രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ല, അദ്ദേഹത്തിന്റെ ആത്മാർഥ ശ്രമങ്ങളെ മാനിക്കുന്നു- അൻസിബ ഹസൻ

#Movies Desk
ടിനി ടോം, അൻസിബ ഹസൻ, രമേഷ് പിഷാരടി | Photo: Facebook/ Tiny Tom, Ansiba Hassan, Ramesh Pisharody
ടിനി ടോം, അൻസിബ ഹസൻ, രമേഷ് പിഷാരടി | Photo: Facebook/ Tiny Tom, Ansiba Hassan, Ramesh Pisharody

നടൻ ടിനി ടോമുമായുള്ള പ്രശ്നത്തിൽ ഇടപെട്ട എം.എൽ.എ. കൂടിയായ രമേഷ് പിഷാരടിയെ താൻ കുറ്റപ്പെടുത്തിയെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് നടി അൻസിബ ഹസൻ. വിഷയത്തിൽ മധ്യസ്ഥം വഹിക്കാൻ പിഷാരടി സ്വീകരിച്ച ആത്മാർഥ ശ്രമങ്ങളെ താൻ പൂർണമായും മാനിക്കുന്നുവെന്ന് നടി സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തമാക്കി. തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'ടിനി ടോമുമായുള്ള വിഷയത്തിൽ അനുരഞ്ജനത്തിന് ആത്മാർഥമായി മുൻകൈ എടുത്ത രമേഷ് പിഷാരടിയെ ഞാൻ കുറ്റപ്പെടുത്തിയതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അത് പൂർണമായും വസ്തുതാവിരുദ്ധമാണ്', നടി വ്യക്തമാക്കി.

വിഷയത്തിൽ ടിനി ടോം ആവശ്യപ്പെട്ടപ്രകാരം മാപ്പ് എഴുതി നൽകണമെന്ന കാര്യം എന്നെ അറിയിക്കുക മാത്രമാണ് രമേഷ് പിഷാരടി ചെയ്തത്. അദ്ദേഹം സഹപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും വിഷയത്തിൽ മധ്യസ്ഥം വഹിക്കാൻ എടുത്ത ആത്മാർഥമായ ശ്രമങ്ങളെ പൂർണമായും മാനിക്കുന്നു. അദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു', അൻസിബ കൂട്ടിച്ചേർത്തു.

ടിനി ടോം മാപ്പ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടതായി പിഷാരടി തന്നെ അറിയിച്ചിരുന്നുവെന്ന് ശനിയാഴ്ച രാവിലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അൻസിബ പറഞ്ഞിരുന്നു. പരാതിക്കാരി മാപ്പ് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇതെന്താ വെള്ളരിക്കാ പട്ടണമോ എന്നും അൻസിബ ചോദിച്ചു.

രമേഷ് പിഷാരടിയുമായി ശ്വേത മേനോൻ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ടിനി ടോമും അൻസിബയുമായുള്ള നിയമപ്രശ്‌നം അവസാനിപ്പിക്കാൻ താൻ ഇടപെട്ട കാര്യം പിഷാരടി ശ്വേതയോട് പറയുന്നതായി ഓഡിയോയിൽ വ്യക്തമാണ്. ടിനി ടോമിന്റെ അഭിഭാഷകൻ അംഗീകരിക്കാൻ കഴിയാത്ത ആവശ്യം മുന്നോട്ടുവെച്ചതായും ഓഡിയോയിൽ പിഷാരടി പറയുന്നുണ്ട്. അതേസമയം, വ്യക്തിപരമായി സംസാരിച്ച ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനുപിന്നിൽ രമേഷ് പിഷാരടിയെ തകർക്കാനുള്ള രാഷ്ട്രീയ അജൻഡയാണെന്ന് അൻസിബ ആരോപിച്ചിരുന്നു.

Content Highlights: Actress Ansiba Hasan clarified that reports claiming she blamed Ramesh Pisharody in her ongoing issue with Tini Tom are entirely baseless. She emphasized that she fully respects Pisharody's sincere efforts as a colleague and MLA to mediate and resolve the dispute between them. According to Ansiba, Pisharody was merely conveying Tini Tom's demand for a written apology, which she had strongly questioned during a press conference. The controversy gained momentum after a leaked audio clip surfaced showing Pisharody discussing the legal settlement terms with Shwetha Menon. Ansiba further claimed that leaking this private phone conversation was part of a targeted political agenda aimed at tarnishing Ramesh Pisharody's reputation