പരാതിക്കാരിയായ ഞാൻ മാപ്പെഴുതിക്കൊടുക്കണമെന്ന് ടിനി ടോം, ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? -അൻസിബ

#മൂവി ഡെസ്ക്
ടിനി ടോം, അൻസിബ ​ഹസ്സൻ | ഫോട്ടോ: റി​ദിൻ ദാമു\ മാതൃഭൂമി, Facebook
ടിനി ടോം, അൻസിബ ​ഹസ്സൻ | ഫോട്ടോ: റി​ദിൻ ദാമു\ മാതൃഭൂമി, Facebook

ടിനി ടോമിനെതിരായ തന്റെ പരാതി ഒത്തുതീർപ്പാക്കുന്നതിനെപ്പറ്റി രമേഷ് പിഷാരടി വിളിച്ചുസംസാരിച്ചിരുന്നുവെന്ന് അൻസിബ ഹസ്സൻ. ടിനി ടോമിന്റെ ഭാഗത്തുനിന്നും രമേഷ് പിഷാരടിയെ അറിയിച്ചത് താൻ മാപ്പെഴുതിക്കൊടുക്കണം എന്നായിരുന്നെന്നും അൻസിബ വെളിപ്പെടുത്തി. പരാതിക്കാരി മാപ്പെഴുതാൻ ഇത് വെള്ളരിക്കാപ്പട്ടണമാണോയെന്ന് അൻസിബ ചോദിച്ചു. ശനിയാഴ്ച രാവിലെ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻസിബ. താൻ മാപ്പെഴുതി നൽകണമെന്ന് പറയുന്നത് എവിടത്തെ ന്യായമാണെന്നും അൻസിബ ചോദിച്ചു.

കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. അദ്ദേഹം ഒരുപാട് തവണ വിളിച്ച് സംസാരിച്ചു. ഇത്രയും തവണ വിളിച്ച് സംസാരിച്ച ആളല്ലേ എന്ന ബഹുമാനം കൊണ്ടാണ് രമേഷ് പിഷാരടിയോട് സംസാരിച്ചത്. അദ്ദേഹം പരാതിക്കാരിയായ തന്നോട് ഇനി പരാതി കൊടുക്കില്ല എന്നുപറഞ്ഞ് മാപ്പെഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. അതെവിടുത്തെ ന്യായമാണ്. അതുകൊണ്ട് ഇനിയിതിനെപ്പറ്റി സംസാരിക്കേണ്ട എന്ന് പറഞ്ഞെന്നും അൻസിബ വ്യക്തമാക്കി. ചോർന്ന ശബ്ദസംഭാഷണത്തെപ്പറ്റി ചോദിച്ചപ്പോൾ വളരെ പേഴ്‌സണലായിട്ട് സംസാരിക്കുന്ന ഓഡിയോ ലീക്ക് ചെയ്യുന്നത് ഐടി ആക്ട് പ്രകാരം തെറ്റാണെന്ന് അൻസിബ കൂട്ടിച്ചേർത്തു.

സംഘടനയുടെ അംഗമായ, ഇലക്ഷനിൽ ജയിച്ച് ജനപ്രതിനിധി ആയ രമേഷ് പിഷാരടിയെ തകർക്കാനുള്ള പൊളിറ്റിക്കൽ അജണ്ടയാണിതെന്ന് മാലാ പാർവതി ആരോപിച്ചു. അവർ നടത്തിയ മോശം പരാമർശങ്ങളെല്ലാം ഒഴിവാക്കി, ദുബായിൽ കൊണ്ടുപോയ വ്യക്തിയുടെ പേര് മ്യൂട്ട് ചെയ്ത്, രമേഷ് പിഷാരടിയെ അപമാനിക്കാൻ മാത്രം നടത്തിയ നീക്കമാണ് എന്നു പറഞ്ഞ മാലാ പാർവതി അത് അങ്ങേയറ്റം തെറ്റാണെന്ന് വ്യക്തമാക്കി.

