‘ശ്വേത പറഞ്ഞത് ഒരുകോടി, കരാറിൽ 75 ലക്ഷം’; 25 ലക്ഷം എവിടെപ്പോയിയെന്ന് അൻസിബ; അനൂപ് ചന്ദ്രനെതിരെ ഉഷ

'അമ്മ' കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്‌പോൺസർഷിപ്പ് കരാറിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ ഗുരുതര ആരോപണവുമായി നടിയും മുൻജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. വെണ്ണല തെക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സ്‌പോൺസർഷിപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിച്ചത് ശ്വേതയായിരുന്നുവെന്ന് അൻസിബ പറഞ്ഞു. ഒരുകോടി എന്നായിരുന്നു പറഞ്ഞത്. കരാറിൽ അത് 75 ലക്ഷമായി. 25 ലക്ഷം എവിടെ പോയെന്നും അൻസിബ ചോദിച്ചു. മതസ്ഥാപനം സ്‌പോൺസർഷിപ്പിലേക്ക് വരുന്നതിനെ എതിർത്തതുമുതൽ തന്നോട് വൈരാഗ്യം കാണിക്കാൻ തുടങ്ങിയെന്നും അൻസിബ ആരോപിച്ചു.
അതേസമയം, കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്വേതയ്‌ക്കെതിരെ ആരോപണവുമായി ഉഷാ ഹസീനയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് അനൂപ് ചന്ദ്രൻ അൻസിബക്കെതിരെ മോശം വീഡിയോ ചെയ്തു. ആ വീഡിയോയെക്കുറിച്ച് ശ്വേതയോട് പറഞ്ഞപ്പോൾ, തനിക്ക് വളരെ സന്തോഷമായെന്നും അങ്ങനെ തന്നെവേണമെന്നുമായിരുന്നു അവരുടെ മറുപടിയെന്നും ഉഷാ ഹസീന ആരോപിച്ചു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
'ശ്വേത ചേച്ചിയാണ് കമ്മിറ്റിയിൽ കൊണ്ടുവന്നത്. അന്ന് പറഞ്ഞത് ഒരുകോടി എന്നായിരുന്നു. എഗ്രിമെന്റ് ആയപ്പോൾ 75 ലക്ഷമായി മാറി. 25 ലക്ഷം എവിടെ പോയി എന്നറിയില്ല. ഇക്കാര്യം കൊണ്ടുവന്നപ്പോൾ ഞാൻ എതിർത്തു. നമ്മുടെ ധാർമികതയ്ക്ക് ചേരുന്നതല്ല. അമ്മയിൽ 32 വർഷമായി ഒരു മതസ്ഥാപനവും മതചിഹ്നവും കടന്നുകൂടിയിട്ടില്ല. ഇന്നൊരു ക്ഷേത്രം വരികയാണെങ്കിൽ നാളെ ഒരു മുസ്ലിം പള്ളിയും പിന്നീട് ക്രിസ്ത്യൻ പള്ളിയും രാഷ്ട്രീയ പാർട്ടികളും വരും. അതുപാടില്ല. എന്നത് പറഞ്ഞോ, അന്നുമുതൽ വൈരാഗ്യം കാണിക്കാൻ തുടങ്ങി', അൻസിബ പറഞ്ഞു.
പോലീസിനെതിരെയും അൻസിബ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 'ലക്ഷ്മിപ്രിയയ്‌ക്കെതിരായി നൽകിയ പരാതിയിൽ ഇതുവരെ കേസ് എടുത്തിട്ടില്ല. ലക്ഷ്മിപ്രിയ എന്ന വ്യക്തിക്ക് ഇത്രയും സ്വാധീനമുണ്ടോയെന്ന് ഞാൻ ആലോചിക്കുകയാണ്. പരാതി കിട്ടിയിട്ടില്ലെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ഞാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു. എഫ്‌ഐആർ ഇട്ടിട്ടില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ, വിളിച്ച് സംസാരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫോൺ കട്ട് ചെയ്ത് അഞ്ചുമിനിറ്റിന് ശേഷം പോലീസ് സ്‌റ്റേഷനിൽനിന്ന് എന്നെ വിളിച്ചു. പരാതിയുടെ രസീത് അയച്ചിട്ടുണ്ടെന്ന് സിഐ എന്നോട് പറഞ്ഞു. എഫ്‌ഐആർ ഇടുന്നില്ലേ സർ, എന്ന് ചോദിച്ചപ്പോൾ പതിനാലുദിവസംകൊണ്ട് പ്രാഥമിക അന്വേഷണം നടത്തട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി വിളിച്ചുപറഞ്ഞാൽ പോലും എഫ്‌ഐആർ ഇടാൻ പറ്റാത്ത പോലീസ് സ്‌റ്റേഷനാണോ കേരളത്തിൽ ഉള്ളത്? തൃക്കാക്കര എംഎൽഎ ഉമാ തോമസുമായും മന്ത്രി ബിന്ദു കൃഷ്ണയുമായും സംസാരിച്ചു. എനിക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ല. എനിക്ക് നീതി കിട്ടുന്നത് കോടതിയിൽ പോവുമ്പോൾ മാത്രമാണ്, അവർ കൂട്ടിച്ചേർത്തു.
