'സത്യം' കണ്ടതുമുതൽ തുടങ്ങിയ ഇഷ്ടമാണ്, ഒപ്പംനിന്ന് ഫോട്ടോയെടുക്കണമെന്ന് ശ്യാം; മറുപടിയുമായി പൃഥ്വി

പൃഥ്വിരാജ്, ശ്യാം മോഹൻ | ഫോട്ടോ:  www.facebook.com/Poffactio/photos_by, www.facebook.com/shyam.mohanm
പൃഥ്വിരാജ്, ശ്യാം മോഹൻ | ഫോട്ടോ: www.facebook.com/Poffactio/photos_by, www.facebook.com/shyam.mohanm

വെബ്സീരീസുകളിലൂടെയും പ്രേമലു എന്ന ചിത്രത്തിലൂടെയും ജനപ്രീതിയാർജിച്ച നടനാണ് ശ്യാം മോഹൻ. കഴിഞ്ഞദിവസം ആടുജീവിതം എന്ന ചിത്രം കണ്ടശേഷം പൃഥ്വിരാജിന് സന്ദേശം അയച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. സന്ദേശത്തിന് പൃഥ്വിരാജ് നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ടും ശ്യാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

താൻ ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ പൃഥ്വിരാജിന്റെ സത്യം ആയിരുന്നുവെന്നും എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ഒരുമിച്ചൊരു പടമെടുക്കണം എന്ന് ആഗ്രഹമുണ്ടെന്നും ശ്യാം മോഹൻ പൃഥ്വിരാജിനോട് പറഞ്ഞു. ഇതിന് ആടുജീവിതം ഇഷ്ടപ്പെട്ടു എന്നുപറഞ്ഞതിനു നന്ദി. പ്രേമലു വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ എന്നാണ് പൃഥ്വിരാജ് നൽകിയ മറുപടി.

‘‘ചേട്ടാ ഞാൻ പ്രേമലു സിനിമയിൽ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ശ്യാം ആണ്.  ഈ മെസേജ് ചേട്ടൻ കാണുമോ എന്ന് എനിക്കറിയില്ല.  ഞാൻ ആദ്യമായി ഒറ്റയ്ക്ക് തിയേറ്ററിൽ പോയി കണ്ട പടം രാജുവേട്ടന്റെ ‘സത്യം’ ആണ്. അന്നു മുതൽ ഉള്ള ഇഷ്ടം ആണ്.  ഇന്ന് ആടുജീവിതം കണ്ടപ്പോൾ എനിക്കത് ഒരു വ്യക്തിപരമായി എന്റെ വിജയമായി തോന്നി. നിങ്ങളുടെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു. എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ട്.  സ്നേഹത്തോടെ ശ്യാം.’’–ശ്യാം പൃഥ്വിരാജിനയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു.  

‘‘ശ്യാം, പ്രേമലുവിന്റെ വലിയ വിജയത്തിന് അഭിനന്ദനങ്ങൾ. ആടുജീവിതം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിൽ സന്തോഷം.  എപ്പോഴെങ്കിലും ശ്യാമിനെ നേരിട്ട് കാണാം എന്ന് കരുതുന്നു‘‘  എന്നാണ് പൃഥ്വിരാജ് മറുപടി സന്ദേശത്തിൽ കുറിച്ചത്. ചേട്ടൻ മറുപടി തന്നതിന് ഒരുപാട് നന്ദിയുണ്ടെന്നും നേരിട്ട് കാണുന്ന നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും ആടുജീവിതത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.’’ എന്നായിരുന്നു ശ്യാം ഈ വാക്കുകളോട് പ്രതികരിച്ചത്.

മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയ പണംവാരിപ്പടങ്ങളിൽ ഒന്നാണ് പ്രേമലു. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രം ഇതുവരെ 135 കോടിയിലേറെയാണ് ബോക്സോഫീസിൽനിന്ന് സ്വന്തമാക്കിയത്. നസ്ലിൻ, മമിതാ ബൈജു എന്നിവർക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലായിരുന്നു ശ്യാം എത്തിയത്. ശ്യാം അവതരിപ്പിച്ച ആദി എന്ന കഥാപാത്രത്തിന്റെ ജസ്റ്റ് കിഡിങ് ജെ കെ എന്ന ഡയലോഗ് ഹിറ്റായിരുന്നു. ചിത്രം പിന്നീട് തമിഴിലും തെലുങ്കിലും മൊഴിമാറിയെത്തി മികച്ച അഭിപ്രായം സ്വന്തമാക്കി. അതേസമയം ആടുജീവിതവും വലിയ പ്രേക്ഷകപിന്തുണയാണ് നേടിക്കൊണ്ടിരിക്കുന്നത്.

Content Highlights: premalu actor shyam mohan chat with prithviraj sukumaran