‘എന്താ ചോദിക്കാത്തത് എന്ന് ആലോചിക്കുകയായിരുന്നു’;‘അമ്മ’ തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തോട് മമ്മൂട്ടി

#Movies Desk
രാഷ്ട്രപതി ഭവനിലെ പദ്മ പുരസ്കാരദാനച്ചടങ്ങിൽ മമ്മൂട്ടി | Photo: PTI
രാഷ്ട്രപതി ഭവനിലെ പദ്മ പുരസ്കാരദാനച്ചടങ്ങിൽ മമ്മൂട്ടി | Photo: PTI

ന്യൂഡൽഹി: താരസംഘടന 'അമ്മ'യിലെ തർക്കങ്ങളിൽ വ്യക്തമായ പ്രതികരണത്തിന് മുതിരാതെ നടൻ മമ്മൂട്ടി. ‘അമ്മ’യിലേത് ചെറിയ കാര്യങ്ങളാണെന്നും എല്ലാം തീരുമാനമായിക്കോളുമെന്നും ഡൽഹിയിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ചെന്നൈയിലേക്ക് തിരിക്കും മുൻപ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പത്മഭൂഷൺ ഏറ്റുവാങ്ങുന്നത് കാണാൻ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നില്ലേ’ എന്ന ചോദ്യത്തിന്, ‘എന്ത് ആകാംക്ഷ നേരത്തേ പ്രഖ്യാപിച്ചതല്ലേ’, എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പ്രധാനമന്ത്രിയെ കണ്ടു. ഡൽഹിയിൽനിന്ന് നേരെ ചെന്നൈയിലേക്കാണ്. ധനുഷിനൊപ്പമുള്ള ചിത്രത്തിന്റെ ചിത്രീകരണത്തിൽ തിരികെ ചേരുമെന്നും മമ്മൂട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.

തുടർന്നാണ് 'അമ്മ'യിലെ തർക്കത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കാൻ ഒരുങ്ങിയത്. ഉടൻ തന്നെ 'അതു ചോദിക്കാത്തത് എന്താണെന്നാണ് ഞാൻ ആലോചിക്കുന്നത്', എന്ന് മറുപടി വന്നു. 'അത് നടക്കട്ടെ, ഒരു തീരുമാനം ആയിക്കോളും, കുഴപ്പമില്ല', എന്ന കുറഞ്ഞ വാക്കുകളിൽ വിവാദങ്ങളോടുള്ള പ്രതികരണം ഒതുക്കി.

‘എല്ലാം കാത്തിരുന്ന് കാണാം എന്നാണോ’, എന്ന ചോദ്യത്തോട്, 'എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റൂ. അടുത്ത നിമിഷം നമ്മുടെ കൈയിൽ അല്ലല്ലോ', എന്നായിരുന്നു മറുചോദ്യം. 'എല്ലാ പ്രശ്‌നവും ശരിയാവണമല്ലോ, ശരിയായിക്കോളും. ചെറിയ ചെറിയ കാര്യങ്ങളല്ലേ', എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇതുതന്നെ അധികമായി' എന്ന് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്ന എം.പി. ജോൺ ബ്രിട്ടാസ് ഇടപെട്ടു പറഞ്ഞു.

Content Highlights: Megastar Mammootty downplayed the ongoing controversies within the actors' association 'AMMA', terming them as minor issues that will be resolved soon. He made these remarks during a media interaction in Delhi after officially receiving the prestigious Padma Bhushan award