'പ്രണവ്, നീ ലാലിന്റെ ചക്കരകുട്ടന്‍ തന്നെ, അല്‍ പാചിനോയെ ഓര്‍ത്തുപോയി'; 'ഡീയസ് ഈറേ'യെ പ്രശംസിച്ച് ഭദ്രന്‍

രാഹുല്‍ സദാശിവന്‍ ചിത്രം 'ഡീയസ് ഈറേ'യേയും നായകന്‍ പ്രണവ് മോഹന്‍ലാലിനേയും അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍. സംവിധായകന്‍ രാഹുല്‍ സദാശിവനേയും പ്രണവിനേയും സംഗീതസംവിധായകന്‍ ക്രിസ്‌റ്റോ സേവ്യറിനേയും പേരെടുത്താണ് ഭദ്രന്‍ പ്രശംസിച്ചത്. സത്യസന്ധമായ ഉള്ളടക്കവും അതുപറയാന്‍ കെട്ടുറപ്പുള്ള തിരക്കഥകൂടി ചേര്‍ന്നപ്പോള്‍ തോനുള്‍പ്പെടെയുള്ള പ്രേക്ഷകര്‍ മുള്‍മുനയില്‍ നില്‍ക്കുകയായിരുന്നുവെന്ന് ഭദ്രന്‍ അഭിപ്രായപ്പെട്ടു. പ്രണവിന്റെ അഭിനയം കണ്ടപ്പോള്‍ താന്‍ വിഖ്യാത ഹോളിവുഡ് നടന്‍ അല്‍ പാചിനോയെ ഓര്‍ത്തുപോയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'രാഹുല്‍ സദാശിവന്റെ 'ഭൂതകാലം' അന്ന് കണ്ടപ്പഴേ അത്യപൂര്‍വമായ ഒരു സിനിമയായി തോന്നി. പിന്നീട് ഇറങ്ങിയ 'ഭ്രമയുഗ'വും പ്രശംസനീയമായിരുന്നു. ഇപ്പോള്‍ ഇറങ്ങിയ 'ഡീയസ് ഈറേ' എന്തുകൊണ്ടോ ഒട്ടുംതാമസിക്കാതെ തന്നെ കാണാന്‍ മനസ്സില്‍ ഒരുത്വരയുണ്ടായി. ഈ സിനിമകളുടെ ഴോണറുകളില്‍ എല്ലാം സമാനതകളുണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി. സത്യസന്ധമായ ഒരു കണ്ടന്റ് പറയാന്‍ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ മുള്‍മുനയില്‍ തന്നെ നിന്നു. ഞാന്‍ അടക്കം. വെല്‍ഡണ്‍ രാഹുല്‍', ഭദ്രന്‍ കുറിച്ചു.
'പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തന്‍ പോര്‍മുഖം ഉടനീളം കണ്ടു. 80-കളിലും 90-കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച അല്‍ പാചിനോയെ ഞാന്‍ ഓര്‍ത്തുപോയി. സ്ഥിരം സിനിമകളില്‍ കാണുന്ന അട്ടഹാസങ്ങളോ പോര്‍വിളികളൊ അല്ലാത്ത ഒരു അറ്റയറിനും പ്രാധാന്യം നല്‍കാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉള്‍ക്കൊണ്ട്, വരച്ചവരയില്‍നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു. ഹെയ് പ്രണവ്, നീ ലാലിന്റെ ചക്കരകുട്ടന്‍ തന്നെ', പ്രണവിനെ അദ്ദേഹം പ്രശംസിച്ചു.
'സിനിമയെ ചടുലമാക്കിയ എഡിറ്റുകളും സൈലെന്‍സുകളും സൗണ്ട് ഡിസൈനും എല്ലാത്തിനേം സമന്വയിപ്പിച്ചുകൊണ്ടുള്ള ബ്രില്ലിയന്റ് ബാക്ക്ഗ്രൗണ്ട് സ്‌കോറും അവിശ്വസനീയം. ക്രിസ്റ്റോയ്ക്കും എന്റെ എല്ലാ അഭിനന്ദങ്ങളും. ആകാശം മാത്രമാണ് പരിധി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭദ്രന്റെ വാക്കുകള്‍ക്ക് നന്ദിയുമായി സംവിധായകനുമെത്തി. 'നന്ദി സര്‍', എന്ന് രാഹുല്‍ ഭദ്രന്റെ പോസ്റ്റിനുതാഴെ കമന്റ് ചെയ്തു.
Content Highlights: Director Bhadran lauds Pranav Mohanlal`s performance in `Diés Iraé`, comparing him to Al Pacino