‘അമ്മ’യിൽ എന്താണ് നടക്കുന്നതെന്ന് അംഗങ്ങൾക്ക് മനസിലാകുന്നില്ല, തിരഞ്ഞെടുപ്പ് വേണം -കലാഭവൻ ഷാജോൺ

#മൂവി ഡെസ്ക്
കലാഭവൻ ഷാജോൺ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി
കലാഭവൻ ഷാജോൺ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് \ മാതൃഭൂമി

താരസംഘടനയായ അമ്മയിൽ രജിസ്ട്രാർ ഇടപെടൽ വേണമെന്ന ഒരുവിഭാഗം അംഗങ്ങളുടെ ആവശ്യത്തെ പിന്തുണച്ച് നടൻ കലാഭവൻ ഷാജോൺ. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് നടത്താൻവേണ്ടിയാണ് നാല് രജിസ്ട്രാർമാരെ സമീപിച്ചതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടുപറഞ്ഞു. സംഘടനയിൽ എന്താണ് നടക്കുന്നതെന്ന് അംഗങ്ങൾക്ക് അവ്യക്തതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാലാ പാർവതി, അൻസിബ ഹസൻ, ഉഷാ ഹസീന, മായാ വിശ്വനാഥ്, പൊന്നമ്മ ബാബു എന്നിവർ രജിസ്ട്രാർ ഭരണം ആവശ്യപ്പെട്ട് നടത്തിയ നീക്കത്തെ ഷാജോൺ പരസ്യമായി പിന്തുണച്ചു. സംഘടന ഭംഗിയായി മുന്നോട്ടു പോകണമെന്നും നിരവധി താരങ്ങൾക്ക് ഗുണം ചെയ്യുന്ന ഈ കൂട്ടായ്മ നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നതുകൊണ്ടാണ് താൻ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളിൽ അംഗങ്ങൾക്കിടയിൽ വലിയ തോതിലുള്ള ആശയക്കുഴപ്പമുണ്ട്. ഇത് പരിഹരിക്കാൻ കൃത്യമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി വരേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ഭരണസമിതിയുമായി ബന്ധപ്പെട്ട തർക്കങ്ങളും അവ്യക്തതകളുമാണ് പുതിയ തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തിലേക്ക് നയിച്ചത്. ശ്വേതാ മേനോന്റെ രാജി സംബന്ധിച്ച വൈരുദ്ധ്യങ്ങളും കോടതി നടപടികളും സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. 'പെൺമക്കൾ' എന്ന വനിതാ അംഗങ്ങളുടെ ഗ്രൂപ്പിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 32 പേരും നിലവിലെ നേതൃത്വം മാറണം അല്ലെങ്കിൽ പുതിയ തിരഞ്ഞെടുപ്പ് വേണം എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ഇതിനിടെയാണ് രജിസ്ട്രാറുടെ ഇടപെടൽ ആവശ്യപ്പെട്ട് ഒരുവിഭാഗം അംഗങ്ങൾ രംഗത്തെത്തിയത്. അൻസിബ ഹസ്സൻ, മാലാ പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവർ ഈ ആവശ്യം ഉന്നയിച്ച് രജിസ്ട്രാർക്ക് കത്തയച്ചു. ശ്വേതാ മേനോൻ നേതൃത്വം നൽകുന്ന ഭരണസമിതിയെ ബാങ്കിടപാടുകൾ നടത്തുന്നതിൽനിന്ന് വിലക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 'അമ്മ' രജിസ്റ്റർ ചെയ്ത ഒരു സംഘടനയായതിനാൽ, പുതിയൊരു സമിതി വരുന്നതുവരെയെങ്കിലും ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് ശ്വേതാ മേനോൻ ഉൾപ്പെടുന്ന വിഭാഗത്തെ തടയണമെന്നും സംഘടനയുടെ മുഴുവൻ രേഖകളും രജിസ്ട്രാർ പിടിച്ചെടുക്കണമെന്നുമാണ് പരാതിക്കാർ ആവശ്യപ്പെടുന്നത്.

സാമ്പത്തിക ക്രമക്കേടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഈ നീക്കത്തിന് പിന്നിലുണ്ട്. 'അമ്മ'യുടെ ബാങ്ക് അക്കൗണ്ടിൽ നിലവിൽ ഏകദേശം ആറ് കോടി രൂപയുണ്ടെന്നാണ് വിവരം. നിലവിലെ കമ്മിറ്റിക്ക് ഈ തുക കൈകാര്യം ചെയ്യാൻ അനുവാദം നൽകിയാൽ വലിയ രീതിയിലുള്ള അഴിമതിക്ക് സാധ്യതയുണ്ടെന്ന് അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നു. കൂടാതെ, സംഘടനയുടെ മിനിറ്റ്സ് ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ളവരുടെ കൈവശമിരിക്കുന്നത് കൊണ്ട് അവ തിരുത്തി കോടതിയിൽ ഹാജരാക്കാൻ സാധ്യതയുണ്ടെന്ന ഭയവും ഇവർ പങ്കുവെക്കുന്നു.

Content Highlights: Actor Kalabhavan Shajohn publicly supported a faction of members petitioning the Registrar to intervene and conduct fresh elections in the actors' association AMMA, citing widespread confusion and lack of leadership transparency.