മോഹൻലാലും നിവിൻ പോളിയും ഉണ്ണി മുകുന്ദനും; ക്രിസ്മസ് ആഘോഷമാക്കാൻ ഈ ചിത്രങ്ങൾ

ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ഒരുപിടി ചിത്രങ്ങളാണ് വ്യാഴാഴ്ച തീയേറ്ററിലെത്തുന്നത്. മോഹൻലാലും നിവിൻ പോളിയും ഉണ്ണി മുകുന്ദനും ഷെയ്ൻ നിഗവും ഉൾപ്പെടെയുള്ള മലയാളത്തിന്റെ പ്രിയ താരങ്ങളുടെ ചിത്രങ്ങൾ മലയാളികൾക്ക് ആഘോഷത്തിന് പൂർണത നൽകാൻ എത്തുന്നു.
'വൃഷഭ'യുമായി മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി നന്ദ കിഷോർ കന്നഡയിൽ ഒരുക്കിയ പാൻ- ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. തെലുങ്കിലും മലയാളത്തിലുമായി ഒരേസമയം ചിത്രീകരിച്ച 'വൃഷഭ' മറ്റ് ഇന്ത്യൻ ഭാഷകളിലും ബിഗ്‌സ്‌ക്രീനിൽ കാണാം. തെലുങ്ക് നടൻ റോഷൻ മേക്ക ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷനായ കപൂർ, സഹറ എസ് ഖാൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നിവിൻ പോളി-അഖിൽ സത്യൻ കൂട്ടുകെട്ടിൽ 'സർവ്വം മായ'
അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രമാണ് 'സർവ്വം മായ'. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്കുണ്ട്. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
'മിണ്ടിയും പറഞ്ഞും' ഉണ്ണി മുകുന്ദൻ
'ലൂക്ക'ക്ക് ശേഷം അരുൺ ബോസ് സംവിധാനംചെയ്യുന്ന പ്രണയ ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സനൽ- ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'മിണ്ടിയും പറഞ്ഞും' ചിത്രത്തിനുണ്ട്.
വിവാദങ്ങൾക്കൊടുവിൽ 'ഹാൽ'
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രമാണ് 'ഹാൽ'. സംഗീതത്തിന് പ്രാധാന്യം നൽകിയെത്തുന്ന ചിത്രം സെൻസർ ബോർഡിന്റെ നിലപാടുമായി ബന്ധപ്പെട്ട് കോടതി കയറിയിരുന്നു. ഒരു റാപ്പറുടെ ജീവിതമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലറിൽനിന്ന് വ്യക്തമാവുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.
കാമ്പസ് പശ്ചാത്തലത്തിൽ 'ആഘോഷം'
കാമ്പസ് പശ്ചാത്തലമായി അമൽ കെ. ജോബി സംവിധാനം ചെയ്ത ചിത്രമാമ് 'ആഘോഷം'. 'ലൈഫ് ഈസ് ഓൾ എബൗട്ട് സെലിബ്രേഷൻസ്' എന്ന ടാഗ്ലൈനോടെയാണ് ചിത്രമെത്തുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ആഘോഷത്തിലൂടെ കാമ്പസിലെത്തുന്നു. പവി കെയർ ടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് നായിക. വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്‌സ് ജോസ്,ജോണി ആന്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്,ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസ്സി കെ ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെയ്‌സ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
തെലുങ്ക് ചിത്രവുമായി അനശ്വര രാജൻ
അനശ്വര രാജന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ചാമ്പ്യൻ. പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചിത്രം പിരീഡ് സ്‌പോർട്‌സ് ഡ്രാമ ഗണത്തിൽപ്പെടുന്നതാണ്. റോഷൻ ആണ് നായകൻ.
Content Highlights: Christmas Box Office Bonanza: Mohanlal, Nivin Pauly, and Unni Mukundan Lead Festive Releases