'കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സാർ’; രമേശ് ചെന്നിത്തലയോട് അൻസിബ ഹസൻ

#Movies Desk
രമേശ് ചെന്നിത്തല, അൻസിബ ഹസൻ | Photo: PTI
രമേശ് ചെന്നിത്തല, അൻസിബ ഹസൻ | Photo: PTI

ക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെ നടി അൻസിബ ഹസൻ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അൻസിബ ഹസൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. എഫ്.ഐ.ആർ. ഇടാത്തതിനെ തുടർന്ന് താൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അൻസിബ വ്യക്തമാക്കി. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്താണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

'പോലീസ് എഫ്.ഐ.ആർ. എടുത്തിട്ടില്ല സാർ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സാർ. എഫ്.ഐ.ആർ. ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ', എന്നാണ് അൻസിബയുടെ കുറിപ്പ്.

കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായി എസ്.എച്ച്.ഒ. അൻസിബയെ അറിയിച്ചു. പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതിൽ അപകീർത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ല. അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അൻസിബ പുറത്തുവിട്ട മറുപടിയിൽ ഉള്ളത്.

കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ച് അറിയിച്ചു. ഉടൻ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണർ തന്നെ അറിയിച്ചത്. കേസെടുത്താൽ പിന്നെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ.

'നടി എന്നെ ഫോണിൽ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്.ഐ.ആർ. ഇടുന്നില്ല എന്ന് പറഞ്ഞു. കമ്മിഷണറെ വിളിച്ചപ്പോൾ എഫ്.ഐ.ആർ. ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്.ഐ.ആർ. ഇട്ടാൽ ഞാൻ അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാൻ ഇടപെടുന്നതാണ് തെറ്റ്. എഫ്.ഐ.ആർ. ഇട്ടാൽ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്', രമേശ് ചെന്നിത്തല പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിൽ അശ്ലീലപ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.

Content Highlights: Actress Ansiba Hassan publicly refuted Home Minister Ramesh Chennithala's statement regarding her cyber-bullying complaint against actress Lakshmipriya. While the Minister claimed an FIR was filed and an investigation had commenced, Ansiba clarified that the police have actually refused to register an FIR. Taking to Facebook, she alleged that the Ernakulam City Police Commissioner had blatantly misled the Home Minister about the status of the case. Ansiba also shared a copy of the official police reply, which stated that only a defamation suit would stand and advised her to approach the court directly. The original complaint was filed by Ansiba against Lakshmipriya and Shwetha Menon for allegedly making defamatory and obscene remarks against her in a recent YouTube interview