പിഷാരടി ഉൾപ്പെടെ അംഗീകരിച്ച അഴിമതി ആരോപണം ചർച്ചയാവുന്നില്ല, എന്റെ യുദ്ധം പവർ ഗ്രൂപ്പിനെതിരെ-ശ്വേത

കൊച്ചി: താരസംഘടന 'അമ്മ'യിലെ വിവാദങ്ങളിൽ വീണ്ടും പരസ്യപ്രതികരണവുമായി പ്രസിഡന്റ് ശ്വേതാ മേനോൻ. സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതർ തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് നടി ആരോപിച്ചു. തന്റെ യുദ്ധം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്ന 'പവർ ഗ്രൂപ്പി'നോടാണെന്നും ശ്വേത സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
'പരസ്യപ്രതികരണങ്ങൾ മനഃപൂർവം ഒഴിവാക്കിയിരുന്നു. ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി എന്നെ വ്യക്തിപരമായി അപമാനിക്കാനും യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിലാണ് ഒരിക്കൽ കൂടി ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടിവരുന്നത്', എന്ന മുഖവുരയോടെയാണ് ശ്വേത വിശദീകരണം പങ്കുവെച്ചത്.
'എന്റെ യുദ്ധം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. കഴിഞ്ഞ വാർഷിക ജനറൽ ബോഡി യോഗത്തിൽ അവർ എന്നെ അപമാനിച്ചു പുറത്താക്കാൻ ശ്രമിച്ചു. അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാൻ എന്നും ചേർത്തുപിടിച്ചിട്ടുണ്ട്. അത് ഒരിക്കലും മാധ്യമശ്രദ്ധ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല', ശ്വേത കുറിച്ചു.
'അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ അതിന് മറുപടി പറയുന്നതിനു പകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ മറച്ചുവെച്ച് എന്നെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്', അവർ ആരോപിച്ചു.
'ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി. ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്', ശ്വേത കുറ്റപ്പെടുത്തി.
'അമ്മയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചാരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന. മലയാളികൾ കലാകാരന്മാരെ സ്‌നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്. പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന 'അഴിമതി ആരോപണങ്ങൾ' പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും 'അമ്മ'യുടെ തലപ്പത്ത് വരില്ല. അതുറപ്പാക്കാൻ ഞാൻ ഏതറ്റം വരെയും പോവും', നടി വ്യക്തമാക്കി.
'എന്നെ ഭയപ്പെടുത്താൻ കഴിയില്ല, നിശ്ശബ്ദയാക്കാൻ കഴിയില്ല. ഞാൻ കീഴടങ്ങില്ല, പിന്മാറില്ല. സത്യം കേൾക്കപ്പെടണം, 'അമ്മ' ഇതിലും മികച്ചത് അർഹിക്കുന്നുണ്ട്', ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
തന്നെ 'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത് സംഘടനയിലെ പവർഗ്രൂപ്പ് ആണെന്ന ആരോപണം ശ്വേത നേരത്തെ ഉന്നയിച്ചിരുന്നു. മോഹൻലാലിന് 'അമ്മ' പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നത് പവർഗ്രൂപ്പ് കാരണമാണ്. ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ പവർഗ്രൂപ്പിനെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല. അവരെ 'അമ്മ' അംഗങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാനാണ് തന്റെ പോരാട്ടമെന്നും നടി മുമ്പ് പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചിരുന്നു.
Content Highlights: Shweta Menon, President of the actors' association AMMA, lashed out against a alleged 'power group' within the organization for trying to defame her personally. She stated that those accused in the Justice Hema Committee report are using certain members to divert attention from core issues like financial irregularities. Denying rumors about her political affiliations and financial gains, she questioned the logic behind false claims regarding her receiving funds from the ruling national party. Shweta Menon urged critics not to divide the organization on the lines of politics, religion, or communalism, emphasizing that the public loves artists beyond such barriers. She firmly declared that she will not be silenced or defeated and will go to any extent to ensure accused individuals do not regain power in AMMA