'ഏത് ചട്ടമാണ് ഞാൻ ലംഘിച്ചത്?'; AMMAയുടെ കാരണം കാണിക്കൽ നോട്ടീസിനോട് അൻസിബ, കത്ത് പുറത്ത്

#മൂവി ഡെസ്ക്
അൻസിബ ഹസൻ | ഫോട്ടോ: www.facebook.com/AnsibaOfficial
അൻസിബ ഹസൻ | ഫോട്ടോ: www.facebook.com/AnsibaOfficial

താരസംഘടനയായ ‘അമ്മ’യുടെ കാരണംകാണിക്കൽ നോട്ടീസിൽ വ്യക്തത തേടി നടി അൻസിബ. സംഘടനയുടെ ബൈലോയിലെ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്നും അങ്ങനെയെങ്കിൽ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാമെന്നും അൻസിബ പറയുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൻസിബ AMMA-യ്ക്ക് അയച്ച മെയിലിന്റെ പകർപ്പ് പുറത്തുവന്നു.

ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരായി നടത്തിയ പരസ്യപ്രതികരണങ്ങളെത്തുടർന്നാണ് സംഘടന അൻസിബയ്ക്ക് കാരണംകാണിക്കൽ നോട്ടീസയച്ചത്. ബൈലോയിലെ മാർഗനിർദേശങ്ങൾ ലംഘിച്ചു എന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ഇതിലാണിപ്പോൾ അൻസിബ വ്യക്തത തേടിയിരിക്കുന്നത്. ടിനി ടോമും ലക്ഷ്മിപ്രിയയുമായുള്ള പ്രശ്നങ്ങൾ വളരെ വ്യക്തിപരമാണെന്ന് അൻസിബ അയച്ച മെയിലിൽ പറഞ്ഞു. ലക്ഷ്മിപ്രിയയുമായുള്ള തർക്കം സംഘടനയുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് അമ്മയുടെ പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും അൻസിബ ചൂണ്ടിക്കാട്ടുന്നു.

ടിനി ടോമുമായുള്ള വിഷയം ഇതിലും ഗുരുതരമായ സ്വഭാവമുള്ളതാണ്, അത് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് റിപ്പോർട്ടുണ്ട്. ഇവർ രണ്ടുപേരുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്ന് സംഘടനയ്ക്ക് അറിയാമായിരുന്നു. പരാതികളും മുന്നിലുണ്ടായിരുന്നു. എന്നാൽ യാതൊരു നടപടിയും അമ്മ സംഘടന സ്വീകരിച്ചില്ല. 'അമ്മ'യുടെ നിയമങ്ങളുടെ ആർട്ടിക്കിൾ 5 പ്രകാരമുള്ള ഏത് വകുപ്പാണ് താൻ ലംഘിച്ചതെന്നും ആരോപിക്കപ്പെട്ട ലംഘനത്തിൻ്റെ കൃത്യമായ സ്വഭാവം എന്നിവ വ്യക്തമാക്കണമെന്നുമാണ് അൻസിബ അയച്ച മെയിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അൻസിബയുടെ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനത്തെ ബാധിച്ചു. വിശദീകരണം സംഘടനയ്ക്ക് തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്ന് നോട്ടീസിൽ പറയുന്നു. പ്രശ്‌നങ്ങൾ സംഘടനയിൽ തീർക്കാമായിരുന്നു. അതിന് മുതിരാതെ വിവാദം പുറത്തേക്ക് വലിച്ചിഴച്ചു. സംഘടനയുടെ പ്രതിച്ഛായയെ ബാധിച്ചു. ബൈലോ പിന്തുടരാൻ ബാധ്യതപ്പെട്ട ഭാരവാഹി തന്നെ പുറത്ത് ആരോപണം ഉന്നയിച്ചു തുടങ്ങിയ ആരോപണം നോട്ടീസിലുണ്ട്. ജൂൺ 17-നുള്ളിൽ അൻസിബ രേഖാമൂലം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: Malayalam actress Ansiba Hassan has sent an email to AMMA demanding specific clarity on which section of the association's bylaw she allegedly violated before she provides a formal explanation to their show-cause notice regarding her public comments against Tiny Tom and Lakshmi Priya.