'ഭാവി സൂപ്പർസ്റ്റാർ'; അറ്റ്ലിക്ക് പിന്നാലെ നസ്ലിന് പ്രശംസയുമായി ‘സീൻ’ ആക്ഷൻ ഡയറക്ടറും

'സീൻ' എന്ന ചിത്രത്തിലെ നസ്ലിന്റെ വില്ലൻ വേഷത്തെ പ്രശംസിച്ച് ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസ. ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ നായകനായ ചിത്രത്തിലെ പ്രകടനത്തിനാണ് സ്റ്റണ്ട് കൊറിയോഗ്രാഫറുടെ അഭിനന്ദനം. നസ്ലിന്റെ തമിഴ് അരങ്ങേറ്റ ചിത്രവും ചേതൻ ഡിസൂസയ്ക്കൊപ്പമുള്ള ആദ്യ പ്രൊജക്റ്റുമാണിത്. എന്നാൽ, ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുന്നത് പോലെയല്ല തനിക്ക് അനുഭവപ്പെട്ടതെന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
സ്വാഭാവിക അഭിനയശേഷിയുള്ള നടനാണ് നസ്ലിനെന്ന് ചേതൻ ഡിസൂസ പ്രശംസിച്ചു. നസ്ലിനോടൊപ്പം പ്രവർത്തിക്കുന്നത് ഏറെ സന്തോഷകരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 'നസ്ലിൻ എത്രത്തോളം മെച്ചപ്പെട്ടുവെന്നും 'സീൻ' സിനിമയിൽ എത്ര മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും കാണുമ്പോൾ വലിയ സന്തോഷമുണ്ട്. ഈ യുവാവിനെക്കുറിച്ച് ഓർത്ത് അഭിമാനമുണ്ട്. ഇനിയും മികച്ച പ്രകടനം തുടരുക. വളർന്നുവരുന്നത് ഭാവിയിലെ സൂപ്പർസ്റ്റാർ ആണ്,' അദ്ദേഹം കൂട്ടിച്ചേർത്തു. ചേതൻ ഡിസൂസയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നസ്ലിൻ ഹൃദ്യമായ കമന്റിലൂടെ മറുപടി നൽകി.
നേരത്തെ, സംവിധായകൻ അറ്റ്ലിയും നസ്ലിനെ ഭാവിയിലെ സൂപ്പർസ്റ്റാർ എന്ന് പ്രശംസിച്ചിരുന്നു. 'നസ്ലിൻ, എന്റെ ദൈവമേ... എന്തൊരു പെർഫോമറാണ്. ഒടുക്കത്തെ കരിസ്മയും സ്ക്രീൻ പ്രസൻസും. അനിയാ, നീ ഭാവിയിലെ സൂപ്പർസ്റ്റാറാണ്. നിങ്ങൾ നാളെ ഉറപ്പായും ഇൻഡസ്ട്രി ഭരിക്കും', എന്നായിരുന്നു അറ്റ്ലിയുടെ വാക്കുകൾ.
അറ്റ്ലിയുടെ പ്രശംസയ്ക്ക് നസ്ലിൻ നന്ദി പറഞ്ഞിരുന്നു. നന്ദി അറിയിച്ച് അറ്റ്ലിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിരുന്നതായും കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി നസ്ലിൻ പറഞ്ഞു.
Content Highlights: Action director Chethan Dsouza praised Naslen's villain role in the Tamil film 'Scene', directed by Jithu Madhavan and starring Suriya. Taking to Instagram, the stunt choreographer described Naslen as a natural actor and a future superstar. The film marks Naslen's Tamil debut as well as his first collaboration with Chethan Dsouza. Naslen responded to Chethan Dsouza's social media post with a heartfelt comment. Earlier, filmmaker Atlee had also praised Naslen's screen presence and called him a future superstar.