നൂറുരൂപയിൽ താഴെ മാത്രം, ലൈറ്റുണ്ട്, സമയം മാത്രം കാണിക്കും, അമ്മ വാങ്ങിത്തന്നത് എന്നതാണ് പ്രത്യേകത; പ്രിയ വാച്ചിനെക്കുറിച്ച് ധനുഷ്

ദുബായ് വാച്ച് വീക്കിൽ പങ്കെടുക്കുന്നതിനിടെ തന്റെ പ്രിയപ്പെട്ട വാച്ച് ഏതെന്ന് വെളിപ്പെടുത്തി നടൻ ധനുഷ്. 100 രൂപയിൽ താഴെയുള്ള ഒരു വാച്ചിനെക്കുറിച്ചാണ് ധനുഷ് പറഞ്ഞത്. വാച്ചുകളോടുള്ള ഇഷ്ടത്തിന് പ്രചോദനമായ വാച്ച് ബ്രാൻഡ് ഏതാണെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. ഒരു സൂപ്പർതാരമായതുകൊണ്ട്, വിലകൂടിയ ഒരു ബ്രാൻഡിന്റെ പേര് പറയുമെന്ന് പ്രതീക്ഷിച്ചിടത്തായിരുന്നു ഏവരേയും ഞെട്ടിച്ചുകൊണ്ട് ധനുഷിന്റെ മറുപടി.
തനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ വാച്ച്, താൻ സ്കൂളിൽ പഠിക്കുമ്പോൾ അമ്മ വാങ്ങിത്തന്ന ഒന്നായിരുന്നുവെന്ന് ധനുഷ് പറഞ്ഞു. അതിന് നൂറുരൂപയിൽ താഴെയാണ് വില. പേരൊന്നുമില്ല, പ്ലാസ്റ്റിക്കിന്റേതാണ്, ഡിജിറ്റലാണ്, സമയം മാത്രം കാണിക്കും. അതിൽ ഒരു ലൈറ്റുണ്ടായിരുന്നുവെന്നും ധനുഷ് പറഞ്ഞു.
"ഞാൻ വളരെ സാധാരണമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. അതിനാൽ ബാറ്ററി തീർന്നാൽ വാച്ചിന്റെ ഉപയോഗം കഴിയും. അത് പല നിറങ്ങളിൽ ഉണ്ടായിരുന്നു. എന്റെ സഹോദരിമാരും ഞാനും വയലറ്റ്, മഞ്ഞ, പച്ച നിറങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു... അത് വളരെ തിളക്കമുള്ളതും ആകർഷകവുമായിരുന്നു. ബാറ്ററി തീർന്നാലും ഞാൻ ആ വാച്ച് കെട്ടി സ്കൂളിൽ പോകുമായിരുന്നു. അത് സമയം കാണിക്കുന്നത് നിർത്തിയിട്ടും ഞാൻ അത് ധരിക്കുമായിരുന്നു. എനിക്ക് ആ വാച്ചിനോട് ശരിക്കും പ്രണയമായിരുന്നു," അമ്മ നൽകിയ ആ പ്രത്യേക വാച്ചിനെ താൻ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ഓർത്തെടുത്തുകൊണ്ട് ധനുഷ് കൂട്ടിച്ചേർത്തു.
പ്രവർത്തിക്കുന്നില്ലെങ്കിലും ആ വാച്ച് ഇപ്പോഴും തന്റെ വീട്ടിൽ ഒരു പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ധനുഷ് പറഞ്ഞു.
കൃതി സനോൺ നായികയായി എത്തുന്ന 'തേരെ ഇഷ്ക് മേം' എന്ന ചിത്രമാണ് ധനുഷിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ആനന്ദ് എൽ റായി സംവിധാനം ചെയ്യുന്ന നവംബർ 28-ന് തിയേറ്ററുകളിൽ എത്തും. 'ഡിഎസ് 54' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന മറ്റൊരു പ്രോജക്റ്റും അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്, അതിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 'ഇഡ്‌ലി കടൈ' ആയിരുന്നു അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.
Content Highlights: Dhanush's Unexpected Watch Inspiration: A Humble Childhood Favorite at Dubai Watch Week