യൂട്യൂബർമാർ തമ്മിലെ തർക്കം: നീക്കംചെയ്ത വീഡിയോ പങ്കുവെച്ചാൽ നിയമനടപടി, മുന്നറിയിപ്പുമായി ഹനാൻഷാ

#Movies Desk
ഹനാൻഷാ | Photo: Mathrubhumi
ഹനാൻഷാ | Photo: Mathrubhumi

തൊപ്പിയെന്ന യൂട്യൂബർ നിഹാദ് തന്റെ സുഹൃത്തുക്കൾക്കുനേരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെടുന്ന വീഡിയോ പങ്കുവെക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി ഗായകൻ ഹനാൻ ഷാ. യൂട്യൂബിൽനിന്ന് നീക്കംചെയ്യിച്ച ലൈവ് വീഡിയോയിലെ ഭാഗങ്ങൾ പങ്കുവെച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഹനാൻഷാ വ്യക്തമാക്കി. യൂട്യൂബർമാർ തമ്മിലെ തർക്കത്തെത്തുടർന്ന്, തൊപ്പിയുടെ സംഘത്തിലെ അംഗമായിരുന്ന ഷമീർ ആണ് വീഡിയോ പുറത്തുവിട്ടത്.

'എന്നേയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവിൽ ഉപദ്രവം, അധിക്ഷേപം, സ്ത്രീകൾക്ക് നേരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ യൂട്യൂബിൽ നൽകിയ കോപ്പിറൈറ്റ് സ്‌ട്രൈക്കിനാൽ നീക്കം ചെയ്യപ്പെട്ടു. ഇപ്പോൾ അതേ ലൈവിലെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന റീലുകൾ, ഷോർട്‌സുകൾ, ക്ലിപ്പുകൾ, റീപോസ്റ്റുകൾ, അതിനെ സംബന്ധിച്ച റിയാക്ഷനുകൾ തുടങ്ങിയവ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം കണ്ടന്റുകൾ സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗൺ, പ്ലാറ്റ്‌ഫോം ആക്ഷൻസ് എന്നിവയ്‌ക്കൊപ്പം അപകീർത്തിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ, സൈബർ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യതാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലേയും ഐടി ആക്ടിലേയും ബാധകമായ വകുപ്പുകൾ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരാം. നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോകൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ ദയവായി നീക്കം ചെയ്യുക', എന്ന കുറിപ്പാണ് ഹനാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്.

യൂട്യൂബർമാർ തമ്മിലെ തർക്കത്തിന് പിന്നാലെയാണ് അപകീർത്തികരമായ വീഡിയോ പുറത്തുവന്നത്. ഹനാൻഷായുടെ വ്ലോഗിൽ സുഹൃത്തുക്കളിൽ ഒരാളെ തൊപ്പി അപകീർത്തികരമായി പരാമർശിക്കുന്ന വീഡിയോയാണ് ഷമീർ പങ്കുവെച്ചത്.

ഹനാൻഷായുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

തൊപ്പിയുടെ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു ഷമീർ. തൊപ്പിയുമായി പിരിഞ്ഞ ഷമീർ, മറ്റൊരു യൂട്യൂബർ മമ്മു എന്നിവർ തൊപ്പിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് യൂട്യൂബിൽ ലൈവിട്ടിരുന്നു. ഇരുവർക്കും മറുപടിയുമായി തൊപ്പിയെത്തി. പിന്നാലെയാണ്, തൊപ്പിയുടെ അധിക്ഷേപ പരാമർശങ്ങൾ ഷമീർ പുറത്തുവിട്ടത്.

Content Highlights: Hanan Shah issued a legal warning regarding the circulation of a deleted YouTube video featuring YouTuber Toppi. The video contains offensive remarks, defamation, and abusive content targeting individuals and women. Users sharing clips, reels, or reaction videos face potential copyright strikes and legal action under IT Acts and IPC. The conflict stems from a public fallout between YouTubers Toppi, Shameer, and Mammu. Hanan Shah has urged social media users to remove any existing posts containing the controversial footage