നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ചുള്ള എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ പോലീസ് റിപ്പോർട്ടിനെതിരെ ഗുരുതര നിരീക്ഷണങ്ങൾ. കേസെടുക്കാൻ കഴിയില്ലെന്ന പോലീസ് റിപ്പോർട്ട് തള്ളിയാണ് കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ജിഹാദി ഉൾപ്പെടെയുള്ള പരാമർശം ടിനി ടോം തമാശയായി നടത്തിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ടിനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കും.
നടിയും 'അമ്മ' എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. 'അമ്മ' ഓഫീസിൽവെച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു. ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീന കുറുപ്പിന്റെ മൊഴിയിലുണ്ടായിരുന്നു.
അൻസിബയ്‌ക്കെതിരെ ടിനി ടോം ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി എന്നീ വാക്കുകൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ജിഹാദി ഉൾപ്പെടെയുള്ള വാക്കുകൾ ടിനി തമാശയായി ഉപയോഗിച്ചതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പോലീസ് റിപ്പോർട്ട് പൂർണമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ശരിയായ നിഗമനത്തിൽ എത്താൻ സാധിക്കൂവെന്നും നിരീക്ഷിച്ചാണ് കോടതി വിശദമായ അന്വേഷണത്തിന് നിർദേശിച്ചത്.
പ്രഥമദൃഷ്ട്യാ ടിനി കുറ്റം ചെയ്തിട്ടുണ്ട്. ഹർജിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ട്. കുറ്റകൃത്യം നടന്നത് കടവന്ത്ര പോലീസ് സ്‌റ്റേഷൻ പരിധിയിൽ അല്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ചൊവ്വാഴ്ചയാണ് അൻസിബയുടെ പരാതിയിൽ ടിനിക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി (ഏഴ്) നിർദേശം നൽകിയത്. അൻസിബയുടെ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം.
അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്നായിരുന്നു പോലീസ് റിപ്പോർട്ട്. അൻസിബയുടെ ഹർജിയിൽ കോടതി പോലീസ് റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.
ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ പോലീസിൽ പരാതി നൽകിയിരുന്നു. പ്രാഥമിക പരിശോധന നടത്തിയ പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് കൈമാറി. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം.
ടിനി ടോമിനെതിരായ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ടിനി ടോം ജിഹാദി എന്ന് വിളിച്ചു, മതപരിവർത്തനം ആരോപിച്ചു എന്നിങ്ങനെയാണ് അൻസിബയുടെ പരാതിയിലുള്ളത്.
Content Highlights: Ernakulam Magistrate Court has rejected the police report and ordered a detailed investigation against actor Tini Tom based on a complaint filed by actress Ansiba Hassan. The police had initially reported that Tini Tom's remarks, including calling Ansiba a "Jihadi," were made in jest and lacked criminal intent, thus requesting to close the case. Actress and AMMA executive member Neena Kurup's statement proved crucial, as she confirmed to the police that Tini made derogatory comments about Ansiba at the AMMA office. The court criticized the police's logic, stating that if the jurisdiction was an issue, they should have registered an FIR and transferred the case to the respective station instead of dismissing it. Following the strict directive from the court, the police will now officially register a case against Tini Tom and initiate a comprehensive probe into the verbal abuse allegations