സ്‌പോൺസറുടെ കയ്യിൽ നിന്നും പണം വാങ്ങി കൈനീട്ടം തരണ്ട കാര്യമില്ല. ഇത്രയുംകാലം സംഘടന നടന്നു പോയത് താരങ്ങൾ സ്‌റ്റേജ് ഷോ നടത്തിയ കാശ് കൊണ്ടാണ്. ഇനിയും ഫണ്ടുണ്ടാക്കാൻ താരങ്ങൾ തയ്യാറാണ്. പിന്നെയെന്തിനാണ് ഇങ്ങനെയൊരു പ്ലേ അവർ നടത്തിയത്. തായലന്റിൽ കൊണ്ടുപോകാൻ സ്‌പോൺസറെ കൊണ്ടുവന്ന് പതിനഞ്ച് കോടി കൂടി ഇൻവെസ്റ്റ് ചെയ്യിക്കണ്ട കാര്യമെന്താണ്. സംഘടനയെ എങ്ങോട്ട് കൊണ്ടുപോകാനാണ് ഇവരുദ്ദേശിക്കുന്നതെന്നും ഉഷ ഹസീന ചോദിച്ചു.

തായ്‌ലൻഡ് യാത്രയുടെ പിന്നിലെ ഉദ്ദേശശുദ്ധിയെ മാലാ പാർവതി ചോദ്യം ചെയ്തു. ഇതിനുപിന്നിലെന്തെങ്കിലും കള്ളത്തരമുണ്ടെന്നു തെളിഞ്ഞാൽ പിന്നീട് അംഗങ്ങൾ എന്ത് ചെയ്യാനാണ്. നടക്കാൻ പോലും ബുദ്ധിമുട്ടുള്ള ഒരുപാട് പേർ സംഘടനയിലുണ്ട്. അവരെയൊക്കെയും കൊണ്ട് തായ്‌ലന്റിലേക്ക് പോകുന്നത് എന്തിനാണെന്ന് നടി ചോദിച്ചു.

ഇതിനുപിന്നിൽ സംഘപരിവാർ ഇടപെടലുകളാണോ എന്ന് സംവിധായകൻ കമൽ സംശയമുയർത്തിയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അതിൽ തങ്ങൾക്കും സംശയമുണ്ട്, അത് പറയുകയും ചെയ്തു എന്നായിരുന്നു മറുപടി. ഡീൽ അവരിങ്ങോട്ടുനടത്തിയതാണോ ഇവരങ്ങോട്ട് നടത്തിയതാണോ എന്നറിയില്ല. അത് അന്വേഷിക്കണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടു.

‘അമ്മ’യിൽ രാഷ്ട്രീയ അയിത്തമുണ്ടോ എന്ന ചോദ്യത്തിന് തങ്ങളാരും സ്വന്തം രാഷ്ട്രീയം സംഘടനയിൽ തുറന്നു പറഞ്ഞിട്ടില്ലെന്ന് ഉഷ ഹസീന പറഞ്ഞു. ലക്ഷ്മിപ്രിയയാണ് സംഘടനയിലെ മറ്റംഗങ്ങളുടെ രാഷ്ട്രീയം പറഞ്ഞത്. അമ്മയിൽ രാഷ്ട്രീയവുമില്ല മതവുമില്ല. എല്ലാവരും ഒരുപോലെയാണ് എന്നും ഉഷ ഹസീന മറുപടി പറഞ്ഞു.

അൻസിബയെ മതതീവ്രവാദി എന്ന് വിളിച്ചത് അവരാണെന്ന് മാലാ പാർവതി ഓർമ്മിപ്പിച്ചു. സംഘടനയിൽ അംഗമായ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളിലൂടെ അമ്മയെ തകർക്കാൻ സമ്മതിക്കില്ലെന്നും ഇടപെടുമെന്നും പറയുന്നത് കണ്ടതല്ലാതെ നേരിട്ട് ഇടപെട്ടിട്ടില്ല എന്ന് അവർ വ്യക്തമാക്കി. ജനറൽ ബോഡി യോഗത്തിൽ സംഘടനയെ തകർക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. ജനറൽ ബോഡിയുടെ തീരുമാനത്തിനൊപ്പമാണ് എന്ന് മോഹൻലാൽ വ്യക്തമാക്കിയെന്നും മൂന്നുപേരും വ്യക്തമാക്കി.

Content Highlights: Ansiba Hassan press meet Kochi, Ramesh Pisharody phone call audio leak IT act, Tiny Tom complaint Ansiba, AMMA association Thailand trip sponsor, director Kamal Sangh Parivar AMMA row, Suresh Gopi union minister intervention, Mohanlal general body stand, Malayalam actress news July 2026