'നിവിൻ ചേട്ടാ ഇതൊക്കെ അറിയുന്നുണ്ടോ'; 'സർവ്വം മായ' ഹൗസ്ഫുൾ ബോർഡിന് മുന്നിൽ 'ഡെലൂലു'

'പാച്ചുവും അത്ഭുതവിളക്കും' എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനംചെയ്ത ചിത്രമാണ് 'സർവ്വം മായ'. ഹൊറർ- കോമഡി- ഫാന്റസി ഗണത്തിൽപ്പെടുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിവിൻ പോളി- അജു വർഗീസ് കോംബോയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിൽ 'ഡെലൂലു' എന്ന കഥാപാത്രമായെത്തിയ റിയ ഷിബുവിന്റെ പ്രകടനം പ്രശംസനേടുന്നുണ്ട്. ഇപ്പോഴിതാ റിയയുടെ ഒരു വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം റിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ എറണാകുളത്തെ വിവിധ തിയേറ്ററുകളിൽ എത്തിയിരുന്നു. കാണികളുമായി സംവദിക്കാനെത്തിയ താരം എറണാകുളം കവിത തിയേറ്ററിന് പുറത്തെ ബോർഡ് കണ്ട് അത്ഭുതപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഹൗസ് ഫുൾ ബോർഡ് കണ്ട റിയ, തൊട്ടടുത്തുള്ള 'സർവ്വം മായ' പോസ്റ്ററിലെ നിവിൻ പോളിയേ നോക്കി, 'നിവിൻ ചേട്ടാ ഇതൊക്കെ അറിയുന്നുണ്ടോ', എന്ന് ചോദിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.
'കുടയൊക്കെ എറിഞ്ഞ് ഇരിക്കുകയാണ്. അറിഞ്ഞോ, ഹൗസ് ഫുൾ, ഹൗസ് ഫുൾ. എങ്ങനെയുണ്ട്, ഹാപ്പിയല്ലേ? ഹാപ്പിയാണ്, കണ്ടില്ലേ നിവിൻ ചേട്ടൻ ഹാപ്പിയാണ്. ഞാനും ഹാപ്പിയാണ്', എന്ന് പോസ്റ്ററിൽ ചിരിച്ചുനിൽക്കുന്ന നിവിൻ പോളിയെ നോക്കി നടി പറഞ്ഞു.
നിർമാതാവ് ഷിബു തമീൻസിന്റെ മകളാണ് 20-കാരിയായ റിയ. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', 'മുറ', 'മേനേ പ്യാർ കിയ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഹൃദു ഹാറൂണിന്റെ സഹോദരിയുമാണ്. 'തഗ്‌സ്', 'മുറ', വിക്രത്തിന്റെ തമിഴ് ചിത്രം 'വീര ധീര ശൂരൻ' എന്നീ ചിത്രങ്ങളുടെ നിർമാതാവുകൂടിയാണ് റിയ. 19-ാം വയസ്സിലാണ് റിയ ആദ്യചിത്രം നിർമിച്ചത്.
Content Highlights: "Sarvam Maya" Actress Reacts to Houseful Board