അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും വിവാഹിതരാകാഞ്ഞത് എന്തുകൊണ്ട്? വെളിപ്പെടുത്തലുമായി നിര്‍മാതാവ്

#മൂവി ഡെസ്‌ക്
അക്ഷയ് കുമാര്‍, ശില്‍പ ഷെട്ടി | Photo - AP, UNI
അക്ഷയ് കുമാര്‍, ശില്‍പ ഷെട്ടി | Photo - AP, UNI

അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും തമ്മിലുണ്ടായിരുന്ന അടുപ്പം 90-കളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ തമ്മിലുള്ള ബന്ധം അവസാനിച്ചു. എന്തുകൊണ്ടാണ് അവര്‍ വിവാഹിതരാകാഞ്ഞതെന്നും അവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാകാനുള്ള കാരണമെന്താണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ്‌ക്കൊപ്പം പല സിനിമകളിലും പ്രവര്‍ത്തിച്ച സംവിധായകന്‍ സുനില്‍ ദര്‍ശന്‍.

വിവാഹം കഴിക്കുന്ന കാര്യം ഇരുവരും ഗൗരവമായി പരിഗണിച്ചിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ സുനില്‍ ദര്‍ശന്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍, അവര്‍ തമ്മിലുള്ള ബന്ധം അംഗീകരിക്കുന്നതിന് ശില്‍പയുടെ മാതാപിതാക്കള്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചു. ആ നിബന്ധനകള്‍ പാലിക്കപ്പെടാതെ വന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അത് അവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കാം. അവര്‍ പിന്നീട് വേര്‍പിരിയാനുള്ള കാരണങ്ങളില്‍ ഒന്നായിരിക്കാം അതെന്നും ദര്‍ശന്‍ സൂചിപ്പിച്ചു.

ആരെയും ആകര്‍ഷിക്കുന്ന താരജോഡികളായിരുന്നു ഇരുവരും. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. വളരെ അപ്രതീക്ഷിതമായ മറ്റൊരു സംഭവം അതിനിടെ നടന്നു. ട്വിങ്കിള്‍ ഖന്നയുടെ പിതാവ് രാജേഷ് ഖന്നയുമായി അടുപ്പമുണ്ടായിരുന്ന ജ്യോത്സ്യന്‍ ഞെട്ടിക്കുന്ന ഒരു  പ്രവചനം അതിനിടെ നടത്തി. അക്ഷയും ട്വിങ്കിളും ഒരുനാള്‍ വിവാഹിതരാകും എന്നായിരുന്നു ആ പ്രവചനം. ആ സമയത്ത് അക്ഷയും ട്വിങ്കിളും തമ്മില്‍ ബന്ധമൊന്നും ഇല്ലായിരുന്നു.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സംഭവിച്ചതെല്ലാം ഒരു കടംകഥപോലെ തോന്നുന്നു. അന്ന് ശില്‍പയുടെ മാതാപിതാക്കള്‍ ആ നിബന്ധനകള്‍ മുന്നോട്ടു വെച്ചില്ലായിരുന്നുവെങ്കില്‍ അവരുടെ ജീവിതം മറ്റൊരു വഴിക്ക് പോകുമായിരുന്നുവെന്നും സുനില്‍ ദര്‍ശന്‍ അവകാശപ്പെടുന്നു. ശില്‍പയുടെ മാതാപിതാക്കള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ സുനില്‍ ദര്‍ശന്‍ തയ്യാറായില്ല. മാതാപിതാക്കള്‍ എന്ന നിലയില്‍ മകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ശില്‍പയുടെ സാമ്പത്തിക സുരക്ഷയാണോ മാതാപിതാക്കള്‍ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കിയില്ല. എല്ലാ തരത്തിലുള്ള സുരക്ഷയും എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മറുപടി നല്‍കി.

ശില്‍പയുടെ മാതാപിതാക്കള്‍ സ്വീകരിച്ച സമീപനത്തോട് തനിക്ക് പൂര്‍ണ്ണമായി യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍ സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക് ഋഷ്ത എന്ന സിനിമയുടെ ചിത്രീകരണത്തിന് മുമ്പായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍. അക്ഷയ് അന്ന് സിനിമകളില്‍ വളരെ തിരക്കിലായിരുന്നു. ഒരേ സമയത്ത് 'ധഡ്കന്‍', 'ഹേരാ ഫേരി', 'എക് ഋഷ്ത' എന്നീ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാകാം അദ്ദേഹം മാനസികമായി തകര്‍ന്നില്ലെന്നും സുനില്‍ ദര്‍ശന്‍ പറഞ്ഞു.

2001-ലാണ് അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയെ വിവാഹം കഴിച്ച് ജീവിതത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2009-ല്‍, ശില്‍പ ഷെട്ടി വ്യവസായി രാജ് കുന്ദ്രയെ വിവാഹം കഴിച്ചു. ദീര്‍ഘകാലത്തിനു ശേഷമാണ് ഇരുവരും തമ്മിലുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും വേര്‍പിരിയാനുള്ള കാരണത്തെക്കുറിച്ചും വെളിപ്പെടുത്തലുമായി സംവിധായകന്‍ സുനില്‍ ദര്‍ശന്‍ രംഗത്തെത്തുന്നത്.

Content Highlights: Filmmaker Suneel Darshan reveals Akshay Kumar and Shilpa Shetty were close to marriage. Discover the surprising conditions and destiny`s role in their paths.