സാമന്ത-നാഗചൈതന്യ വിവാഹമോചന പരാമര്‍ശം; മാപ്പുപറഞ്ഞ് തെലങ്കാന മന്ത്രി കൊണ്ട സുരേഖ

സാമന്ത, തെലങ്കാന മന്ത്രി കൊണ്ട സുരേഖ | Photo: Instagram, x.com/@venuudugulafilm
സാമന്ത, തെലങ്കാന മന്ത്രി കൊണ്ട സുരേഖ | Photo: Instagram, x.com/@venuudugulafilm

തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്ത റൂത് പ്രഭുവും വിവാഹമോചിതരായതിനു പിന്നില്‍ ബി.ആര്‍ എസ് നേതാവ് കെ.ടി രാമറാവുവിന് പങ്കുണ്ടെന്ന തന്റെ ആരോപണത്തില്‍ മാപ്പുപറഞ്ഞ് തെലങ്കാന വനംവകുപ്പ് മന്ത്രി കൊണ്ട സുരേഖ. താരങ്ങളോടും അവരുടെ കുടുംബത്തോടും മാപ്പ് പറയുന്നു. എന്നാല്‍ ഭാരത് രാഷ്ട്രസമിതി നേതാവായിട്ടുള്ള കെ.ടി രാമറാവുവിനെതിരെ താന്‍ നടത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 

സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ കെ.ടി.ആറിന് പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സംഭവം വിവാദമായതോടെ സാമന്ത, നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുന എന്നിവര്‍ കൊണ്ട സുരേഖയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. 

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത പ്രതികരിച്ചത്. 'മിസ്റ്റര്‍ കൊണ്ട സുരേഖ, എന്റെ യാത്രയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനെ നിസ്സാരവല്‍ക്കരിക്കരുത്. ഒരു മന്ത്രി എന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന കാര്യം താങ്കള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു. വ്യക്തികളുടെ സ്വകാര്യതയേക്കുറിച്ച് ഉത്തരവാദിത്വബോധവും ബഹുമാനവും പുലര്‍ത്തണമെന്ന് ഞാന്‍ താങ്കളോട് അഭ്യര്‍ഥിക്കുകയാണ്. 

എന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതുസംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായവിധത്തില്‍ ചിത്രീകരിക്കാന്‍ പാടില്ല. കൂടുതല്‍ തെളിച്ചുപറഞ്ഞാല്‍, വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാര്‍ദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല.  രാഷ്ട്രീയ പോരിനായി എന്റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്ട്രീയമില്ലാതെയാണ് ഞാന്‍ എക്കാലവും നിലകൊണ്ടിട്ടുള്ളത്, ഇനിയും അങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നത്'- എന്നാണ് സാമന്ത കുറിച്ചത്.

'മന്ത്രി കൊണ്ട സുരേഖ നടത്തിയ പ്രതികരണത്തെ ശക്തമായി അപലപിക്കുന്നു. എതിരാളികളെ വിമര്‍ശിക്കാനായി രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന സിനിമാതാരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്. ആളുകളുടെ സ്വകാര്യതയെ ബഹുമാനിക്കണം', നാഗാര്‍ജ്ജുന എക്‌സില്‍ പ്രതികരിച്ചു.

Content Highlights: Telegana minister Konda surekha apologises for samantha naga chaithanya divorce contraversy