'ബാറ്റിൽ ഓഫ് ഗാൽവൻ'; വിമർശിച്ച് ചൈനീസ് മാധ്യമം, ഇവിടെ സർഗാത്മക സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യ

ന്യൂഡൽഹി: 2020-ലെ ഇന്ത്യ-ചൈനീസ് ഗാൽവൻ സംഘർഷം പ്രമേയമാക്കി ഒരുക്കുന്ന സൽമാൻഖാൻ ചിത്രം 'ബാറ്റിൽ ഓഫ് ഗാൽവനെ' വിമർശിച്ച് ചൈനീസ് മാധ്യമങ്ങൾ. ഏപ്രിലിൽ റിലീസ് ചെയ്യാൻപോകുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് വിമർശനമുയർന്നത്. സിനിമ യാഥാർഥ്യങ്ങളെ വളച്ചൊടിക്കുകയാണെന്ന് ചൈനയിലെ 'ഗ്ലോബൽ ടൈംസ്' അഭിപ്രായപ്പെട്ടു. അപൂർവ ലാഖിയ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നിർമാണവും സൽമാൻഖാനാണ്.
അതേസമയം, ചിത്രത്തിനെതിരെയുള്ള ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ഉന്നയിച്ച വിമർശനങ്ങളെ ഇന്ത്യ ചൊവ്വാഴ്ച ശക്തമായി തള്ളിക്കളഞ്ഞു. ചലച്ചിത്ര നിർമാതാക്കൾക്ക് സർഗാത്മക സ്വാതന്ത്ര്യമുണ്ടെന്നും ചരിത്രപരമായ സൈനിക നീക്കങ്ങളെ ആസ്പദമാക്കി സിനിമകൾ നിർമ്മിക്കുന്ന ഇന്ത്യൻ സിനിമയുടെ ദീർഘകാല പാരമ്പര്യം തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. മുമ്പും ഇത്തരം സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്നും 1962 ലെ യുദ്ധം ആവിഷ്കരിച്ച് 1964 ൽ പുറത്തിറങ്ങിയ ഹഖീഖത്ത്, അടുത്തിടെ പുറത്തിറങ്ങിയ റെസങ് ലാ യുദ്ധത്തെ ആസ്പദമാക്കിയുള്ള 120 ബഹദൂർ എന്നിവ അതിന് ഉദാഹരണങ്ങളാമണെന്നും ഇന്ത്യൻ സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഗാൽവൻ ഏറ്റമുട്ടലിലെ യഥാർത്ഥ വസ്തുതകളുമായി സിനിമ ഒത്തുപോകുന്നില്ലെന്ന് ഗ്ലോബൽ ടൈംസ് ലേഖനം അവകാശപ്പെടുന്നു. . ചൊവ്വാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ടിലെ വിവാദമായ ഒരു ഭാഗത്ത്, ഗാൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കേണൽ ബിക്കുമല്ല സന്തോഷ് ബാബുവിന്റെ പങ്കിനെ ഗ്ലോബൽ ടൈംസ് തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ അതിശയോക്തി കലർത്തിയും നാടകീയമായി പെരുപ്പിച്ചുകാട്ടിയുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
Content Highlights: China criticizes Salman Khan`s upcoming film `Battle of Galwan` depicting the 2020 clash. India defends creative freedom and historical filmmaking. Learn more!