മൂന്നുമണിക്കൂർ പോലീസ് സ്റ്റേഷനിലിരുന്നു, ആ ട്രോമ മാറിയിട്ടില്ല, എല്ലാംകൊണ്ടും മടുത്താണ് രാജി-അൻസിബ

ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് നടി അൻസിബ ഹസൻ. ഒരു ചെറിയ കാര്യം പറഞ്ഞ് വളച്ചൊടിച്ച് തനിക്കെതിരെ വ്യാജ പരാതി കൊടുത്തു. മൂന്നു മണിക്കൂർ പോലീസ് സ്റ്റേഷനിൽ അക്ഷരാർത്ഥത്തിൽ ഉപദ്രവിക്കപ്പെട്ടു. അതിന്റെ ട്രോമ ഇതുവരെ മാറിയിട്ടില്ല. ഒരു കാര്യവുമില്ലാതെ എന്തിനാണങ്ങനെ ചെയ്തതെന്ന് ഇപ്പോഴും രാത്രികളിൽ ആലോചിക്കാറുണ്ടെന്നും അൻസിബ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
“അമ്മ സംഘടനയിൽ ഞാൻ എന്റെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ശരിയെന്ന് തോന്നുന്ന അഭിപ്രായത്തിനൊപ്പം ഞാൻ നിൽക്കാറുണ്ട്. ശരിയല്ലാത്തതിനൊപ്പം നിൽക്കാറുമില്ല. എന്റെ എതിർപ്പ് ഞാൻ പ്രകടിപ്പിക്കും. മിനുട്സിൽ അത് എഴുതാറുമുണ്ട്. ടിനി ടോമിനെതിരെ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചോട്ടേ. എന്നേക്കാൾ വർഷങ്ങൾക്കുമുൻപ് സിനിമയിൽ വന്ന ഒരാളുടെ കാര്യത്തിൽ എനിക്കെന്തിനാണ് ആശങ്ക? ആ കമ്മിറ്റിയിലുള്ളവരിൽ പ്രായംകൊണ്ടാണെങ്കിലും ജോലി കൊണ്ടാണെങ്കിലും ഏറ്റവും ജൂനിയറായ ആൾ ഞാനാണ്.
മതപരിവർത്തനത്തിന്റെ കാര്യം എന്നോട് നേരിട്ട് പറഞ്ഞതല്ല. പല അംഗങ്ങളോടും അദ്ദേഹമത് പറഞ്ഞിട്ടുണ്ട്. അത് കേട്ട എല്ലാവരും എനിക്ക് അനുകൂലമായി സാക്ഷി പറയാൻ വരുമോയെന്ന് എനിക്കറിയില്ല. എക്സിക്യൂട്ടീവ് അംഗമായ നീന കുറുപ്പ് ചേച്ചി ഇക്കാര്യം കേട്ടിട്ടുമുണ്ട്, എന്നോടത് പറഞ്ഞിട്ടുമുണ്ട്.
ഫെബ്രുവരി 21-നാണ് എല്ലാം കൊണ്ടും മടുത്ത് രാജിവെച്ചത്. മൂന്നുമണിക്കൂറാണ് പോലീസ് സ്റ്റേഷനിലിരുന്നത്. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. വ്യക്തിപരമായ കാരണങ്ങളും ജോലിത്തിരക്കുകളും ഉള്ളതുകൊണ്ട് രാജിവെയ്ക്കുന്നുവെന്നാണ് പറഞ്ഞത്. എനിക്കെത്ര ജോലിയുണ്ടെന്ന് ഇവിടെയെല്ലാവർക്കും അറിയാം.
അധികാരത്തർക്കമുണ്ടോയെന്ന് അറിയില്ല. ഞാൻ അമ്മയുടെ വർക്കിങ് കമ്മിറ്റിയിലും പിന്നീട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുമുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറിയായി മത്സരിക്കാൻ തയ്യാറെടുത്ത അന്നുമുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അനൂപ് ചന്ദ്രൻ എനിക്കെതിരെ വീഡിയോ വരെ പോസ്റ്റ് ചെയ്തു. അതിനെതിരെ ഞാൻ പരാതി കൊടുത്തിരുന്നു. ആ പരാതി അവിടെ സ്വീകരിച്ചിട്ടില്ല. അമ്മയുടെ നിയമാവലി അനുസരിച്ച് അസോസിയേഷനെതിരെ സംസാരിക്കുന്നവരെ പുറത്താക്കാൻപറ്റും. അമ്മയ്ക്കെതിരെ സംസാരിച്ച ചില സ്ത്രീകളുമുണ്ട്. അവരെയും പുറത്താക്കുമെന്നാണ് എനിക്ക് കിട്ടിയ മറുപടി. എനിക്കുവേണ്ടി സംസാരിച്ചവരെ പുറത്താക്കേണ്ട എന്നുവിചാരിച്ചാണ് ആ പരാതിയുടെ പിന്നാലെ ഞാൻ പോയില്ല. അതന്വേഷിക്കാൻപോലും ആരും ശ്രമിച്ചില്ല." അൻസിബ പറഞ്ഞു.
അമ്മയിൽ നിന്നും താൻ രാജിവെയ്ക്കാൻ കാരണം ടിനി ടോമാണെന്നാണ് അൻസിബ ആരോപിച്ചത്. തന്നെ ജിഹാദിയെന്ന് വിളിച്ചു. മതം മാറ്റാൻ ശ്രമം നടത്തിയെന്ന് പറഞ്ഞു. തനിക്ക് പലരുമായും അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി ടിനി ടോമും രംഗത്തെത്തി. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Speaking to reporters at the Kochi International Airport, actress Ansiba Hassan made a heartbreaking revelation. She disclosed that she was forced to sit in a police station for three hours due to a fabricated complaint twisted out of a minor issue. "I was literally harassed there. I still stay up at night wondering why they did that to me; the trauma hasn't left me," she shared.