'ഒരച്ഛന്റെ ഹൃദയം നിറയാൻ ഇതിൽക്കൂടുതൽ എന്തുവേണം'; വിസ്മയയെക്കുറിച്ച് മോഹൻലാൽ

മകൾ വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തിലും തുടക്കം എന്ന ചിത്രത്തിന് കിട്ടുന്ന മികച്ച പ്രതികരണത്തിലും സന്തോഷം പ്രകടിപ്പിച്ച് മോഹൻലാൽ. ഒരച്ഛന് ഇതിൽ കൂടുതൽ എന്തുവേണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടക്കം സിനിമയുടെ പുതിയ പോസ്റ്ററിനൊപ്പമായിരുന്നു കുറിപ്പ്.
"ഒരച്ഛന്റെ ഹൃദയം നിറയാൻ ഇതിൽക്കൂടുതൽ എന്തുവേണം. 'തുടക്ക'ത്തിലൂടെ വിസ്മയ തന്റെ യാത്ര തുടങ്ങുന്നത് കാണാനും, നിങ്ങൾ അവൾക്ക് നൽകിയ സ്നേഹം കാണാനും കഴിഞ്ഞത് അനുഗ്രഹമാണ്.
കുഞ്ഞായിരുന്ന കാലം മുതലേ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ആശിഷ് ജോ ആന്റണി അവളോടൊപ്പം ഈ മനോഹരമായ യാത്ര പങ്കിടുന്നത് കാണുമ്പോൾ എൻ്റെ ഹൃദയം അതിയായ സന്തോഷത്താൽ നിറയുന്നു. അവർ ഇരുവർക്കും ഇത്രയധികം സ്നേഹത്തോടെ ഇടം നൽകിയതിന് നന്ദി." മോഹൻലാൽ എഴുതി.
കഴിഞ്ഞദിവസമാണ് വിസ്മയ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം റിലീസ് ചെയ്തത്. ജൂഡ് ആന്റണി ജോസഫാണ് ചിത്രം സംവിധാനംചെയ്തത്. 2018 എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ വിൻസന്റും ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്‌സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. ഛായാഗ്രഹണം അഖിൽ ജോർജും ജോമോൻ ടി. ജോണും നിർവഹിക്കുന്നു. സുദീപ് എളമൺ ആണ് അഡീഷണൽ സിനിമറ്റോഗ്രഫി.
Content Highlights: Actor Mohanlal shared an emotional post expressing his gratitude and joy over the overwhelming audience love for his daughter Vismaya's debut film Thudakkam, directed by Jude Anthany Joseph.