കേസുകള്‍ പെരുകി, സിനിമാ നിരൂപണം നിര്‍ത്തുന്നു- കമാല്‍ ആര്‍ ഖാന്‍

സിനിമാ നിരൂപണം അവസാനിപ്പിക്കുന്നുവെന്ന് ബോളിവുഡിലെ വിവാദ നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍. വിക്രം വേദയോടെ താന്‍ ഈ രംഗത്തോട് വിടപറയുന്നുവെന്ന് അദ്ദേഹം കുറിച്ചു. ബോളിവുഡിലെ ഏറ്റവും വലിയ നിരൂപകനാക്കി മാറ്റിയതിനും തന്റെ വാക്കുകള്‍ വിശ്വസിച്ചതിനും നന്ദി പറയുന്നുവെന്ന് കമാല്‍ ആര്‍ ഖാന്‍ കുറിച്ചു. ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി തനിക്കെതിരേ കേസുകള്‍ നല്‍കുന്നത് കൊണ്ടാണ് എല്ലാം അവസാനിപ്പിക്കുന്നതെന്ന് കെ.ആര്‍.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍ കുറിച്ചു.
ആമീര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയായിരിക്കും തന്റെ അവസാന ചിത്രമെന്ന് കെ.ആര്‍.കെ നേരത്തേ പറഞ്ഞിരുന്നു. ഇത്തവണയും കെ.ആര്‍.കെ വെറുതെ പറയുന്നതാണെന്ന് കെ.ആര്‍.കെയുടം വിമര്‍ശകര്‍ കുറിച്ചു.
ലൈംഗികാതിക്രമ പരാതിയിലും വിദ്വേഷ പ്രചരണം നടത്തിയ കേസിലും അറസ്റ്റിലായ കെ.ആര്‍.കെ ഈ അടുത്താണ് ജാമ്യത്തിനിറങ്ങിയത്. മുംബൈ വെര്‍സോവ പോലീസാണ് കെ.ആര്‍.കെയെ അറസ്റ്റ് ചെയ്തത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. 2021 ലാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കുന്നതും കേസ് രജിസ്റ്റര്‍ ചെയ്തതും. യുവനടിയും മോഡലും ഫിറ്റ്‌നസ് പരിശീലകയുമായ യുവതിയാണ് പരാതിക്കാരി.
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് ആദ്യം ഇദ്ദേഹം അറസ്റ്റിലായത്. യുവസേന അംഗം രാഹുല്‍ കനാലിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്.അന്തരിച്ച നടന്‍മാരായ ഋഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
Content Highlights: Kamal R Khan says he quits Film Reviewing after Vikram Vedha release