അൻസിബയുടെ കഴിവും ബുദ്ധിയും സമൂഹത്തിന് വേണം; ‘അമ്മ’യിൽ അല്ലെങ്കിൽ പൊതുരംഗത്ത്- മാലാ പാർവതി

താരസംഘടനയായ 'അമ്മ' തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന തീരുമാനം അൻസിബ ഹസ്സൻ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി നടി മാലാ പാർവതി. അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് ആവശ്യമുണ്ടെന്ന് മാലാ പാർവതി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. അസാധാരണമായ എന്തോ ഒന്ന് അൻസിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.
'അൻസിബ ഇൻസ്റ്റയിൽ ഷെയർ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകൾ, അപവാദ പ്രചാരണങ്ങൾ, മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനകൾ എല്ലാം നേരിട്ട്, തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആർജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്തുപോയിട്ടുണ്ടാകും എന്നറിയാം. പക്ഷേ, അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയിൽ അല്ലെങ്കിൽ പൊതുരംഗത്ത്. കാരണം, നീയൊരു ബോൺ ലീഡറാണ്', മാലാ പാർവതി കുറിച്ചു.
'സമയമെടുത്തോളൂ. അടുത്ത തവണ ഇല്ലെങ്കിൽ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തിൽ ഒരാളാണ്. അപൂർവ്വ സിദ്ധിയുണ്ട്. നയിക്കണം. വേട്ടയാടപ്പെടും. തളരരുത്. ഇപ്പോൾ പോലും സൈബർ ആക്രമണങ്ങൾ അടക്കം ഇനിയും അഴിച്ച് വിടാം. കാരണം പലർക്കും മുറിഞ്ഞിട്ടുണ്ട്', മാലാ പാർവതി അഭിപ്രായപ്പെട്ടു.
'അൻസിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അൻസിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ ആക്ഷേപങ്ങളെ, നിഷ്‌കളങ്കമായ ചോദ്യങ്ങൾ ചോദിച്ച് തകർത്തുകളയാനുള്ള ഇച്ഛാശക്തി അത് ഒരു സാധാരണ വ്യക്തിയിൽ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അൻസിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്തുപോകേണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം', മാലാ പാർവതി കൂട്ടിച്ചേർത്തു.
'അമ്മ'യുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ഇനി താൻ മത്സരിക്കാനില്ലെന്ന് നേരത്തെ അൻസിബ പ്രഖ്യാപിച്ചിരുന്നു. 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് ഇനിയൊരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും കരുണയും ആർജവവുമുള്ള പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ- അൻസിബ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
ഞായറാഴ്ച കൊച്ചിയിൽ നടന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ നാടകീയ സംഭവങ്ങൾക്കുപിന്നാലെ പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി നൽകിയിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ 17 അംഗ ഭരണസമിതിയിലെ എല്ലാവരും രാജിവെച്ചു. അധികാരമേറ്റ് ഒരുവർഷം പൂർത്തിയാകുംമുമ്പായിരുന്നു പടിയിറക്കം.
പിന്നാലെ, രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്‌ഹോക് കമ്മിറ്റി സംഘടനയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. നാലുമാസമാണ് സമിതിയുടെ കാലാവധി. ഇതിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കണം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അൻസിബ ഭാരവാഹിത്വത്തിലേക്ക് വരണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടിരുന്നു. സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ രാജിവെക്കുകയായിരുന്നു. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് അൻസിബ തിരഞ്ഞെടുക്കപ്പെട്ടത്. അൻസിബയുടെ രാജിക്ക് പിന്നാലെ 'അമ്മ'യിലെ പ്രശ്‌നങ്ങൾ ഓരോന്നായി മറനീക്കി പുറത്തുവന്നു. താരസംഘടനയുടെ കുടുംബസംഗമത്തിന്റെ സ്‌പോൺസർഷിപ്പിനെ ചൊല്ലി ഭരണസമിതിയിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നു.
Content Highlights: Actress Mala Parvathi has publicly urged Ansiba Hassan to reconsider her decision to step away from contesting in future 'AMMA' union elections. Praising her resilience against months of neglect, conspiracies, and cyber attacks, Mala Parvathi labeled Ansiba a "born leader" whose intelligence is needed in society or public life. This support comes after Ansiba announced on social media that she has no further desire to hold official positions or contest in the actors' association