'പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു'; ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

അൻസിബ ഹസ്സനുപിന്നാലെ നടൻ ടിനി ടോമിനെതിരെ അമ്മ സംഘടനയ്ക്ക് പരാതി നൽകി നടി നീനാ കുറുപ്പ്. ടിനി ടോം പരസ്യമായി അശ്ലീലം പറയുകയും അസഭ്യവാക്കുകൾ വിളിച്ചുവെന്നുമാണ് പരാതി. അമ്മയുടെ കുടുംബ സംഗമത്തിന്റെ സമയത്തായിരുന്നു സംഭവം നടന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അമ്മ സംഘടനയുടെ കുടുംബസംഗമം നടന്നത്. ഈ സംഭവത്തെക്കുറിച്ച് സംഘടനയ്ക്കുള്ളിൽ നീന കുറുപ്പ് അവതരിപ്പിച്ചു. പിന്നീട് മേയ് മാസം ആദ്യ വാരത്തിലാണ് ഔദ്യോഗിക പരാതിയായി നൽകുന്നത്. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അൻസിബയും നീന കുറുപ്പും ഒരേ വ്യക്തിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തനിക്കെതിരെ ടിനി ടോം ഉന്നയിച്ച പരാമർശങ്ങൾ നീന കുറുപ്പാണ് തന്നോട് പറഞ്ഞതെന്ന് അൻസിബ നേരത്തേ വ്യക്തമാക്കിയിരുന്നു. അൻസിബയുടെ പരാതിയിൽ പ്രത്യേക സമിതിയെവെച്ച് അന്വേഷണമില്ല എന്നാണ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ കഴിഞ്ഞദിവസം അറിയിച്ചത്.
മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്. തനിക്കെതിരേ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തി. വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. ടിനി ടോമിന്റെ ഡ്രൈവറെയും മറ്റൊരു പ്രൊഡക്‌ഷൻ കൺട്രോളറുടെ മകനെയും മറ്റും താൻ മതംമാറ്റാൻ ശ്രമംനടത്തിയെന്ന് ആരോപിച്ച് ടിനി ടോം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും അവർ പറഞ്ഞു.
തന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പറഞ്ഞു. ഈ വിഷയത്തിൽ ‘അമ്മ’യുടെ കമ്മിറ്റി തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അൻസിബയുടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് അറിയില്ല. സംഘടനയ്ക്കുള്ളിൽത്തന്നെ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 21-നാണ് അൻസിബ ഹസൻ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളുമാണ് രാജിക്ക് കാരണമെന്നായിരുന്നു വിശദീകരണം.
Content Highlights: In a major escalation of internal strife within the actors' association AMMA, veteran actress Neena Kurup has filed an official complaint against executive committee member Tiny Tom.