സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പടിയിറക്കം

#Movies Desk
മധുപാല്‍
മധുപാല്‍

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ. സംസ്ഥാനത്ത് ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി. കഴിഞ്ഞ നാലുവർഷ കാലയളവിൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.

ക്ഷേമനിധി ബോർഡിൽനിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ വർധിപ്പിച്ച് 1600 ആക്കി മാറ്റാനുള്ള സർക്കാർ ഉത്തരവ് നേടാൻ കഴിഞ്ഞിരുന്നു. ഏപ്രിലിൽ 4600 പേർക്ക് 5000 രൂപ വീതം പെൻഷനും 375 പേർക്ക് 1600 രൂപ വീതം കുടുംബപെൻഷനും നാലുപേർക്ക് അവശതാ പെൻഷനും വിതരണം ചെയ്തിട്ടുണ്ട്. മറ്റ് ധനസഹായങ്ങളും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വിവാഹധനസഹായം 25,000 രൂപയിൽനിന്ന് 50,000 ആക്കി. ഒരു മെമ്പറുടെ ജീവിതത്തിൽ ഒന്നര ലക്ഷമായിരുന്ന ചികിത്സാധനസഹായം ഓരോ മൂന്നുവർഷം കൂടുമ്പോഴും രണ്ട് ലക്ഷം ലഭിക്കുന്ന രീതിയിലും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോർഡിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബോർഡിന്റെ തനത് ഫണ്ടിൽനിന്നാണ് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നത്. സിനിമ ടിക്കറ്റന്മേൽ ലഭിക്കുന്ന മൂന്നുരൂപ സെസ്സും അംഗങ്ങളിൽ നിന്ന് പിരിക്കുന്ന അംശാദായവുമാണ് ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്. 2022-ൽ കരുതൽ ധനമായി ഉണ്ടായിരുന്ന 23,45,035 രൂപ ഈ വർഷം 75,72,572 രൂപയായി ഉയർത്താനായിട്ടുണ്ട്. വരും വർഷങ്ങളിൽ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് സ്വീകരിക്കുവാനുള്ള സർക്കാർ ഉത്തരവ് നേടിയെടുത്തു. അംഗങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പുതുതായി ചേർന്നത് 2245 പേരാണ്. ഇതോടെ മൊത്തം അംഗസംഖ്യ 20,592 ആയി ഉയർന്നു. അംഗങ്ങളുടെ വരിസംഖ്യ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും ഇക്കാലയളവിലാണെന്നും അദ്ദേഹം പറഞ്ഞു.

എടുത്തുപറയേണ്ട മറ്റൊരു പ്രധാന മാറ്റം ബോർഡ് നടപടികളുടെ ഡിജിറ്റലൈസേഷനാണ്. വിവിധ പെൻഷനുകൾ, അപേക്ഷകൾ, ധനസഹായങ്ങൾ എന്നിവയെല്ലാം ഇനി ഓൺലൈനായി തന്നെ അപേക്ഷിക്കാം. ഇതോടെ ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായി മാറ്റാനായി. കലാകാരന്മാരെ ചേർത്തു നിർത്തുന്നതിന് എക്കാലവും മുൻതൂക്കം നൽകുന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി മറ്റ് പെൻഷനുകൾ ലഭിക്കാത്ത കലാകാരന്മാർക്ക് 60 വയസിന് ശേഷവും ക്ഷേമനിധിയിൽ അംഗത്വം ലഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് നേടുകയും നിലനിൽക്കുന്ന അംഗത്വത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തു. 2021-22 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ പെൻഷൻ ഇനത്തിൽ തൊണ്ണൂറ് കോടിയിലധികവും മറ്റ് ധനസഹായങ്ങൾക്കായി അഞ്ച് കോടിയിലധികവും തുക ചിലവാക്കിയിട്ടുണ്ടെന്നും മധുപാൽ അറിയിച്ചു.

തിയേറ്ററുകളിൽ പലതും സെസ്സ് തുക യഥാസമയം അടയ്ക്കുന്നതിന് വീഴ്ച വരുത്തുകയും ലൈസൻസ് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് പുതുക്കി നൽകുകയും ചെയ്തിരുന്നത് മൂലം ക്ഷേമനിധി ബോർഡിന് ലഭിക്കേണ്ട വരുമാനം യഥാസമയം ലഭിക്കാത്തതിനാൽ ബോർഡിന്റെ കുടിശ്ശിക നിവാരണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം എന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്ത് തദ്ദേശ സ്വയംഭരണവകുപ്പിൽ നിന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തിയേറ്ററുകളിൽനിന്ന് കൃത്യമായി സെസ് പിരിച്ചെടുക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമനിധി ബോർഡിൽ സെസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്ററുകൾ 35-ഓളം കേസുകൾ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. സർക്കാരിനും ക്ഷേമനിധി ബോർഡിനും ആനുകൂലമായി 28 കേസ്സുകളിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. വിധിയുടെ അടിസ്ഥാനത്തിൽ തിയേറ്ററുകളിൽനിന്ന് കുടിശ്ശിക സെസ് പിരിച്ചെടുത്തു. ബാക്കി കേസുകളിൽ ക്ഷേമനിധി ബോർഡിന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെല്ലാം പുറമേ തിയേറ്ററുകളുമായുള്ള ബന്ധം കൂടുതൽ സൗഹൃദപരവും കാര്യക്ഷമവുമായത് ഇക്കാലയളവിലാണ്. സെസ് തുകയുമായി നിലനിലനിന്നിരുന്ന തർക്ക വിഷയങ്ങൾ കോടതിയിൽ ജയിക്കാനായി എന്നത് വരും വർഷങ്ങളിൽ ബോർഡിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കാനും പ്രവർത്തനം സുഖകരമാക്കാനും ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Madhupal resigns as Cultural Welfare Fund Board Chairman following administrative changes. Increased artist pension from 4000 to 5000 and enhanced financial aid for medical and marriage expenses. Successfully digitized welfare board operations for transparency and ease of access. Secured 28 favorable High Court verdicts regarding theater cess collection. Total membership increased to 20,592, with over 95 crore distributed in benefits