ചില അംഗങ്ങൾ കാരണം പൊതുമധ്യത്തിൽ അമ്മ സംഘടനയ്ക്ക് മോശം പ്രതിച്ഛായയുണ്ടായി- ജഗദീഷ്

അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച ഭരണസമിതിയുടെ സംഘടനാപരമായ പാളിച്ചകളിൽ അംഗങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നുവെന്ന് നടൻ ജഗദീഷ്. രാജിവെച്ച ഭരണസമിതി ഒരുവർഷംകൊണ്ടുതന്നെ അമ്മയുടെ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ സംഘടനാപരമായ ചില പാളിച്ചകൾ അവരുടെ ഭാഗത്തുനിന്നുണ്ടായെന്നും ജഗദീഷ് പറഞ്ഞു.
അമ്മയുടെ ജനറൽ ബോഡി ഭംഗിയായി കഴിഞ്ഞു. പഴയ ഭരണസമിതി രാജിവെച്ചു. അത് പരിചയക്കുറവ് കൊണ്ടാവാം. ട്രഷറർ കുറച്ചുനാൾ മാറിനിൽക്കേണ്ടി വന്നതിന്റെപേരിൽ അക്കൗണ്ട്സ് കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അക്കൗണ്ട്സ് നേരത്തേ എത്തിക്കണമെന്ന നിയമപരമായ കാര്യങ്ങൾ പാലിക്കാനായില്ലെന്നും ജഗദീഷ് പറഞ്ഞു.
സംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള വാക്കുതർക്കങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിനെതിരെയും ജഗദീഷ് സംസാരിച്ചു. ചില അംഗങ്ങൾ കാരണം പൊതുമധ്യത്തിൽ അമ്മ സംഘടനയ്ക്ക് മോശം പ്രതിച്ഛായയുണ്ടായി. അതിലെല്ലാം അംഗങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നു. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ അംഗങ്ങളുടെ വികാരം മനസ്സിലാക്കി കഴിഞ്ഞ ഭരണസമിതി രാജിവെച്ചൊഴിയുകയായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.
കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും പാവകളായിരിക്കാൻ തയ്യാറല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമ്മ സംഘടനയിൽ നിന്ന് പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ചത്. അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരിക്കുകയാണ്. മുഴുവൻ നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്.
വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനമുണ്ടായത്. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്. 17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.
Content Highlights: Actor Jagadish cites organizational failures and lack of experience for the mass resignation of the AMMA executive committee., Internal disputes and failure to present financial accounts correctly led to member dissatisfaction.