അൻസിബയുടെ പരാതി: ലക്ഷ്മിപ്രിയയ്ക്കും വനിതാ SIക്കുമെതിരെ കേസെടുക്കണമെന്ന് കോടതി

#മൂവി ഡെസ്ക്
ലക്ഷ്മിപ്രിയ, അൻസിബ | ഫോട്ടോ: Facebook
ലക്ഷ്മിപ്രിയ, അൻസിബ | ഫോട്ടോ: Facebook

കൊച്ചി: അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ SI രേഷ്മ തുടങ്ങിയവർക്കെതിരെ കേസെടുക്കാൻ പോലീസിന് കോടതിയുടെ നിർദേശം. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നിർദേശം. വ്യാജ പരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്ന അൻസിബയുടെ പരാതിയിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്ന് കോടതി ഹിൽ പാലസ് പോലീസിനോട് നിർദ്ദേശിച്ചു.

ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് അൻസിബയെ മുൻപ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ഈ പരാതി തികച്ചും വ്യാജമാണെന്നും, തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. നിയമവിരുദ്ധമായി തന്നെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും അൻസിബ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

സ്റ്റേഷനിൽ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നൽകിയിരിക്കുന്നത്. ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. പിന്നാലെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. എന്നാൽ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.

നിലവിൽ കോടതി ഉത്തരവിട്ടതോടെ ഈ കേസിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ് നിർബന്ധിതരായിരിക്കുകയാണ്. ലക്ഷ്മിപ്രിയക്കും വനിതാ എസ്ഐക്കുമെതിരായ ആരോപണങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും. നേരത്തേ അൻസിബയുടെ പരാതിയിൽ കോടതി നിർദേശത്തെത്തുടർന്ന് നടൻ ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിൽ ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.

Content Highlights: Marking a massive second consecutive legal victory for actress Ansiba Hassan amidst the chaotic civil war within the Association of Malayalam Movie Artistes (AMMA), the Thripunithura Magistrate Court has directed the police to register a First Information Report (FIR) against actress Lakshmipriya and Thripunithura Women's Cell Sub-Inspector Reshma. The court rejected an initial clean-chit report submitted by the local police and strictly ordered the Hill Palace Police to launch a comprehensive criminal investigation into the matter.