടല്ല; അസഭ്യവും അപകീർത്തികരവും നിയമവിരുദ്ധവുമായ ഉള്ളടക്കം മാത്രമാണ് നീക്കം ചെയ്യാറുള്ളത്. വസ്തുതകൾക്കും മാന്യമായ അഭിപ്രായവ്യത്യാസങ്ങൾക്കും എന്റെ പേജിൽ എപ്പോഴും ഇടമുണ്ട്.

Content Highlights: Actor Mala Parvathy has publicly asked AMMA president Shwetha Menon to reveal the names of the Hema Committee accused allegedly trying to seize power in the organization. She clarified that prominent accused members like Siddique, Baburaj, and Edavela Babu are not mentioned in the Hema Committee report and have already opted out of leadership roles. Mala Parvathy urged Shwetha to give a clear explanation to the public and association members to avoid unnecessary misunderstandings and confusion. Responding to personal allegations, she clarified that her testimony before the Hema Committee was structural and academic rather than a personal complaint. She also cleared the air regarding her Supreme Court move, explaining it was intended to protect a victim's consent rather than to shield any accused individuals