പ്രണവ് നായകനായും ആഷിഷ് വില്ലനായും ഒരു പടം മനസിലുണ്ടായിരുന്നു, ചർച്ച ചെയ്തിരുന്നു -ആന്റണി പെരുമ്പാവൂർ

മകൻ ആഷിഷ് ജോ ആന്റണിയുടെ സിനിമാ പ്രവേശനത്തേക്കുറിച്ച് വാചാലനായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആഷിഷിനെ ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ആരോടും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടക്കം എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആശീർവാദ് സിനിമാസ് തയ്യാറാക്കിയ പ്രത്യേക ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിസ്മയ സിനിമയിലേക്ക് വരുന്നുവെന്നത് വലിയൊരദ്ഭുതമായിരുന്നെന്നും ആന്റണി വ്യക്തമാക്കി.
"ഞാനെന്റെ ഇഷ്ടങ്ങൾ പറയുന്ന സമയത്ത് കേൾക്കുകയും അനുസരിക്കുകയുംചെയ്യുന്നയാളാണ് ആഷിഷ്. പ്രണവിനേയും ആഷിഷിനേയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രണവ് സിനിമയിൽ വന്നതിനുശേഷം ഇക്കാര്യം ഒരുപാട് തവണ ഞങ്ങൾ ചർച്ച ചെയ്തതാണ്. ഞങ്ങളുടെ സംസാരത്തിൽ വന്നതാണ്. പ്രണവ് നായകനും ആഷിഷ് വില്ലനുമായി ഒരു സിനിമയായിരുന്നു മനസിൽ. അപ്പോൾ പ്രണവ് പറയും, ചേട്ടൻ പ്ലാൻ ചെയ്തോ, ഞാൻ വില്ലൻ, ആഷിഷ് നായകൻ എന്ന്.
മായ സിനിമയിലേക്ക് വരുന്നു എന്നത് വലിയൊരുദ്ഭുതമായിരുന്നു. ആറുവർഷം മുൻപ് ജൂഡുമായി സംസാരിച്ചിരുന്നു എന്ന് കേട്ടിരുന്നു. എന്നാൽ അത് ഗൗരവത്തിൽ എടുത്തിരുന്നില്ല. പിന്നീടൊരിക്കൽ ജൂഡ് വിളിച്ച് സംസാരിച്ചപ്പോഴാണ് സംഗതി സീരിയസാണെന്ന് മനസിലായത്. അപ്പോഴൊന്നും ആഷിഷിനെ ആ സിനിമയിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. തുടക്കത്തിന്റെ കഥ ഞാനും സുചിത്ര ചേച്ചിയും ജൂഡും ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരുവേഷം ആഷിഷിന് കൊടുത്താൽ നന്നായിരിക്കുമെന്ന് അഭിപ്രായമുണ്ടായത്. അങ്ങനെയൊരു കാര്യം മനസിലുണ്ടെന്നും സംസാരിക്കാനിരിക്കുകയാണെന്നും ജൂഡ് മറുപടി പറഞ്ഞു. ചേച്ചിയും ലാൽസാറും സംസാരിച്ചാണ് പിന്നീട് ആഷിഷ് ഈ പടത്തിലേക്ക് വരുന്നത്.
ആഷിഷിനെ ഒരു സിനിമയിൽ അഭിനയിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരോടും പറഞ്ഞില്ല. എന്നെ സംബന്ധിച്ചും എന്റെ കുടുംബത്തെ സംബന്ധിച്ചും ഇതൊരു ചെറിയ കാര്യമല്ല. കാരണം മോഹൻലാൽ സാറിന്റെ മകൾ ഒരു സിനിമയിൽ അഭിനയിക്കുന്നു, അതിന്റെ പ്രഖ്യാപനസ്ഥലത്തുവെച്ച് സാർ എന്റെ മകനെ പരിചയപ്പെടുത്തുന്നു. അവന് ആ വേദിയിൽ നിൽക്കാൻ പറ്റുന്നു. എനിക്കും എന്റെ കുടുംബത്തിനും അത് അത്രയും പ്രിയപ്പെട്ട കാര്യമാണ്." ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.
കഴിഞ്ഞദിവസമാണ് വിസ്മയ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രം റിലീസ് ചെയ്തത്. ജൂഡ് ആന്റണി ജോസഫാണ് ചിത്രം സംവിധാനംചെയ്തത്. 2018 എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Content Highlights: Producer Antony Perumbavoor shared his pride and joy regarding his son Aashish Joe Antony's acting debut in Jude Anthany Joseph's Thudakkam, revealing past plans of casting Aashish alongside Pranav Mohanlal and expressing gratitude to Mohanlal's family.