'17-പേരടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ടിനി ടോം എനിക്ക് ഡബിൾ ഡാഡി സിൻഡ്രോം ആണെന്ന് മെസേജ് അയച്ചു. അത് സ്ത്രീവിരുദ്ധതയാണെന്ന് പറയാൻ അന്നൊരു പ്രസിഡന്റുമുണ്ടായിരുന്നില്ല, എക്‌സിക്യൂട്ടീവ് അംഗങ്ങളുമുണ്ടായിരുന്നില്ല. പ്രിവിലേജുള്ളവരല്ല വുമൺ കാർഡ് പറയേണ്ടത്. അർഹിക്കുന്ന പരിഗണന കിട്ടാത്ത സ്ത്രീകൾക്കുവേണ്ടിയാണ് അത് പറയേണ്ടത്. പ്രിവിലേജുള്ളവർ രക്ഷപ്പെടാൻ വേണ്ടിയല്ല അത് പറയേണ്ടത്. ടിനി ടോം പറഞ്ഞത് മോശമാണെന്ന് മറ്റൊരാളും പറഞ്ഞില്ല. ആരോപണവിധേയനായ പുരുഷനെ മാറ്റി നിർത്താൻ പോലും പ്രസിഡന്റ് തയ്യാറായിട്ടില്ല. പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാവരുത്', അൻസിബ വ്യക്തമാക്കി.
'കമ്മിഷണരുടെ പ്രതികരണം കണ്ട് വേദന തോന്നി. ജിഹാദി എന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പോലീസ് റിപ്പോർട്ടിൽ പരയുന്നു. ജിഹാദിയെന്നും ഡബിൾ ഡാഡി സിൻഡ്രോം ആണെന്നും ഒരു വ്യക്തിക്ക് പല ആളുകളുമായി ബന്ധമുണ്ടെന്ന് പറയുന്നത് തമാശയാണെന്ന് പോലീസിന് എങ്ങനെയാണ് പറയാൻ കഴിയുന്നത്. വർഗീയവത്കരണം പോലീസ് സ്‌റ്റേഷനിലും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്', അവർ കൂട്ടിച്ചേർത്തു.
വിജയിക്കാൻ കുറുക്കുവഴികൾ സ്വീകരിച്ചവരാണ് നിലവിലെ ഭരണസമിതിയെന്ന് ഉഷാ ഹസീന ആരോപിച്ചു. 'അവർ വിജയിച്ചു ഭാരവാഹികളായി. അതിൽ പലർക്കും പല സംശയങ്ങളുമുണ്ട്. വ്യക്തിപരമായ നേട്ടങ്ങൾക്കും മറ്റുചില അജൻഡകൾ നടപ്പാക്കാനുമുള്ള പ്രവൃത്തികളാണ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അനൂപ് ചന്ദ്രൻ അൻസിബയെക്കുറിച്ച് മോശമായ തരത്തിൽ വീഡിയോ ഇറക്കി. ആ വീഡിയോയെക്കുറിച്ച് ശ്വേതാ മേനോനോട് പറഞ്ഞപ്പോൾ, എനിക്ക് വളരെ സന്തോഷമായി അങ്ങനെ തന്നെ വേണം നന്നായിപ്പോയി എന്നാണ് പറഞ്ഞത്. കഴിഞ്ഞദിവസം ശ്വേത വളരെ മോശമായ കാര്യമാണ് ചെയ്തത്. വിശ്വാസപൂർവം, ജനപ്രതിനിധികൂടിയായ സഹപ്രവർത്തകൻ വ്യക്തിപരമായി സംസാരിച്ച ഓഡിയോ ക്ലിപ് പുറത്തുവിട്ടു. പല ഭാഗത്തും അവർ സംസാരിച്ചത് മ്യൂട്ട് ചെയ്തിട്ടുണ്ട്. പിഷാരടി പറഞ്ഞ കാര്യങ്ങൾ മാത്രമാണ് മുഴുവനായി കൊടുത്തത്. അത് ക്രൈമാണ്', ഉഷാ ഹസീന പറഞ്ഞു.
Content Highlights: Ansiba Hassan alleges a 25 lakh discrepancy in sponsorship funds managed by Shweta Menon. Concerns raised regarding the involvement of religious institutions in AMMA events. Usha Haseena accuses Shweta Menon of supporting derogatory videos against Ansiba. Allegations of police inaction regarding complaints filed by Ansiba. Criticism of the current AMMA leadership's ethics and handling of internal disputes