എല്ലാവരും ചേർന്ന് AMMA-യെ മോശമാക്കി, സങ്കടമുണ്ട്, രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്-മാലാ പാർവതി

താരസംഘടനയായ അമ്മയിൽ ഇപ്പോൾ നടക്കുന്നത് തികച്ചും അവിചാരിതമായ കാര്യങ്ങളെന്ന് നടി മാലാ പാർവതി. താൻ അമ്മയിൽനിന്ന് രാജിവെച്ചതിന് കാരണം ടിനി ടോമാണെന്ന അൻസിബയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. ഇവരൊക്കെ അമ്മയുടെ തലപ്പത്തേക്ക് വന്നതിൽ ഏറെ സന്തോഷിച്ച വ്യക്തിയാണ് താൻ. സംഘടനാതിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ജനറൽ സെക്രട്ടറിയുൾപ്പെടെ ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും മാലാ പാർവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
"പ്രശ്നങ്ങളെല്ലാം സംഘടനയ്ക്കുള്ളിൽത്തന്നെ തീർക്കണമെന്നാണ് എല്ലാവരും തീരുമാനമെടുത്തതെന്ന് തോന്നുന്നു. അൻസിബ രാജി സമർപ്പിച്ചത് കുറച്ച് നാൾ മുൻപാണ്. രാജിവെച്ചശേഷം അൻസിബ എന്നെ വിളിച്ച് അക്കാര്യം പറഞ്ഞിരുന്നു. അമ്മയുടെ കുടുംബസംഗമത്തിന് ഒരു ക്ഷേത്രം സ്പോൺസറായി വരുന്നതിനെ അൻസിബ എതിർത്തിരുന്നു. അതിനുശേഷം തനിക്കെതിരെ വലിയരീതിയിലുള്ള ആക്രമണം നടക്കുന്നുവെന്ന് അൻസിബ അന്ന് വിളിച്ചപ്പോൾ സങ്കടം പറഞ്ഞിരുന്നു. അതുമാത്രമേ എനിക്കറിയൂ.
സംഘടനയിലുള്ള ഒരാൾപോലും നമ്മളോട് സംസാരിക്കുന്നില്ല. അടുത്തമാസം 21-ാം തീയതിയോ മറ്റോ ആണ് അടുത്ത ജനറൽ ബോഡി യോഗം നടക്കുന്നത്. അന്ന് ഇപ്പോഴുള്ള ഭരണസമിതി രാജിവെച്ച് ഒഴിഞ്ഞുപോകണമെന്ന് പറയാനിരിക്കുകയാണ് ഞാൻ. കാരണം ഒരു സംഘടനയെ അത്രയേറെ മോശമാക്കി അവർ. ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ ഒരു അസിസ്റ്റന്റിനെ വെയ്ക്കാൻപോലും സമ്മതിച്ചിരുന്നില്ല. എല്ലാ ജോലിയും പുള്ളിതന്നെ ചെയ്യും. ഇപ്പോൾ അസിസ്റ്റന്റുമാരുണ്ടായിട്ടുപോലും പരാതി ഒഴിഞ്ഞൊരു നേരമില്ല.
യുട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമൊക്കെയാണ് ഞങ്ങൾ ഓരോ കാര്യങ്ങൾ അറിയുന്നത്. ഇപ്പോൾ നടക്കുന്നതിനെ അവിചാരിതം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. എന്താണവർ അവിടെ കാട്ടിക്കൂട്ടിയത്? മധു സാർ ഉൾപ്പെടെ ഒരുപാട് മഹാന്മാർ ജീവിച്ചിരിക്കുന്ന കാലമാണ്. എത്രയോ മുതിർന്ന ആളുകളുടെ കഷ്ടപ്പാടാണ് ഈ സംഘടന. അത് ഇത്രയും മോശമാവുന്ന ഒരവസ്ഥ ഇതിന് മുൻപുണ്ടായിട്ടില്ല. അതിൽ വലിയ സങ്കടമുണ്ട്." മാലാ പാർവതി പറഞ്ഞു.
അമ്മയിൽ നിന്നും താൻ രാജി വെയ്ക്കാൻ കാരണം ടിനി ടോമാണെന്നാണ് അൻസിബ ആരോപിച്ചത്. തന്നെ ജിഹാദിയെന്ന് വിളിച്ചു. മതം മാറ്റാൻ ശ്രമം നടത്തിയെന്ന് പറഞ്ഞു. തനിക്ക് പലരുമായും അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി ടിനി ടോമും രംഗത്തെത്തി. ആരോപണത്തിന് തെളിവുവേണ്ടേയെന്നും എന്തുകൊണ്ടാണ് ഇപ്പോൾ ഒരു ആരോപണം വരുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരാരോപണം വരുന്നതെന്ന് അറിയില്ല. പുറത്തുനിന്നുള്ള ചില പണികൾ തനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Reacting to the explosive public feud between Ansiba Hassan and Tiny Tom, veteran actress Mala Parvathi stated that the current state of affairs within the actors' association, AMMA, is utterly tragic and unprecedented in its history.