എനിക്ക് വീട്ടിൽ കരഞ്ഞിരിക്കാനാവില്ല, വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകം പൂർത്തീകരിക്കും -കബനി

#മൂവി ഡെസ്ക്
കബനി, കെ.വി. വിജേഷ് | ഫോട്ടോ: മാതൃഭൂമി, Facebook
കബനി, കെ.വി. വിജേഷ് | ഫോട്ടോ: മാതൃഭൂമി, Facebook

കാലത്തിൽ വിടപറഞ്ഞ നാടകപ്രവർത്തകൻ കെ.വി. വിജേഷിന്റെ നാടകപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ഭാര്യയും നടിയുമായ കബനി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വികാരനിർഭരമായ കുറിപ്പിലാണ് അവർ ഇക്കാര്യം അറിയിച്ചത്. വിജേഷ് പാതിയിൽ നിർത്തിയ നാടകം താനും മകളും കൂടി പൂർത്തിയാക്കുമെന്ന് കബനി പറഞ്ഞു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ നാടക പരിശീലനത്തിനിടെയായിരുന്നു വിജേഷിന്റെ അകാല വിയോഗം.

കബനിയുടെ കുറിപ്പ് ഇങ്ങനെ:

പ്രിയരേ ഞാനും മോളും കൂട്ടുകാരുമിവിടെ തേവരയിൽ വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകത്തിന്റെ പൂർത്തീകരണത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം ഒപ്പം ഉണ്ടെന്നറിയാം.

നാടകം ഉയിർത്തെഴുന്നേൽപിന്റേതുകൂടിയാണ്. മരണമെന്നത് യാഥാർഥ്യത്തിലുള്ള ഒരു നാടകമാണ് എന്നത് വിജേഷേട്ടൻ എനിക്ക് തന്ന പുതിയ പാഠം. ഇവിടെ മരണപ്പെട്ട നടൻ ഉടലോടെ സ്റ്റേജിൽ നിന്നുപുറത്തുവരില്ല. അവൻ ജീവിക്കുക കാണികളുടെ മനസിലാണ്. അവരിലൂടെ അവൻ ശ്വസിക്കും, അവനെയോർത്തവർ കരയും, ആളുകളവനെ പ്രണയിച്ചുകൊണ്ടേയിരിക്കും.

വീണ്ടും വികാരങ്ങളുടെ വിസ്ഫോടനങ്ങൾ ജനഹൃദയങ്ങളിൽ അവൻ തീർക്കും.. അവനാണ് ക്രിയേറ്റർ. മരണമില്ലാത്തവൻ.

നിങ്ങൾ വിജേഷേട്ടന്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ഇത്രത്തോളം ചേർത്തുപിടിക്കുമ്പോൾ എനിക്ക് വീട്ടിൽ കരഞ്ഞിരിക്കാനാവില്ല. നാടകക്കാരിയാവാൻ ഞാൻ എടുത്ത തീരുമാനം ചിലപ്പോൾ ഈ ദിവസത്തിനുകൂടി വേണ്ടിയാവും. സ്നേഹം പ്രിയരേ.