മെയിൻ ഫോട്ടോ എവിടെയെന്ന് നസ്രിയ, അടുത്ത തവണ താൻ വരാമെന്ന് സഞ്ജു; ബേസിലിൻ്റെ കമൻ്റ് ബോക്സിലും ട്രോൾ

Photo: instagram.com/ibasiljoseph & instagram.com/nazriyafahadh
Photo: instagram.com/ibasiljoseph & instagram.com/nazriyafahadh

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ ട്രോളുകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. ട്രോളുകള്‍ക്കിടെ 'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്‌സ്' എന്നുപറഞ്ഞ് ബേസില്‍ പോസ്റ്റിട്ടെങ്കിലും സുഹൃത്തുക്കളും സിനിമാതാരങ്ങളുമായ പലരും ആ പോസ്റ്റിലും നടനെ ട്രോളി. എന്തായാലും ബേസിലിന്റെയും സുഹൃത്തുക്കളുടെയും ഈ കമന്റുകളും ട്രോളുകളുമെല്ലാം ആരാധകരും ഏറെ തമാശയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 

കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്ബോൾ ഫൈനലിന്റെ സമാപനച്ചടങ്ങില്‍ മെഡല്‍ വിതരണത്തിടെ ഒരു താരത്തിനുനേരെ ബേസില്‍ ജോസഫ് കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന്‍ പൃഥ്വിരാജിന് താരം കൈകൊടുത്തതുമാണ് ട്രോളുകള്‍ക്കിടയാക്കിയത്. ഇതിന്റെ വീഡിയോയും ട്രോളുകളും കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു.

ശ്രീനിവാസനും മോഹല്‍ലാലും അഭിനയിച്ച 'അക്കരെ അക്കരെ അക്കരെ' സിനിമയിലെ മീമുകള്‍ക്കൊപ്പമാണ് ബേസിലിനും ട്രോളുകള്‍ കിട്ടിയത്. അതിനിടെ നേരത്തെ ടൊവിനോയ്ക്ക് സമാനസാഹചര്യമുണ്ടായപ്പോള്‍ ബേസില്‍ പൊട്ടിച്ചിരിച്ചതിന്റെ കര്‍മഫലമാണിതെന്നും സാമൂഹികമാധ്യമങ്ങളില്‍ കമന്റുകളുണ്ടായി.

ഒരു സിനിമയുടെ പൂജയ്ക്കിടെ ആരതി നല്‍കിയപ്പോള്‍ ടൊവിനോയെ കാണാതെ പൂജാരി കടന്നുപോയിരുന്നു. അന്ന് സമീപത്തുണ്ടായിരുന്ന ബേസില്‍ ജോസഫ് ടൊവിനോയെ നോക്കി പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ബേസിലിന് സംഭവിച്ച അക്കിടിയെ ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് പലരും ട്രോളിയത്. 

എന്തായാലും ട്രോളുകള്‍ക്ക് പിന്നാലെ സൂപ്പര്‍ലീഗ് ഫൈനലില്‍ കാലിക്കറ്റ് എഫ്.സി. കപ്പടിച്ചതിന്റെ ആഹ്ലാദവും ട്രോളുകള്‍ക്കുള്ള മറുപടിയും ബേസില്‍ ജോസഫ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കാലിക്കറ്റ് എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസിഡറായ ബേസില്‍ ജോസഫ് ഫൈനല്‍ മത്സരത്തിലെ ചിത്രങ്ങളും കപ്പടിച്ച ടീമിന്റെ ചിത്രങ്ങളുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്സ്' എന്നായിരുന്നു ബേസില്‍ പോസ്റ്റില്‍ കുറിച്ചത്. ഒപ്പം തന്നെ ട്രോളിയ സുഹൃത്തുക്കളായ ടൊവിനോ തോമസിനെയും സഞ്ജു സാംസണിനെയും നടന്‍ ടാഗ് ചെയ്തിട്ടുമുണ്ട്. എന്തായാലും ബേസിലിന്റെ ഈ പോസ്റ്റില്‍ 'കണ്‍ഗ്രാജുലേഷന്‍സ്' എന്നായിരുന്നു ടൊവിനോയുടെ കമന്റ്. തൊട്ടുപിന്നാലെ നടി നസ്രിയ ഫഹദും രസകരമായ കമന്റിട്ടു. 'മെയിന്‍ ഫോട്ടോ എവിടെ' എന്നായിരുന്നു നസ്രിയയുടെ കമന്റ്. 'നീയും എന്നെ...' എന്നായിരുന്നു നസ്രിയയുടെ കമന്റിന് ബേസിലിന്റെ മറുപടി.

'കണ്‍ഗ്രാറ്റ്‌സ് പയ്യാ! അടുത്ത തവണ കൈ തരാന്‍ മലപ്പുറം എഫ്.സി.ക്കൊപ്പം ഞാന്‍ വരാം' എന്നായിരുന്നു ബേസിലിന്റെ പോസ്റ്റില്‍ സുഹൃത്തും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണിന്റെ കമന്റ്. പേളി മാണി, എസ്തര്‍ അനില്‍, സുരഭി ലക്ഷ്മി, നഹാസ് ഹിദായത്ത് തുടങ്ങി സിനിമാരംഗത്തെ പലരും ബേസിലിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: basil joseph football troll nazriya sanju samson tovino comments