മമിതയെ നായികയായി വേണ്ടെന്ന് അന്ന് ആ നടനും നിർമാതാവും പറഞ്ഞു, ഇന്നവർ ഖേദിക്കുന്നുണ്ടാകും -കമൽ

#മൂവി ഡെസ്ക്
കമൽ, മമിത ബൈജു | ഫോട്ടോ: അഭിലാഷ് എസ്. നായർ\ മാതൃഭൂമി, Facebook
കമൽ, മമിത ബൈജു | ഫോട്ടോ: അഭിലാഷ് എസ്. നായർ\ മാതൃഭൂമി, Facebook

മമിത ബൈജുവിനെ നായികയാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ നായകനും നിർമാതാവും സമ്മതിക്കാതിരുന്നതിനാൽ ആ പ്രോജക്ട് നടക്കാതെ പോയെന്നും വെളിപ്പെടുത്തി സംവിധായകൻ കമൽ. മമിത ഭാവിയിൽ വലിയ നായികയായി മാറുമെന്ന കാര്യം തനിക്ക് അന്നേ ഉറപ്പായിരുന്നു. ഇക്കാര്യം ആ നായകനും നിർമാതാവിനും മനസ്സിലാകാതെ പോയതാണ് ആ സിനിമ മുടങ്ങിപ്പോകാൻ കാരണം. ഇന്ന് മമിത പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുകയാണ്. ഇപ്പോൾ ആ നിർമാതാവിന് മമിതയെ വച്ച് ആ സിനിമ ചെയ്യാമായിരുന്നുവെന്ന് തോന്നുന്നുണ്ടാവുമെന്നും കമൽ വ്യക്തമാക്കി.

പുതിയ തലമുറയിൽപ്പെട്ടവരിൽ തനിക്ക് വളരെ ഇഷ്ടപ്പെട്ട താരമാണ് മമിതയെന്ന് കമൽ പറഞ്ഞു. അതിപ്പോഴല്ല ആ ഇഷ്ടം ഉണ്ടാകുന്നത്. തന്റെ നടക്കാതെ പോയ ഒരു സിനിമയുണ്ട്. അത് നടക്കണമെന്ന് ആഗ്രഹിച്ചിട്ട് ഈ അടുത്ത കാലത്ത് വേറെ ചില കാരണങ്ങൾ കൊണ്ട് മാറിപ്പോയതാണ്. അന്ന് മമിത അഭിനയിച്ച ‘ഖോ ഖോ’ കണ്ട് ആ പടത്തിലെ മമിതയുടെ ക്യാരക്ടർ ഭയങ്കരായി ഇഷ്ടപ്പെട്ടിരുന്നു. അസലായിട്ട് ചെയ്തിട്ടുണ്ട് ആ കുട്ടിയെന്ന് പോർട്രെയൽസ് ബൈ ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിൽ കമൽ വെളിപ്പെടുത്തി. ‘ഖോ ഖോ’ കണ്ടിട്ടാണ് മമിതയെ നായികയായിഅഭിനയിപ്പിക്കണം എന്ന് വിചാരിക്കുന്നത്. ഇക്കാര്യം നായകനോടും നിർമാതാവിനോടും പറഞ്ഞെങ്കിലും പുതുമുഖമായിട്ടുള്ള നായിക പോരാ, കുറച്ചുകൂടി വലിയ നായിക വേണമെന്നാണ് അവർ പറഞ്ഞതെന്നും കമൽ കൂട്ടിച്ചേർത്തു.

Also Read: സൂപ്പർതാരങ്ങളുടെ നായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ, മമിതയെന്ന ഭാഗ്യതാരം | Frame House | Podcast

