പാട്ടിൽ തുടങ്ങി വരയിലൂടെ മമ്മൂട്ടിയുടെയും രജനികാന്തിന്റെയും മനം കവര്‍ന്ന കലാകാരന്‍

രവീന്ദ്രനാഥ്, രവീണ, ശ്രീജ രവി
രവീന്ദ്രനാഥ്, രവീണ, ശ്രീജ രവി

ചെന്നൈ : വരയും അഭിനയവും ഡബ്ബിങ്ങും വഴങ്ങുമെന്ന് തെളിയിച്ച പാലയാട് രവി എന്ന രവീന്ദ്രനാഥിന്റെ തുടക്കം പാട്ടിലൂടെയായിരുന്നു. പിന്നണി ഗായകനാകാനായിരുന്നു മദിരാശിയിലെത്തിയത്. എന്നാൽ വിധി അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമൊക്കെയാക്കി. നല്ലൊരു ചിത്രകാരൻ കൂടിയായിരുന്ന രവി വരയിലൂടെ രജനീകാന്തിന്റെയും മമ്മൂട്ടിയുടെയും വരെ മനം കവർന്നു.

കഴിവുകൾ ഏറെയുണ്ടായിട്ടും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ രവിയുണ്ടായിരുന്നില്ല. എന്നാൽ ഒരു പരിഭവവുമില്ലാതെ ഒരോ വേഷവും ആടിത്തീർത്ത് കളമൊഴിയുകയായിരുന്നു. സഹോദരിയും പ്രശസ്ത പിന്നണിഗായികയുമായിരുന്ന പാലയാട് യശോദയ്ക്കൊപ്പം വിദേശങ്ങളിലടക്കം സംഗീത പരിപാടികളിൽ പങ്കെടുത്തിരുന്നു. സിനിമകളിലും സീരിയലുകളിലും ചെറിയവേഷങ്ങളിൽ അഭിനയിച്ചു. ഇതിനിടെ ഡബ്ബിങ്ങും ചെയ്തു. ഡബ്ബിങ് സ്റ്റുഡിയോകളിൽവെച്ചാണ് ശ്രീജയെ പരിചയപ്പെട്ടതും അടുപ്പം പ്രണയമായി മാറിയതും. വിവാഹം നിശ്ചയിച്ച സമയത്ത് ശ്രീജയുടെ ശരീരത്തിന്റെ ഒരുവശത്ത് തളർച്ച അനുഭവപ്പെടുന്ന രോഗം ബാധിച്ചു. പിന്നീട് രോഗം ഭേദമായി അധികംവൈകാതെ വിവാഹം നടന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രീജയുടെ വളർച്ചയിൽ ഉറച്ചപിന്തുണയുമായി രവിയുണ്ടായിരുന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായി ശ്രദ്ധേയയായ മകൾ രവീണയുടെ വിജയത്തിനുപിന്നിലും അച്ഛന് നിർണായക പങ്കുണ്ടായിരുന്നു.

ചിത്രരചനയിൽ അതീവതാത്പര്യം പ്രകടിപ്പിച്ച രവി വരച്ച ഭഗവാൻ ശിവന്റെ ചിത്രം തമിഴിലെ സൂപ്പർതാരം രജനീകാന്തിന് ഇഷ്ടമായി. അത് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ചിത്രംവരച്ച് അദ്ദേഹത്തിനുതന്നെ നൽകി. മമ്മൂട്ടിയുടെ വീട്ടിൽ അതിപ്പോഴുമുണ്ട്. മലയാളികൂട്ടായ്മകളുടെ പരിപാടികളിൽ പാട്ടുപാടി ചെന്നൈ മലയാളികളുടെയും മനംകവർന്നു. സൗമ്യമായി മാത്രം ഇടപെടുന്ന രവിയെക്കുറിച്ച് എല്ലാവർക്കും പറയാനുള്ളത് നല്ലതുമാത്രം. ഒരു സഹോദരനെപ്പോലെ സഹപ്രവർത്തകരെ സ്നേഹിച്ചയാളാണ് രവിയെന്ന് 20 വർഷമായി അദ്ദേഹത്തെ അടുത്തറിയുന്ന സഹസംവിധായകൻ കൈലാഷ് പറയുന്നു. ആരെയും ഒരു തരത്തിലും വേദനിപ്പിക്കാൻ തയ്യാറാകാത്ത വ്യക്തിയുമായിരുന്നു. ശ്രീജയുമായി ചേർന്ന് മകളുടെപേരിൽ ആരംഭിച്ച രവീണ ക്രിയേഷൻസ് നല്ലരീതിയിൽ പ്രവർത്തിക്കുമ്പോഴാണ് അപ്രതീക്ഷിതമായ വിയോഗം.

ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ ഭർത്താവ് രവീന്ദ്രനാഥ് അന്തരിച്ചു.

Content Highlights: Raveendranath singer artist demise, Sreeja Ravi, Raveena 

Content Highlights: