വ്യാജ ബിക്കിനി ചിത്രങ്ങൾ; സൈബർ സെല്ലിൽ പരാതി നൽകി രുക്മിണി വസന്ത്

വ്യാജ ബിക്കിനി ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ പരാതി നൽകി നടി രുക്മിണി വസന്ത്. തന്റെ പേരിൽ പ്രചരിച്ച ചിത്രങ്ങൾ നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്ന് നടി പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടു.
'പരാതി നൽകി. സൈബർ ക്രൈം വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വിശ്വാസമുണ്ട്. നടിമാർ മാത്രമല്ല ഇത്തരം പ്രചാരണങ്ങൾക്ക് ഇരയാവുന്നത്. ഒട്ടേറെ പെൺകുട്ടികളും സ്ത്രീകളും ഇരയാവുന്നുണ്ട്. അത് തെറ്റാണ്. ഒരിക്കലും അത് അംഗീകരിക്കാൻ കഴിയില്ല', പരാതി നൽകിയ ശേഷം നടി വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ഒരു സ്വിമ്മിംഗ് പൂളിൽ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. നടി രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം. ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ടിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഈ ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാൽ, ഇവ പൂർണ്ണമായും വ്യാജമാണെന്നും താനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും രുക്മിണി വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഡീപ്‌ഫേക്ക് വീഡിയോക്കെതിരെ നടി രംഗത്തെത്തിയത്. തന്റേതെന്ന പേരിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പൂർണ്ണമായും വ്യാജവും കൃത്രിമമായി നിർമ്മിച്ചതുമാണ് എന്ന് താരം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും അതിൽ ഇടപഴകുന്നതിൽ നിന്നും വിട്ടുനിൽക്കാൻ അവർ ആരാധകരോട് അഭ്യർഥിച്ചു.
Content Highlights: Actress Rukmini Vasanth officially reported AI-manipulated images to the cyber cell. The viral images were falsely claimed to be a professional photoshoot. Rukmini emphasized that these deepfakes affect many women, not just celebrities. The actress urged fans to stop sharing or engaging with the fake content