"ഈ കുട്ടി നാളെ ഭാവിയിൽ വലിയൊരു നായികയാവും നിങ്ങൾ നോക്കിക്കോ എന്ന് ഞാൻ അവരോട് പറയുകയും ചെയ്തു. അതിനുശേഷമാണ് ഞാൻ ‘സൂപ്പർ ശരണ്യ’ കാണുന്നത്. എനിക്ക് മമിതയെ തന്നെ നായികയായി മതിയെന്നുള്ള രീതിയിൽ പ്രൊഡ്യൂസറുടെ അടുത്ത് വീണ്ടും പറഞ്ഞു. നമുക്ക് നായകനെ കൊണ്ട് കൺവിൻസ് ചെയ്യിക്കാം എന്ന് അദ്ദേഹം പറയുകയും ചെയ്തു. അങ്ങനെ ഞാൻ മമിതയെ വിളിച്ച് കാര്യം പറഞ്ഞു. പ്രൊഡക്‌ഷൻ സൈഡിൽ നിന്നും അവരെ വിളിച്ചു. ഞാൻ മമിതയോട് ക്യാരക്ടറിനെ കുറിച്ച് പറയുകയും അവർക്കും അവരുടെ അമ്മയ്ക്കും ഈ കഥാപാത്രം ഇഷ്ടമാകുകയും ചെയ്തു.

വേറെ ഒന്ന് രണ്ട് നായികമാരുടെ അടുത്ത് പറഞ്ഞിട്ട് അവർക്ക് വർക്കായില്ല. കുറച്ച് നെഗറ്റീവ് ഷേഡ് ഒക്കെയുള്ള ഒരു കഥാപാത്രമാണ്. പക്ഷേ ഈ കുട്ടിക്ക് അത് ഭയങ്കരമായി വർക്കാവുകയും ഭയങ്കര കൗതുകത്തോടുകൂടി കേൾക്കുകയുമായിരുന്നു. ഞാൻ കഥ പറയുമ്പോഴും നറേറ്റ് ചെയ്യുമ്പോഴും അവരുടെ മുഖത്തെ എക്സ്പ്രഷൻ എനിക്കിപ്പോഴും ഓർമ്മയുണ്ട്. നിങ്ങളെ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് പറയുകയും ചെയ്തു.

അങ്ങനെ പറഞ്ഞ് പിരിയുകയും ഡേറ്റ് ഒക്കെ നേരത്തെ പറയണമെന്ന് അവരുടെ അമ്മ പറയുകയും ചെയ്തു. അതിനുശേഷം വീണ്ടും നായകനും പ്രൊഡ്യൂസറും, അവർ പോരാ വലിയ നായിക വേണമെന്ന് പറഞ്ഞ് ഇവരെ വേണ്ടെന്ന് വയ്ക്കുകയുമായിരുന്നു. എനിക്ക് ഭയങ്കര വിഷമം തോന്നി. കാരണം എന്റെ ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ആനി അടക്കമുള്ള പുതുമുഖങ്ങളെ നമ്മൾ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ എന്റെ സിനിമയിൽ ഒരു നിർമാതാവോ പ്രത്യേകിച്ച് നടനോ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല. എന്തുകൊണ്ടോ ഈ കുട്ടിയെ അവർക്ക് മനസ്സിലായില്ല." കമൽ പറഞ്ഞു.

ഈ സംഭവം നടന്ന് നാലുമാസം കഴിഞ്ഞപ്പോൾ പ്രേമലു റിലീസ് ചെയ്ത് വൻ ഹിറ്റായെന്നും അതുവഴി മമിത പ്രശസ്തിയുടെ ഉന്നതിയിലെത്തിയെന്നും കമൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ ആ പ്രൊഡ്യൂസർക്ക് മമിതയെ വച്ച് ആ സിനിമ ചെയ്യാമായിരുന്നുവെന്ന് തോന്നുന്നുണ്ടാവും. ഈ സിനിമയിൽ നായകനെക്കാളും പ്രാധാന്യം നായികയ്ക്കായിരുന്നു . നായകന് ചെറിയ റോളാണ് ആ സിനിമയിലുള്ളത്. സ്ക്രീൻ സ്പേസും ക്യാരക്ടർ നോക്കുമ്പോഴും നായികയ്ക്ക് വളരെ പ്രാധാന്യമുള്ള സിനിമയായിരുന്നു. തന്റെ തന്നെ തിരക്കഥയായ ആ ചിത്രം ചെയ്യണമെന്ന് ഇപ്പോഴും അതിയായ ആഗ്രഹമുണ്ടെന്നും കമൽ കൂട്ടിച്ചേർത്തു.

Content Highlights: Director Kamal revealed his desire to cast Mamitha Baiju as the lead in a film, but the project was shelved due to the lead actor and producer's disapproval. He admired her performance in 'Kho Kho' and wanted her as the lead, but the team preferred a more established actress.