‘അമ്മ’യുടെ പ്രസിഡന്റായാൽ ചില കാര്യങ്ങളിൽ കണ്ണടയ്ക്കേണ്ടിവരും, ആ സ്ഥാനത്തേക്കില്ല -ധ്യാൻ ശ്രീനിവാസൻ

#മൂവി ഡെസ്ക്
ധ്യാൻ ശ്രീനിവാസൻ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍ \ മാതൃഭൂമി
ധ്യാൻ ശ്രീനിവാസൻ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍ \ മാതൃഭൂമി

താൻ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ധ്യാൻ ശ്രീനിവാസൻ. മുഖ്യമന്ത്രിയാകാൻ പദ്ധതിയിടുമ്പോഴാണ് അമ്മയുടെ പ്രസിഡന്റാകാനുള്ള ഓഫർ വന്നതെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. താനൊരിക്കലും അമ്മയുടെ പ്രസിഡന്റാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഇപ്പോൾ ചാർത്തിത്തന്നിരിക്കുന്ന പ്രസിഡന്റ് സ്ഥാനം താൻ രാജിവെയ്ക്കുന്നുവെന്നും ധ്യാൻ തമാശരൂപേണ പറഞ്ഞു. വിസിറ്റർ എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥമുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"കഴിഞ്ഞ കുറച്ചുനാളായി സിനിമ കുറച്ചിട്ട് സ്റ്റേജ് ഷോകളിലും പരസ്യങ്ങളിലുമാണ് ശ്രദ്ധകൊടുക്കുന്നത്. അങ്ങനെയിരിക്കേ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ആസ്ട്രേലിയയിലിരിക്കുകയാണ്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ ഞാൻ തീരുമാനിച്ചു അടുത്ത ഒരു 15 വർഷത്തിനുള്ളിൽ അങ്ങനെയാകാമെന്ന്. അപ്പോഴാണ് അജു വർഗീസ് വിളിച്ചുപറയുന്നത് നീ ആദ്യം മുഖ്യമന്ത്രിയാകണ്ട, ആദ്യ ചുവട് എന്ന നിലയിൽ അമ്മയുടെ പ്രസിഡന്റാവൂ എന്ന്. ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ചെയ്ത് ആളുകളുടെ കണ്ണിൽ പൊടിയിട്ടതിനുശേഷം മുഖ്യമന്ത്രിയാകാം എന്നും അജു എന്നോട് പറഞ്ഞു.

ഓസ്ട്രേലിയയിലിരിക്കുമ്പോഴാണ് ഞാൻ അമ്മയുടെ നേതൃസ്ഥാനത്തേക്ക് വന്നേക്കും എന്ന തരത്തിലുള്ള വാർത്തകളൊക്കെ വരുന്നത്. അയർലൻഡിൽ ലാലേട്ടൻ ഷോയ്ക്ക് തയ്യാറെടുത്ത് നിൽക്കുമ്പോൾ കാണുന്ന വാർത്ത അമ്മ പ്രസിഡന്റാവാൻ ഞാൻ സന്നദ്ധത അറിയിച്ചു എന്നാണ്. അമ്മയിലെ യഥാർത്ഥ പവർ ഗ്രൂപ്പ് എന്നത് അജു വർഗീസാണ്. ഇതിനിടെ അമ്മയിലേക്ക് വരേണ്ടെന്നും ഭയങ്കര പ്രശ്നങ്ങളാണ് നടക്കുന്നതെന്നും അജു വർഗീസ് വിളിച്ചുപറഞ്ഞു. അമ്മയുടെ പ്രസിഡന്റും മുഖ്യമന്ത്രിയുമൊന്നും ആവണ്ട, ഗവർണറാകുകയാണ് എനിക്ക് പറ്റിയ പണിയെന്ന് എന്നോട് അജു പറഞ്ഞു. അതാകുമ്പോൾ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ.

അതിനിടയിൽ എന്റെ അമ്മ പറഞ്ഞു, മോനേ നീ അമ്മ സംഘടനയുടെ പ്രസിഡന്റാകാൻപോകുകയാണെന്ന് കേട്ടു. അതൊരിക്കലും പാടില്ലെന്ന്. അച്ഛൻ ഒരിക്കലും അതാകാതിരുന്നതിനുള്ള കാരണം സ്ട്രെയിറ്റ് ഫോർവേർഡ് ആയ ആളുകൾക്ക് ആ സ്ഥാനത്തിരിക്കാൻ പറ്റില്ല. കാരണം ചില കാര്യങ്ങളിൽ നമ്മൾ കണ്ണടയ്ക്കേണ്ടിവരുമെന്നും അമ്മ പറഞ്ഞു. പക്ഷേ ആ പറഞ്ഞത് എനിക്ക് മനസിലായില്ല. പക്ഷേ മുഖ്യമന്ത്രിയായി എവിടെയോ ഒതുങ്ങിക്കൂടണമെന്നാഗ്രഹിച്ചിരുന്ന എന്നെ അമ്മയുടെ പ്രസിഡന്റാക്കിയേ തീരൂ എന്ന വാശിയാണ് എന്റെ മെന്റർക്ക്. ഒരിക്കലും ആകണമെന്ന് ആഗ്രഹിക്കാത്ത അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഞാൻ രാജിവെയ്ക്കുന്നു." ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ.

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുതിയ ചിത്രമാണ് 'വിസിറ്റർ'. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവര് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറർ ചിത്രമായാണ് 'വിസിറ്റർ' ഒരുക്കുന്നത്.

സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്.

Content Highlights: Actor Dhyan Sreenivasan has humorously dismissed widespread rumours about him becoming the new president of the film association AMMA, citing his mother's warning that straight-forward people cannot hold the position.